യുഎഇയില്‍ സംഘര്‍ഷങ്ങള്‍ക്ക് അയവ് വന്നതിന് പിന്നാലെ റമദാന് നൈറ്റ്സ് എക്സിബിഷന് ഷാര്‍ജ എക്സ്പോ സെന്ററില്‍ തുടക്കമായി. ഷോപ്പിങ് ഓഫറുകള്‍ക്ക് പുറമെ സാസ്കാരിക പരിപാടികളും ഉള്‍പ്പെടുത്തിയാണ് റമദാന് നൈറ്റ്സ് ഒരുക്കിയിരിക്കുന്നത്. നൂറ് കണക്കിന് ആളുകളാണ് ദിവസവും എക്സപോ സെന്ററിലേക്ക് എത്തുന്നത്. ഈ മാസം 22 വരെയാണ് പ്രദര്‍ശനം.
ഷാര്‍ജ ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രിയുടെ പിന്തുണയോടെ ഷാര്‍ജ എക്സ്പോ സെന്റര്‍ ആണ് റമദാന് നൈറ്റ്സ് 2026 ഒരുക്കിയിരിക്കുന്നത്. പരിപാടിയുടെ നാല്‍പ്പത്തി മൂന്നാം പതിപ്പാണ് ഇത്തവണത്തേത്. റമദാന് കാലത്തെ ഷാര്‍ജയിലെ പ്രധാന വാണിജ്യ, സാംസ്കാരിക പരിപാടികളിലൊന്നു കൂടിയാണ് റമദാന് നൈറ്റ്സ്' എക്സിബിഷന്. 200-ലേറെ പ്രമുഖ റീട്ടെയില്‍ സ്ഥാപനങ്ങളും 500-ലേറെ പ്രാദേശിക, ആഗോള ബ്രാന്‍ഡുകളും പ്രദര്‍ശനത്തില്‍ അണിനിരക്കുന്നു. പരമ്പരാഗത വസ്ത്രങ്ങള്‍, കരകൗശല വസ്തുക്കള്‍, സുഗന്ധദ്രവ്യങ്ങള്‍, പാനീയങ്ങള്‍, ജനപ്രിയ റമസാന്‍ വിഭവങ്ങള്‍ എന്നിവയെല്ലാം ഇവിടെ ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിരിക്കുന്നു.
10,000-ത്തിലധികം ഉത്പ്പന്നങ്ങള്‍ 75 ശതമാനം വരെ വിലക്കുറവിലാണ് മേളയില്‍ ലഭ്യമാക്കുന്നത്. ഇതൊടൊപ്പം പ്രത്യേക സമ്മാനങ്ങളും പ്രമോഷനുകളും ഉപഭോക്താക്കള്‍ക്കായി ഏര്‍പ്പെടുത്തിയിട്ടുണ്ട്. വിവിധ വിനോദപരിപാടികളും ഇവിടെ ആസ്വദിക്കാനാകും. ഈ മാസം 22 വരെ എല്ലാ ദിവസവും വൈകുന്നേരം അഞ്ച് മുതല്‍ പുലര്‍ച്ചെ ഒരു മണി വരെയും പെരുന്നാള്‍ ദിനത്തില്‍ മൂന്ന് മണി മുതല്‍ രാത്രി 12 മണി വരെയുമാണ് പ്രദര്‍ശനം.
Content Highlights: Ramadan Nights Exhibition begins in the Gulf even as tensions continue following Iran’s attacks. The event marks the start of festive Ramadan activities in the region.