പ്രപഞ്ച ചരിത്രവും പ്രവാചകന്മാരുടെ ജീവിതവും പ്രതിപാദിക്കുന്ന നൂറ് വാല്യങ്ങളുള്ള പുതിയ പുസ്തക പ്രൊജക്റ്റ് പ്രഖ്യാപിച്ച് ഷാര്‍ജ ഭരണാധികാരി ഷെയ്ഖ് ഡോ.സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി. പ്രവാചകന്മാരുടെ ജീവിതത്തെക്കുറിച്ചും അവരുടെ ഉത്ഭവത്തെക്കുറിച്ചുമുള്ള യഥാര്‍ത്ഥ അറിവ് ജനങ്ങള്‍ക്ക് ലഭ്യമാക്കുകയാണ് ലക്ഷ്യം.
അല്‍ കൗന്‍ വ അനസീ കഥീറന് എന്ന പേരിലാണ് നൂറ് വാല്യങ്ങളുള്ള പുസ്തകം തയ്യാറാക്കുന്നത്. ആദം നബിയുടെ കാലഘട്ടത്തിന് മുമ്പുളള പ്രപഞ്ച ചരിത്രത്തിനൊപ്പം മുഴുവന്‍ പ്രവാചകന്മാരുടെയും ജീവ ചരിത്രവും ഇതില്‍ ഉള്‍പ്പെടുത്തും. പലര്‍ക്കും പ്രവാചകന്മാരുടെ ജീവിതത്തെ ക്കുറിച്ചോ അവരുടെ ഉത്ഭവത്തെക്കുറിച്ചോ ദൗത്യങ്ങളെക്കുറിച്ചോ കൃത്യമായ അറിവില്ലാത്തതാണ് ഇത്തരമൊരു സംരംഭത്തിന് പ്രേരിപ്പിച്ചതെന്ന് ഷാര്‍ജ ഭരണാധികാരി ഷെയ്ഖ് ഡോ.സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി വ്യക്തമാക്കി.
ഖുര്‍ആനില്‍ അധിഷ്ഠിതമായ വിവരങ്ങളായിരിക്കും പുസ്തകത്തില്‍ ഉള്‍പ്പെടുത്തുക. ലോകത്ത് സംഭവിക്കുന്ന കാര്യങ്ങളെക്കുറിച്ച് അവബോധം നല്കുന്ന അറിവുകള്‍ ഓരോ വ്യക്തിക്കും ഉണ്ടായിരിക്കണമെന്നും ചരിത്രത്തെക്കുറിച്ചും മതത്തെക്കുറിച്ചും ലോകവിവരങ്ങളെക്കുറിച്ചും ആളുകള്‍ അറിഞ്ഞിരിക്കേണ്ടത് അനിവാര്യമാണെന്നും അല്‍ ഖാസിമി പറഞ്ഞു. കല്‍ബയില്‍ നിരവധി വികസന, വിനോദ പരിപാടികളും ഷാര്‍ജ ഭരണാധികാരി പ്രഖ്യാപിച്ചു.
അല്‍ ഹിയാര്‍ മേഖല മുഴുവന്‍ വ്യാപിച്ചുകിടക്കുന്ന അല്‍ ഹിയാര്‍ തടാകം തുറക്കുന്നതാണ് ഇതില്‍ പ്രധാനം. പരമ്പരാഗത കലകളും കരകൗശലവിദ്യകളും പ്രദര്‍ശിപ്പിക്കുന്ന കല്‍ബ ഹെറിറ്റേജ് മ്യൂസിയത്തിന്റെ വികസനവും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പുറത്തെ കാഴ്ചകള്‍ കാണാന്‍ സാധിക്കുന്ന രീതിയില്‍ മ്യൂസിയത്തില്‍ ഭക്ഷണശാലയും സജ്ജമാക്കും. സന്ദര്‍ശകര്‍ക്ക് വെള്ളത്തിനടിയിലൂടെ പ്രവേശിക്കാവുന്ന രീതിയില്‍ നിര്‍മ്മിക്കുന്ന ഷെല്‍ തിയേറ്റര്‍ പദ്ധതിയും ഷെയ്ഖ് ഡോ.സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി പ്രഖ്യാപിച്ചു.
Content Highlights: Sultan bin Muhammad Al-Qasimi has launched a new book exploring universal history and the life of the Prophet, marking a significant cultural and literary contribution.