ഇലോൺ മസ്കിന്റെ സ്പേസ് എക്സിന് കീഴിലുള്ള 'സ്റ്റാർലിങ്ക്' സാറ്റലൈറ്റ് ഇന്റർനെറ്റ് സേവനങ്ങൾക്ക് യുഎഇയിൽ തുടക്കമായി. രാജ്യത്ത് ഇന്റർനെറ്റ് സേവനങ്ങൾ നൽകുന്നതിനായി യുഎഇ ടെലികമ്മ്യൂണിക്കേഷൻസ് ആൻഡ് ഡിജിറ്റൽ ഗവൺമെന്റ് റെഗുലേറ്ററി അതോറിറ്റി 10 വർഷത്തെ ലൈസൻസാണ് കമ്പനിക്ക് അനുവദിച്ചിരിക്കുന്നത്. പ്രഖ്യാപനം വന്നതോടെ മികച്ച പ്രതികരണമാണ് വിപണിയിൽ ലഭിക്കുന്നത്.
സാധാരണക്കാർക്കും ബിസിനസ് സ്ഥാപനങ്ങൾക്കും അനുയോജ്യമായ രീതിയിൽ ആകർഷകമായ പ്ലാനുകളോടെയാണ് സ്റ്റാർലിങ്ക് യുഎഇയിൽ ലഭ്യമാക്കിയിരിക്കുന്നത്. അടിസ്ഥാന ഗാർഹിക ആവശ്യങ്ങൾക്കുള്ള 'റെസിഡൻഷ്യൽ ലൈറ്റ്' പ്ലാനിന് പ്രതിമാസം 230 ദിർഹമാണ് നിരക്ക്. പരിധിയില്ലാത്ത ഡാറ്റ ലഭിക്കുന്ന 'സ്റ്റാൻഡേർഡ് റെസിഡൻഷ്യൽ' പ്ലാനിന് 300 ദിർഹവും യാത്രകളിൽ ഉപയോഗിക്കാവുന്ന റോമിംഗ് പ്ലാനുകൾക്ക് 190 ദിർഹം മുതൽ 370 ദിർഹം വരെയുമാണ് മാസവാടക. സാറ്റലൈറ്റ് ഡിഷ്, റൂട്ടർ, കേബിളുകൾ എന്നിവ അടങ്ങുന്ന ഹാർഡ്വെയർ കിറ്റിന് 1,465 ദിർഹം ഒറ്റത്തവണ ചെലവ് വരും.
സെക്കൻഡിൽ 400 മെഗാബിറ്റ്സ് (Mbps) വരെ ഉയർന്ന വേഗതയിലാണ് ഇന്റർനെറ്റ് ലഭിക്കുക. നിലവിൽ ദുബായ്, അബുദാബി തുടങ്ങിയ മേഖലകളിൽ സ്റ്റാർലിങ്ക് ഇന്റർനെറ്റിന് നിരവധി ആവശ്യക്കാരാണുള്ളത്. ഇതോടെ കൂടുതൽ ഉപഭോക്താക്കൾ ഇന്റർനെറ്റ് സേവനം ലഭിക്കാനായി കാത്തിരിക്കുകയാണ്. 285.71 ദിർഹം ഡെപ്പോസിറ്റ് നൽകി മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്ക് പിന്നീട് ഉപകരണങ്ങൾ വാങ്ങുമ്പോൾ ഈ തുക കഴിച്ചുള്ള തുക നൽകിയാൽ മതിയാകും.
വീടുകൾക്ക് പുറമെ കപ്പലുകൾ, വിമാനങ്ങൾ, ബിസിനസ് സംരംഭങ്ങൾ, ഗവൺമെന്റ് സ്ഥാപനങ്ങൾ തുടങ്ങിയ നിർണ്ണായക മേഖലകളിലേക്കും ഈ സേവനം വ്യാപിപ്പിക്കും. സ്റ്റാർലിങ്കിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി സ്വന്തം വിലാസത്തിലെ സേവന ലഭ്യത ഉറപ്പാക്കിയ ശേഷം മാത്രമേ കിറ്റുകൾ ഓർഡർ ചെയ്യാൻ പാടുള്ളൂ. വിദേശത്തു നിന്നോ വ്യാജ വിതരണക്കാരിൽ നിന്നോ വാങ്ങുന്ന കിറ്റുകൾ യുഎഇയിൽ പ്രവർത്തിച്ചേക്കില്ലെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു.
Content Highlights: Starlink has officially begun its high-speed internet service in the UAE, marking its entry into the country’s internet market. The service has received a positive response, with users showing strong interest in Starlink’s connectivity offering.