പ്രവാസി കുടുംബങ്ങൾക്ക് താമസച്ചെലവേറും; റാസൽഖൈമയിൽ ഫ്ലാറ്റ്, വില്ല വാടക ഉയർന്നേക്കും

റാസൽഖൈമയിലേക്ക് പുതിയ തൊഴിലവസരങ്ങൾ തേടിയെത്തുന്ന പ്രവാസികളുടെ എണ്ണം വർദ്ധിച്ചതും ടൂറിസം മേഖലയിലെ ഉണർവുമാണ് വാടക ഉയരാൻ പ്രധാന കാരണം

യുഎഇയിൽ റാസൽഖൈമയിൽ താമസിക്കുന്ന പ്രവാസി കുടുംബങ്ങൾക്ക് വരും മാസങ്ങളിൽ താമസച്ചെലവ് ഉയർന്നേക്കുമെന്ന് സൂചന നൽകി റിയൽ എസ്റ്റേറ്റ് വിപണി റിപ്പോർട്ടുകൾ. പ്രവാസി കുടുംബങ്ങൾ കൂടുതലായി ആശ്രയിക്കുന്ന ജനപ്രിയ താമസമേഖലകളിൽ വാടക നിരക്കുകൾ കുത്തനെ ഉയരുകയാണ്. 2026-ന്റെ രണ്ടാം പാദത്തിൽ വില്ലകളുടെ വാടകയിൽ എട്ട് ശതമാനം വരെയും അപ്പാർട്ട്മെന്റ് വാടകയിൽ 7.1 ശതമാനം വരെയും വാർഷിക വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

മലയാളികൾ അടക്കമുള്ള പ്രവാസികൾ ഏറെ താമസിക്കുന്ന ഖുസാം, അൽ ധൈത്, അൽ നഖീൽ തുടങ്ങിയ ഇടങ്ങളിലാണ് വാടകയിൽ ഏറ്റവും വലിയ കുതിച്ചുചാട്ടമുണ്ടായിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം അപ്പാർട്ട്മെന്റ് വാടകയിൽ ഖുസാമിൽ 41 ശതമാനവും അൽ ധൈതിൽ 30.9 ശതമാനവും അൽ നഖീലിൽ 25.3 ശതമാനവും വർദ്ധനവാണുണ്ടായത്. കൂടുതൽ വലിയ സൗകര്യങ്ങളുള്ള വീടുകൾക്ക് ആവശ്യക്കാർ ഏറിയതോടെ ടൗൺഹൗസുകളുടെ വാടക 27 ശതമാനവും ടു-ബെഡ്‌റൂം ഫ്ലാറ്റുകളുടെ വാടക 23 ശതമാനവുമാണ് ഉയർന്നത്.

റാസൽഖൈമയിലേക്ക് പുതിയ തൊഴിലവസരങ്ങൾ തേടിയെത്തുന്ന പ്രവാസികളുടെ എണ്ണം വർദ്ധിച്ചതും ടൂറിസം മേഖലയിലെ ഉണർവുമാണ് വാടക ഉയരാൻ പ്രധാന കാരണം. വിൻ അൽ മർജാൻ ഐലൻഡ് പോലുള്ള കൂറ്റൻ വികസന പദ്ധതികൾ വരുന്നതോടെ പുതിയ താമസക്കാർ ഇങ്ങോട്ടേക്ക് ഒഴുകിയെത്തുന്നുണ്ട്. എന്നാൽ നിലവിൽ ആവശ്യത്തിന് അനുസരിച്ച് പുതിയ വീടുകൾ ലഭ്യമാകാത്തത് വാടക വീണ്ടും കൂട്ടാൻ ഇടയാക്കുന്നു.

അതേസമയം, ചോദിക്കുന്ന ഉയർന്ന വാടക തുകയിൽ വിട്ടുവീഴ്ച ചെയ്യാൻ പ്രവാസികളായ വാടകക്കാരും കെട്ടിട ഉടമകളും തമ്മിൽ ചർച്ചകൾ സജീവമാണെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു. വരും മാസങ്ങളിലും റാസൽഖൈമയിലെ വാടക നിരക്കുകൾ ഉയർന്ന നിലയിൽ തന്നെ തുടരാൻ സാധ്യതയുള്ളതിനാൽ പ്രവാസികൾ തങ്ങളുടെ താമസ ബജറ്റിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തേണ്ടിവരും.

Content Highlights: Rental costs in Ras Al Khaimah are expected to rise, increasing housing expenses for expatriate families. The potential increase in apartment and villa rents could impact the monthly budgets of residents in the emirate.

To advertise here,contact us