ഡോളറിനെതിരെ ഇന്ത്യൻ രൂപ റെക്കോർഡ് താഴ്ചയിൽ തുടരുകയാണ്. ഒരു ഡോളറിന് 92 രൂപ എന്ന നിലയിലാണ് ഇപ്പോഴത്തെ വില. എന്നാൽ യുഎഇ ദിർഹത്തിനെതിരെ ഇന്ത്യൻ രൂപ താഴുന്നത് പ്രവാസികൾക്ക് ആശ്വാസമാകുകയാണ്. നിലവിൽ ഒരു യുഎഇ ദിര്ഹത്തിന്റെ മൂല്യം 25 രൂപക്ക് തൊട്ടടുത്തെത്തി. നാട്ടിലേക്ക് പണമയക്കാൻ മികച്ച സമയമായാണ് രൂപയുടെ താഴ്ചയെ പ്രവാസികൾ കാണുന്നത്.
അതിനിടെ രൂപയുടെ മൂല്യത്തിലെ സമീപകാല മാറ്റങ്ങൾ ഒരു ദിശയിലേക്ക് മാത്രമുള്ളതല്ലെന്നും മറിച്ച് ഏറ്റക്കുറച്ചിലുകൾ നിറഞ്ഞതാണെന്നും കറൻസി വിദഗ്ധർ പറയുന്നു. ജനുവരി 27-ന്, ഡോളർ സൂചികയിൽ ഉണ്ടായ നേരിയ കുറവും വ്യാപാര കരാറുകളെക്കുറിച്ചുള്ള പ്രതീക്ഷകളും വിപണിക്ക് ആശ്വാസമായി. ഇതിനെത്തുടർന്ന്, നേരത്തെ രേഖപ്പെടുത്തിയ റെക്കോർഡ് താഴ്ചയിൽ നിന്നും രൂപയുടെ മൂല്യം നേരിയ തോതിൽ മെച്ചപ്പെടുകയും ചെയ്തു.
ആഗോള പലിശ നിരക്കുകളിലെ മാറ്റം, വിദേശ നിക്ഷേപം പിൻവലിക്കപ്പെടുന്നത്, ഉയർന്ന ഇറക്കുമതി ചിലവ്, ഡോളറിനായി കമ്പനികൾക്കിടയിലുള്ള മത്സരം എന്നിവ രൂപയുടെ മൂല്യത്തകർച്ചയ്ക്ക് കാരണമാകുന്നതായി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. വിപണിയിൽ ഡോളറിന് ക്ഷാമം നേരിടുകയോ അല്ലെങ്കിൽ ഡോളറിന്റെ വില കൂടുകയോ ചെയ്യുമ്പോൾ, അതിന്റെ പ്രത്യാഘാതം സാധാരണയായി അനുഭവപ്പെടുന്നത് രൂപയുടെ മൂല്യത്തിലാണെന്നതും മറ്റൊരു വസ്തുതയാണ്.
Content Highlights: The Indian rupee has slipped to a record low against major foreign currencies, according to market data. The depreciation has proved beneficial for expatriates, as remittances now fetch higher value in rupees. Analysts attribute the fall to global economic factors and currency market fluctuations, while monitoring continues for further movements in the exchange rate.