യുഎഇയില്‍ അവശ്യവസ്തുക്കളുടെ വില താരതമ്യം ചെയ്യാന്‍ പുതിയ പ്ലാറ്റ്ഫോം അവതരിപ്പിച്ച് സാമ്പത്തിക ടൂറിസം മന്ത്രാലയം. പാലുത്പ്പന്നങ്ങള്‍, മത്സ്യം, മാംസം, പച്ചക്കറികള്‍, പഴവര്‍ഗങ്ങള്‍, പലചരുക്കുകള് അടക്കമുള്ളവയുടെ വില വിവരങ്ങള്‍ ഈ പ്ലാറ്റ്ഫോമില്‍ ലഭിക്കും. ഉത്പന്നങ്ങളുടെ വിലനിര്‍ണയത്തില്‍ സുതാര്യത ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
കുറഞ്ഞനിരക്കില്‍ ഗുണമേന്മയുള്ള സാധനങ്ങള്‍ എവിടെ ലഭിക്കും എന്ന് മനസിലാക്കുന്നതിനൊപ്പം ഓരോ ഷോപ്പിലെയും വിലവിവരങ്ങള്‍ താരതമ്യം ചെയ്യാനുള്ള അവസരം കൂടിയാണ് സാമ്പത്തിക ടൂറിസം മന്ത്രാലയം ഏര്‍പ്പെടുത്തിയിരിക്കുന്നത്. എസെന്‍ഷ്യല്‍ ഗുഡ്സ് പ്രൈസസ് പ്ലാറ്റ്ഫോം എന്ന പേരിലാണ് പുതിയ പ്ലാറ്റ് ഫോം ജനങ്ങള്‍ക്കായി അവതരിപ്പിച്ചിരിക്കുന്നത്. കുറഞ്ഞനിരക്കില്‍ സാധനങ്ങള്‍ വാങ്ങാന്‍ താമസക്കാര്‍ക്ക് ഏറെ സഹായകമാകുന്നതാണ് പുതിയ സംരഭം.
പാലുത്പ്പന്നങ്ങള്‍, മത്സ്യം, മാംസം, പച്ചക്കറികള്‍, പഴവര്‍ഗങ്ങള്‍ പലചരുക്കുകള് തുടങ്ങിയ ഉത്പ്പന്നങ്ങളുടെ വില വിവരങ്ങള്‍ ഈ പ്ലാറ്റ്ഫോമില്‍ ലഭിക്കും. കുക്കിംഗ് ഓയില്‍, അരി, ഗോതമ്പ് അടക്കമുള്ളവയുടെ വില വിവരങ്ങളും താരതമ്യം ചെയ്യാന്‍ താമസക്കാര്‍ക്ക് കഴിയും. ആദ്യഘട്ടത്തില്‍ 33 ഉത്പന്നങ്ങളാണ് പ്ലാറ്റ്ഫോമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. രാജ്യത്തുടനീളമുള്ള 12 പ്രധാന റീട്ടെയില്‍ ഔട്ട്ലെറ്റുകളിലെ വിലകള്‍ തത്സമയം അറിയാന്‍ കഴിയുന്ന രീതിയിലാണ് ക്രമീകരണം. ഓരോ ഉത്പന്നങ്ങളുയെടും കുറഞ്ഞതും കൂടിയതുമായി വിലകള്‍ ഇതിലൂടെ മനസിലാക്കാനാകും.
വിവിധ ബ്രാഞ്ചുകളിലെ വിലകളും താരതമ്യം ചെയ്യാനാകും. ഉത്പന്നങ്ങളുടെ വിലനിര്‍ണയത്തില്‍ സുതാര്യത ഉറപ്പാക്കാന്‍ പുതിയ പ്ലാറ്റ്ഫോമിലൂടെ കഴിയുമെന്ന് യുഎഇ സാമ്പത്തിക ടൂറിസം മന്ത്രിയും ഉപഭോക്തൃസംരക്ഷണ ഉന്നതസമിതി ചെയര്‍മാനുമായ അബ്ദുള്ള ബിന്‍ തൗഖ് അല്‍ മറി അവ്യക്തമാക്കി. രാജ്യത്തെ സ്മാര്‍ട്ട് ഷോപ്പിംഗ് രീതികളെക്കുറിച്ചുള്ള ഉപഭോക്തൃ അവബോധം വര്‍ദ്ധിപ്പിക്കുന്നതിനും പുതിയ പ്ലാറ്റ് ഫോം സഹായകമാകുമെന്നാണ് വിലയിരുത്തല്‍.
Content Highlights: The UAE has introduced a new platform that enables residents to compare the prices of essential goods across different stores. The move aims to enhance price transparency and support smarter consumer choices.