പ്രവാസികള്‍ക്ക് ആശ്വാസമായി യുഎഇയില്‍ നിന്ന് കേരളത്തിലേക്കുള്ള വിമാന സര്‍വീസുകള്‍ കൂട്ടാന്‍ ഇന്ത്യ തയ്യാറെടുക്കുന്നു. ഇന്ത്യയും യുഎഇയും തമ്മിലുള്ള ചര്‍ച്ചകളിലാണ് തീരുമാനം. യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള യാത്രക്കാര്‍ക്ക് ഏറ ആശ്വാസം പകരുന്നതാണ് തീരുമാനം.
യുഎഇയില്‍ നിന്നും കേരളത്തിലെ വിവിധ നഗരങ്ങളിലേക്ക് കൂടുതല്‍ വിമാന സര്‍വീസുകള്‍ ആരംഭിക്കുന്നതിനുള്ള നിര്‍ണായക ചര്‍ച്ചകളാണ് പൂര്‍ത്തിയായത്. ഹൈദരാബാദില്‍ നടന്ന 'വിങ്സ് ഓഫ് ഇന്ത്യ 2026' സമ്മേളനത്തിനിടെ കേന്ദ്ര വ്യോമയാന മന്ത്രി കെ റാംമോഹന് നായിഡുവും യുഎഇ മന്ത്രി അബ്ദുല്ല ബിന്‍ തൂഖ് അല്‍ മര്റിയുമാണ് പ്രവാസികള്‍ക്ക് പ്രതീക്ഷ നല്കുന്ന കൂടിക്കാഴ്ച നടത്തിയത്.
നിലവിലുള്ള വിമാന സീറ്റ് ക്വോട്ട കരാര്‍ പൂര്‍ണ്ണമായും വിനിയോഗിക്കപ്പെട്ട സാഹചര്യത്തില്‍, യാത്രക്കാരുടെ വര്‍ധനവ് കണക്കിലെടുത്ത് കരാര്‍ പുതുക്കാന്‍ ഇരുരാജ്യങ്ങളും തീരുമാനിച്ചു. ഇത് നിലവില്‍ വരുന്നതോടെ കണ്ണൂര്‍, കോഴിക്കോട്, തിരുവനന്തപുരം വിമാനത്താവളങ്ങളിലേക്ക് കൂടുതല്‍ വിമാനങ്ങള്‍ എത്തും. 2014-ന് ശേഷം കരാര്‍ പുതുക്കാത്തത് സര്‍വീസുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിന് തടസമായിരുന്നു.
പുതിയ കരാര്‍ പ്രാബല്യത്തില്‍ വരുന്നതോടെ കൂടുതല്‍ സീറ്റുകള്‍ ലഭ്യമാകുകയും വിമാന കമ്പനികള്‍ തമ്മിലുള്ള മത്സരം കാരണം ടിക്കറ്റ് നിരക്ക് കുറയാന്‍ സാധ്യത തെളിയുകയും ചെയ്യും. കൊച്ചി ആസ്ഥാനമായുള്ള അല്‍ ഹിന്ദ് എയര്‍ ഉള്‍പ്പെടെയുള്ള പുതിയ വിമാന കമ്പനികള്‍ ഈ വര്‍ഷം പ്രവര്‍ത്തനം തുടങ്ങുന്നതും പ്രവാസികള്‍ക്ക് ഗുണകരമാകും. ഉഭയകക്ഷി വ്യാപാര ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി വ്യോമയാന മേഖലയില്‍ വലിയ മാറ്റങ്ങളാണ് വരാനിരിക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി.
Content Highlights: UAE has announced a boost in flight services to Kerala, a welcome development for expatriates. The decision will make travel between Kerala and UAE more accessible for workers, tourists, and families.