യുഎഇയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഘട്ടം ഘട്ടമായി ക്ലാസ് പഠനത്തിലേക്ക് മാറുന്നു. സര്‍ക്കാര്‍, വാണിജ്യകെട്ടിടങ്ങളിലെ നഴ്സറികള്‍ ഈയാഴ്ച തുറക്കും. മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പഠനരീതി നാളെ പ്രഖ്യാപിക്കും. ഇറാന്റെ അക്രമണങ്ങള്‍ അവസാനിച്ചതിന് പിന്നാലെയാണ് യുഎഇയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഘട്ടം ഘട്ടമായി തുറക്കാന്‍ വിദ്യാഭ്യാസം മന്ത്രാലയം തയ്യാറെടുക്കുന്നത്. ഈ ആഴ്ച മുതല്‍ നഴ്സറികള്‍ തുറക്കാനാണ് തീരുമാനം.
സര്‍ക്കാര്‍, വാണിജ്യ കെട്ടിടങ്ങളിലെ നഴ്സറികളിലാകും ആദ്യം ക്ലാസുകള്‍ ആരംഭിക്കുക. ഇതിന് പുറമെ അംഗീകൃത മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ച് വീട്ടുതല ശിശുപരിചരണ സേവനങ്ങളും അനുവദിക്കും. മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പഠനരീതിയില്‍ വിശദമായ അവലേകത്തിന് ശേഷം നാളെ തീരുമാനം കൈക്കൊള്ളുമെന്ന് മനവ വിഭവശേഷി, വിദ്യാഭ്യാസ, സാമൂഹിക വികസന കൗണ്‍സില്‍ വ്യക്തമാക്കി. ഇത് സംബന്ധിച്ച വിവരങ്ങള്‍ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഔദ്യോഗിക ചാനലുകള്‍ വഴി ലഭ്യമാക്കും.
വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും മറ്റ് ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി വിവിധ നടപടികള്‍ കൈക്കൊണ്ടിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു. നഴ്സറികള്‍, സ്കൂളുകള്‍, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയുടെ സൗകര്യങ്ങള്‍ സജ്ജമാക്കുന്നതിനും ജീവനക്കാരെ പരിശീലിപ്പിക്കുന്നതിനുമായി സമഗ്രമായ പരിപാടികളും ആരംഭിക്കും. ഇതിന് പുറമെ ബന്ധപ്പെട്ട മന്ത്രാലയങ്ങളും പ്രാദേശിക വിദ്യാഭ്യാസ മേഖലയിലെ ഉദ്യോഗസ്ഥരും വിദ്യാഭ്യാസ സ്ഥാപനങ്ങല്‍ സന്ദര്‍ശിച്ചും വിലയിരുത്തലുകള്‍ നടത്തും.
പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങള്‍ക്ക് പിന്നാലെയാണ് സുരക്ഷാ നടപടികളുടെ ഭാഗമായി യുഎഇയിലെ വിദ്യാഭ്യാസം സ്ഥാപനങ്ങളില്‍ ഓണ്‍ലൈന്‍ പഠനം ഏര്‍പ്പെടുത്തിയത്. നിലവില്‍ ഈ മാസം 17 വരെയാണ് രാജ്യത്ത് ഓണ്‍ലൈന്‍ പഠനം പ്രഖ്യാപിച്ചിരിക്കുന്നത്. അതിനിടെ ദുബായ് ഒഴികെ മറ്റ് എമിറേറ്റിലെ സര്വ്വകാലാശാലകളില് നേരിട്ടുള്ള ക്ലാസുകള്‍ അടുത്തിടെ പുനരാരംഭിച്ചിരുന്നു.
Content Highlights: Educational institutions in United Arab Emirates are returning to classroom learning, with a new study system set to be announced tomorrow.