ബി​ഗ് ടിക്കറ്റിൽ വീണ്ടും മലയാളിത്തിളക്കം, മൂന്ന് പേർക്ക് സ്വർണ ബിസ്ക്കറ്റ് സമ്മാനം

ബി​ഗ് ടിക്കറ്റിന്റെ ഏപ്രിൽ മാസത്തെ സമ്മാനത്തുകയും പ്രഖ്യാപിച്ചു

അബുദാബി ബിഗ് ടിക്കറ്റിന്റെ മാർച്ച് മാസത്തെ അവസാന പ്രതിവാര നറുക്കെടുപ്പിൽ വീണ്ടും മലയാളിക്കരുത്ത്. ഭാഗ്യം തുണച്ച നാല് വിജയികളിൽ മൂന്ന് പേരും മലയാളികളാണ്. 24 കാരറ്റിന്റെ സ്വർണ ബിസ്‌ക്കറ്റുകളാണ് ഈ ഭാഗ്യശാലികൾക്ക് സമ്മാനമായി ലഭിക്കുക.

ബഹ്‌റൈനിൽ കാറ്റഗറി മാനേജറായി ജോലി ചെയ്യുന്ന മലയാളി പ്രവാസി റിസ്‌വാന് (44) ആണ് വിജയികളിൽ ഒരാൾ. കഴിഞ്ഞ അഞ്ച് വർഷമായി തുടർച്ചയായി ഭാഗ്യം പരീക്ഷിച്ചുകൊണ്ടിരുന്ന റിസ്‌വാനെ തേടി ഒടുവിൽ ആ വലിയ സമ്മാനമെത്തി. 2013-ൽ പ്രവാസ ജീവിതം തുടങ്ങിയ ഇദ്ദേഹത്തിന് ബിഗ് ടിക്കറ്റ് കേവലം ഒരു നറുക്കെടുപ്പ് മാത്രമല്ല, മറിച്ച് തന്റെ ജീവിതത്തിന്റെ തന്നെ അവിഭാജ്യ ഘടകമായിരുന്നു. ബിഗ് ടിക്കറ്റുമായുള്ള തന്റെ ദീർഘകാല ബന്ധത്തെക്കുറിച്ച് സംസാരിക്കവേ, ഇതൊരു നീണ്ട യാത്രയാണെന്നും ഇപ്പോൾ തന്റെ ദിനചര്യയുടെ ഭാഗമായി മാറിയെന്നും അദ്ദേഹം സന്തോഷത്തോടെ അറിയിച്ചു.

"എപ്പോഴും മൂന്ന് സുഹൃത്തുക്കൾക്കൊപ്പമാണ് ഞാൻ ടിക്കറ്റെടുക്കാറുള്ളത്. ബിഗ് ടിക്കറ്റ് ഇപ്പോൾ എനിക്ക് എന്റെ കുടുംബത്തെപ്പോലെയാണ്. എനിക്ക് ഈ പ്ലാറ്റ്‌ഫോമിൽ അത്രമേൽ വിശ്വാസമാണ്," റിസ്‌വാൻ തന്റെ സന്തോഷം പങ്കുവെച്ചു.

സമ്മാനവിവരം അറിയിക്കാനായി ബിഗ് ടിക്കറ്റ് അധികൃതർ വിളിക്കുമ്പോൾ സപ്ലയർമാരുമായുള്ള മീറ്റിങ്ങിലായിരുന്നു റിസ്‌വാൻ. അതുകൊണ്ടുതന്നെ ആ ഫോൺ കോളുകൾ സ്വീകരിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. എന്നാൽ പിന്നീട് യൂട്യൂബ് ലൈവ് കണ്ടപ്പോഴാണ് താൻ വിജയിയായ വിവരം അദ്ദേഹം തിരിച്ചറിഞ്ഞത്. അപ്രതീക്ഷിതമായി തേടിയെത്തിയ ഈ വലിയ ഭാഗ്യം തന്റെ മകൾക്കായി സമർപ്പിക്കാനാണ് ഈ റിസ്വാന്റെ തീരുമാനം.

കഴിഞ്ഞ മൂന്ന് വർഷമായി മുടങ്ങാതെ ഭാഗ്യം പരീക്ഷിച്ചുകൊണ്ടിരുന്ന നാജിയ നസ്രീൻ യഹ്യ എന്ന 25 വയസ്സുകാരിയായ വീട്ടമ്മയെ തേടി ഒടുവിൽ ബിഗ് ടിക്കറ്റിന്റെ ഭാഗ്യമെത്തി. പത്ത് സുഹൃത്തുക്കൾക്കൊപ്പം ചേർന്നാണ് ഇത്തവണ നാജിയ ടിക്കറ്റെടുത്തത്. "കഴിഞ്ഞ മൂന്ന് വർഷമായി ഞാൻ തുടർച്ചയായി ശ്രമിക്കുകയായിരുന്നു, ആ കഠിനാധ്വാനത്തിന് ഒടുവിൽ ഫലം ലഭിച്ചു," സ്വർണ്ണപ്പതക്കം നേടിയ സന്തോഷത്തിൽ നാജിയ പറയുന്നു. ബിഗ് ടിക്കറ്റിലെ ഈ ജൈത്രയാത്ര ഇനിയും തുടരാനാണ് നാജിയയുടെ തീരുമാനം.

ദുബായിലെ ഹോട്ടൽ ജീവനക്കാരനായ ജംഷാദ് മഠണത്തിനും (39) ഭാ​ഗ്യത്തിന്റെ കടാക്ഷമുണ്ടായി. തന്റെ മകൾ തിരഞ്ഞെടുത്ത ആ ടിക്കറ്റിലൂടെ ഭാഗ്യദേവത ജംഷാദിനെ അനുഗ്രഹിച്ചു. ഫോൺ സ്ക്രീനിൽ ‘ബിഗ് ടിക്കറ്റ്’ എന്ന് തെളിഞ്ഞപ്പോൾ ആദ്യം കരുതിയത് ഏതെങ്കിലും പ്രമോഷണൽ കോൾ ആയിരിക്കുമെന്നാണ്. എന്നാൽ അത് ജീവിതത്തിലെ ഏറ്റവും വലിയ സർപ്രൈസ് ആയി മാറുകയായിരുന്നു.

ഏപ്രിൽ മാസത്തെ വമ്പൻ പ്രഖ്യാപനങ്ങളും ബിഗ് ടിക്കറ്റ് നടത്തിക്കഴിഞ്ഞു. ഏപ്രിലിനെ 'കോടീശ്വരന്മാരുടെ മാസമായി' പ്രഖ്യാപിച്ചുകൊണ്ട് 25 ദശലക്ഷം ദിർഹമാണ് (ഏകദേശം 56 കോടിയിലധികം ഇന്ത്യൻ രൂപ) അടുത്ത മാസത്തെ ഒന്നാം സമ്മാനമായി നിശ്ചയിച്ചിരിക്കുന്നത്.

Content Highlights: Three Malayalis win gold biscuits in the latest Big Ticket draw, bringing pride and excitement once again to the Malayali community.

To advertise here,contact us