ദുബായ് റിയൽ എസ്റ്റേറ്റ് വിപണിയിൽ റെക്കോർഡ് കുതിപ്പ് തുടരുന്നു. നിർമ്മാണം പൂർത്തിയാകുന്നതിന് തൊട്ടുമുമ്പ് തന്നെ പ്രോപ്പർട്ടികൾ വിറ്റഴിയുന്ന പ്രവണതയാണ് നഗരത്തിൽ ഇപ്പോൾ ദൃശ്യമാകുന്നത്. 2026-ൽ വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്ന വീടുകളിൽ വലിയൊരു പങ്ക് നിർമ്മാണ ഘട്ടത്തിൽ തന്നെ സ്വന്തമാക്കാൻ നിക്ഷേപകരും ഉപഭോക്താക്കളും മത്സരിക്കുകയാണ്.
പുതിയ റിപ്പോർട്ടുകൾ പ്രകാരം, 2026-ൽ ദുബായിൽ കൈമാറ്റത്തിന് തയ്യാറാകുന്ന 96,585 വീടുകളിൽ 80,000-ത്തിലധികം യൂണിറ്റുകളും ഇതിനകം വിറ്റഴിഞ്ഞു കഴിഞ്ഞു. അതായത് വിപണിയിലെത്തുന്ന വീടുകളിൽ ഏകദേശം 83 ശതമാനത്തിനും മുൻകൂട്ടി തന്നെ ഉടമകളെ ലഭിച്ചു. അപ്പാർട്ട്മെന്റുകളാണ് വില്പനയിൽ മുന്നിലെങ്കിലും ആവശ്യക്കാരുടെ കാര്യത്തിൽ ഏറ്റവും വലിയ ഡിമാൻഡ് വില്ലകൾക്കാണ്. ഈ വർഷം കൈമാറാനിരിക്കുന്ന 5,376 വില്ലകളിൽ 95 ശതമാനവും ഇതിനകം വിറ്റുപോയിട്ടുണ്ട്.
ദുബായിലെ റെസിഡൻഷ്യൽ മേഖലകളിൽ 100 ശതമാനം വില്പനയെന്ന അപൂർവ്വ നേട്ടവും റിപ്പോർട്ട് ചെയ്യുന്നുണ്ട്. അൽ വസൽ മേഖലയിൽ കൈമാറാനിരിക്കുന്ന 637 അപ്പാർട്ട്മെന്റുകളും വിറ്റഴിഞ്ഞു. കൂടാതെ വാദി അൽ സഫ 5, നാദ് അൽ ഷെബ ഫസ്റ്റ്, അൽ ഹെബിയ സിക്സ്ത് എന്നീ സ്ഥലങ്ങളിലെ എല്ലാ വില്ല യൂണിറ്റുകളും വിറ്റുപോയിട്ടുണ്ട്. നഗരമധ്യത്തിലെ പ്രധാന ഹബ്ബുകളായ ഡൗൺടൗൺ ദുബായിൽ 97 ശതമാനവും ബിസിനസ് ബേയിൽ 89 ശതമാനവും അപ്പാർട്ട്മെന്റുകൾ കൈമാറ്റത്തിന് മുന്നേ ഉടമസ്ഥരെ കണ്ടെത്തി.
നിലവിൽ 5.64 ലക്ഷത്തിലധികം റെസിഡൻഷ്യൽ പ്രോപ്പർട്ടികളുടെ നിർമ്മാണ പ്രവർത്തനങ്ങളാണ് ദുബായിൽ വിവിധ ഘട്ടങ്ങളിലായി പുരോഗമിക്കുന്നത്. വ്യാപ്തി ഇത്രത്തോളമുണ്ടെങ്കിലും ഇവയിൽ 75 ശതമാനത്തോളം യൂണിറ്റുകളും ഇതിനകം വിറ്റഴിഞ്ഞുവെന്നത് വിപണിയുടെ കരുത്ത് വ്യക്തമാക്കുന്നു. ദുബായ് ലാൻഡ് ഡിപ്പാർട്ട്മെന്റിന്റെ കണക്കുകൾ പ്രകാരം 2026-ന്റെ ആദ്യ പകുതിയിൽ മാത്രം 24,500-ലധികം റിയൽ എസ്റ്റേറ്റ് യൂണിറ്റുകൾ നിർമ്മാണം പൂർത്തിയാക്കിയിട്ടുണ്ട്.
പുതിയ പ്രോപ്പർട്ടികൾ വലിയ തോതിൽ വിപണിയിലേക്ക് എത്തുന്നുണ്ടെങ്കിലും അതിനേക്കാൾ വേഗത്തിൽ അവ വിറ്റുപോകുന്നത് ദുബായിലെ റിയൽ എസ്റ്റേറ്റ് മേഖലയിലുള്ള അന്താരാഷ്ട്ര നിക്ഷേപകരുടെ അചഞ്ചലമായ വിശ്വാസത്തെയാണ് കാണിക്കുന്നത്. വില്ലകൾക്കും പ്രധാന കമ്മ്യൂണിറ്റികൾക്കും ലഭിക്കുന്ന ഈ വൻ ഡിമാൻഡ് വരും വർഷങ്ങളിലും ദുബായ് പ്രോപ്പർട്ടി മാർക്കറ്റിന്റെ കുതിപ്പ് തുടരുമെന്ന സൂചനയാണ് നൽകുന്നത്.
Content Highlights: Dubai’s real estate sector has achieved record growth, attracting a large number of foreign investors looking to purchase properties. Strong demand and global investor confidence continue to boost the property market.