ആഗോളതലത്തിൽ ഭാവിയിൽ കൂടുതൽ വൈദ്യുതോർജ്ജം ആവശ്യമായി വരുമെന്നും എന്നാൽ വൈദ്യുതി വിതരണത്തിലുണ്ടാകുന്ന നഷ്ടവും ചോർച്ചയും കുറയ്ക്കാൻ ശക്തമായ നടപടികൾ ഉണ്ടാകണമെന്നും യുഎഇ ഊർജ്ജ-അടിസ്ഥാന സൗകര്യ വികസന മന്ത്രി സുഹൈൽ അൽ മസ്രൂയി. മുൻ ദശാബ്ദങ്ങളിൽ നമ്മൾ പിന്തുടർന്ന കാര്യക്ഷമതയും രീതികളും ഇനി വരുന്ന കാലത്ത് ഫലപ്രദമാകില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. മിഡിൽ ഈസ്റ്റ് എനർജി സമ്മേളനത്തിന്റെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പുനരുപയോഗ ഊർജ്ജം, സൗരോർജ്ജം തുടങ്ങിയ ശുദ്ധമായ ഊർജ്ജ സ്രോതസ്സുകളിലേക്ക് ഗൾഫ് മേഖല അതിവേഗം മാറേണ്ടതുണ്ട്. ആർക്കും പ്രത്യേക പരിഗണന നൽകാനല്ല, മറിച്ച് നിലവിലെ സാഹചര്യത്തിൽ ഇത് മാത്രമാണ് പ്രായോഗികമായ വഴി എന്നതുകൊണ്ടാണ് ഊർജ്ജ മേഖലയിലെ ഈ മാറ്റമെന്നും അൽ മസ്രൂയി ചൂണ്ടിക്കാട്ടി. മേഖലയിൽ ഉണ്ടാകുന്ന രാഷ്ട്രീയവും ഭൂരാഷ്ട്രീയവുമായ മാറ്റങ്ങൾ കണക്കിലെടുക്കുമ്പോൾ വൈദ്യുതി ഉത്പാദനം മുതൽ വിതരണം വരെയുള്ള മുഴുവൻ സംവിധാനങ്ങളും കൂടുതൽ പ്രതിരോധശേഷിയുള്ളതാക്കി മാറ്റേണ്ടത് അത്യാവശ്യമാണ്.
ഊർജ്ജ സ്രോതസ്സുകൾ വൈവിധ്യവത്കരിക്കുന്നതിന്റെ ഭാഗമായി 2030-2031 വർഷത്തോടെ രാജ്യത്തെ ആകെ ഊർജ്ജത്തിന്റെ 35 ശതമാനം ശുദ്ധോർജ്ജത്തിൽ നിന്നാക്കി മാറ്റാനുള്ള ലക്ഷ്യം യുഎഇ പുനർനിർണ്ണയിച്ചതായും മന്ത്രി പ്രഖ്യാപിച്ചു. സൗരോർജ്ജ ഉത്പാദനത്തിൽ യുഎഇയും സമീപ രാജ്യങ്ങളും വളരെ അനുയോജ്യമായ ഭൂമിശാസ്ത്രപരമായ സ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത്.
ലോകത്തിലെ ഏറ്റവും വലിയ ഒറ്റത്തവണ സൗരോർജ്ജ നിലയമായ അൽ ധാഫ്ര സോളാർ യുഎഇയിലാണ് പ്രവർത്തിക്കുന്നത്. അഞ്ച് ഗിഗാവാട്ട് സൗരോർജ്ജം ഉത്പാദിപ്പിക്കുന്ന ഈ പദ്ധതിക്ക് പിന്തുണയായി 19.5 ഗിഗാവാട്ട് സംഭരണ ശേഷിയുള്ള കൂറ്റൻ ബാറ്ററി സംവിധാനവുമുണ്ട്. ഈ സാങ്കേതികവിദ്യയിലൂടെ തടസ്സമില്ലാതെ, 24 മണിക്കൂറും സൗരോർജ്ജം ലഭ്യമാക്കാൻ രാജ്യത്തിന് സാധിക്കുമെന്ന് ഊർജ്ജ മന്ത്രി കൂട്ടിച്ചേർത്തു.
Content Highlights: The UAE has announced a new energy policy aimed at ensuring sufficient electricity to meet rising future demand. The policy focuses on strengthening the energy sector, expanding power generation capacity and supporting sustainable energy development.