ഷാർജയിൽ നിന്ന് ദുബായിലേക്ക് ഇനി വേഗത്തിലെത്താം; എമിറേറ്റ്‌സ് റോഡിൻ്റെ പുതിയ ഭാഗം ഈ മാസം അവസാനം തുറക്കും

പ്രധാനപ്പെട്ട വാണിജ്യ വ്യവസായ മേഖലകളേയും വലിയ പാര്‍പ്പിട കേന്ദ്രങ്ങളേയും ബന്ധിപ്പിക്കുന്ന പാതയിലെ ഗതാഗതക്കുരുക്ക് ലഘൂകരിക്കാന്‍ ഇനിയും പദ്ധതികള്‍ നടപ്പാക്കുമെന്നും ആര്‍ടിഎ അറിയിച്ചു

ഷാര്‍ജയില്‍ നിന്ന് ദുബായിലെ വാദി അല്‍ അമര്‍ദി ഭാഗത്തേക്ക് ഇനി വേഗത്തില്‍ യാത്രചെയ്യാം. റോഡ് വികസന പദ്ധതിയുടെ ഭാഗമായി എമിറേറ്റ്‌സ് റോഡിന്റെ പുതിയ ഭാഗം ഈ മാസം 30 ന് പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കും. അഞ്ച് കിലോമീറ്റര്‍ നീളത്തില്‍ നിര്‍മിച്ച പുതിയ രണ്ട് ലെയ്‌നുകളാണ് ഗതാഗതത്തിനായി സജ്ജമാക്കിയിരിക്കുന്നതെന്ന് ദുബായ് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ) അറിയിച്ചു. വടക്കന്‍ എമിറേറ്റുകളില്‍ നിന്നും ഷാര്‍ജയില്‍ നിന്നും ദുബായിലേക്ക് പ്രതിദിനം യാത്ര ചെയ്യുന്ന ആയിരക്കണക്കിന് യാത്രക്കാര്‍ക്ക് വലിയ ആശ്വാസമാണ് ഇത്.

പാതയിലെ ലൈനുകളുടെ എണ്ണം ആറില്‍ നിന്നും എട്ടായി ഉയര്‍ത്തിയിട്ടുണ്ട്. ഇതോടെ മണിക്കൂറില്‍ 12,000 വാഹനങ്ങള്‍ കടന്നുപോകുന്ന സ്ഥാനത്ത് ഇനി 16,000 വാഹനങ്ങള്‍ക്ക് ഒരേസമയം സുഗമമായി സഞ്ചരിക്കാന്‍ സാധിക്കും. റോഡിന്റെ ശേഷിയില്‍ 33 ശതമാനത്തിന്റെ വര്‍ധനവാണ് ഇതിലൂടെ ഉണ്ടാകുന്നത്. തിരക്കേറിയ സമയങ്ങളില്‍ യാത്രക്കാര്‍ക്ക് അനുഭവപ്പെടുന്ന സമയനഷ്ടങ്ങളില്‍ 25 ശതമാനത്തിന്റെ വരെ കുറവുണ്ടാകുമെന്നും ആര്‍ടിഎ വ്യക്തമാക്കി.

ദുബായിയുടേയും മറ്റ് വടക്കന്‍ എമിറേറ്റുകളേയും തന്ത്രപ്രധാനമായി ബന്ധിപ്പിക്കുന്ന പാതയായ എമിറേറ്റ്‌സ് റോഡിലൂടെ ഇരുദിശകളിലേക്കുമായി പ്രതിദിനം 2,40,000 ത്തിലേറെ വാഹനങ്ങളാണ് കടന്നുപോകുന്നത്. പ്രധാനപ്പെട്ട വാണിജ്യ വ്യവസായ മേഖലകളേയും വലിയ പാര്‍പ്പിട കേന്ദ്രങ്ങളേയും ബന്ധിപ്പിക്കുന്ന ഈ പാതയിലെ ഗതാഗതക്കുരുക്ക് ലഘൂകരിക്കാന്‍ ഇനിയും പദ്ധതികള്‍ നടപ്പാക്കുമെന്നും ആര്‍ടിഎ അറിയിച്ചു.

Content Highlight: Dubai Roads and Transport Authority will open a new 5-kilometre expansion of Emirates Road, increasing capacity and reducing travel time for motorists travelling from Sharjah to Dubai.

To advertise here,contact us