ടോൾ കുടിശികയുടെ പേരിൽ വ്യാജ സന്ദേശങ്ങൾ; യുഎഇയിൽ പണം തട്ടാൻ ശ്രമം നടക്കുന്നതായി അധികൃതർ

അബുദബിയിലെ ടോള്‍ സംവിധാനമായ 'ദര്‍ബിന്റെ പേരിലാണ് വാഹന ഉടമകള്‍ക്ക് വ്യാജ സന്ദേശങ്ങള്‍ ലഭിക്കുന്നത്

യുഎഇയില്‍ ടോള്‍ കുടിശികയുടെ പേരില്‍ വ്യാജ സന്ദേശങ്ങള്‍ അയച്ച് പണം തട്ടാന്‍ ശ്രമം നടക്കുന്നതായി കണ്ടെത്തല്‍. അബുദബിയിലെ നിരവധി വാഹന ഉടമകള്‍ക്കാണ് ഇത്തരത്തില്‍ വ്യാജ സന്ദേശങ്ങള്‍ ലഭിച്ചത്. സൈബര്‍ തട്ടിപ്പുകള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്നും അഞ്ജാത സന്ദേശങ്ങളോട് പ്രതികരിക്കരുതെന്നും അബുദബി മൊബിലിറ്റി പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.

അബുദബിയിലെ ടോള്‍ സംവിധാനമായ 'ദര്‍ബിന്റെ പേരിലാണ് വാഹന ഉടമകള്‍ക്ക് വ്യാജ സന്ദേശങ്ങള്‍ ലഭിക്കുന്നത്. ടോള്‍ കുടിശികയുണ്ടെന്നും ഈ മാസം 20-നുള്ളിൽ തുക അടച്ചില്ലെങ്കില്‍ വലിയ തുക പിഴ ചുമത്തുമെന്നാണ് മുന്നറിയിപ്പ്. ഇതിന് പുറമെ ലൈസന്‍സില്‍ ബ്ലാക്ക് പോയിന്റുകള്‍ ചമത്തുമെന്നും സന്ദേശങ്ങളില്‍ പറയുന്നു.

ദര്‍ബ് അലര്‍ട്ട് എന്ന പേരിലാണ് ഇത്തരം സന്ദേശങ്ങള്‍ എത്തുന്നത്. യുഎഇയ്ക്ക് പുറത്തുള്ള മൊബൈല്‍ നമ്പറുകളില്‍ നിന്നാണ് ഭൂരിഭാഗം വ്യാജ സന്ദേശങ്ങളും എത്തുന്നതെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. പണം അടക്കുന്നതിനായുള്ള ലിങ്കും സന്ദേശത്തിനൊപ്പം നല്‍കുന്നതാണ് തട്ടിപ്പ് സംഘത്തിന്റെ രീതി. ഇത്തരം ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുന്നവരുടെ ബാങ്ക് അക്കൗണ്ട് വിശദാംശങ്ങള്‍ ഉള്‍പ്പെടെ ഇത്തരക്കാര്‍ക്ക് സ്വന്തമാക്കാന്‍ കഴിയും. ഇത്തരം സൈബര്‍ തട്ടിപ്പുകള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്നും സംശയാസ്പദമായ ലിങ്കുകളോടും സന്ദേശങ്ങളോടും പ്രതികരിക്കരുതെന്നും ദര്‍ബ് ടോള്‍ സംവിധാനം നിയന്ത്രിക്കുന്ന 'ക്യു മൊബിലിറ്റി' പൊതു ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി.

ഔദ്യോഗിക സംവിധാനങ്ങളിലൂടെ മാത്രമെ ടോള്‍ ഫീസ് അടയ്ക്കാന്‍ പാടുള്ളുവെന്നും മുന്നറിയിപ്പില്‍ പറയുന്നു. ദര്‍ബ് ആപ്പ്, ഔദ്യോഗിക വെബ്സൈറ്റ് എന്നിവക്ക് പുറമെ താം'ആപ്പ് വഴിയും ദര്‍ബ്, മവാഖിഫ് ഓഫീസുകള്‍ വഴിയും പണമടക്കാനാകും. തുക അടക്കുന്നതിന് മുമ്പ് ദര്‍ബ് ആപ്പില്‍ ലോഗിന്‍ ചെയ്ത് അക്കൗണ്ടില്‍ കുടിശ്ശിക ഉണ്ടോ എന്ന് പരിശോധിക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു. 'അനധികൃത ആപ്പുകളിലൂടെയോ അപരിചിത ലിങ്കുകളിലൂടെയോ പണമടയ്ക്കരുതെന്നും വ്യക്തിഗത വിവരങ്ങള്‍ കൈമാറരുതെന്നും അധികൃതര്‍ ഓര്‍മിപ്പിച്ചു. ഒരു നിമിഷത്തെ അശ്രദ്ധ വലിയ സാമ്പത്തിക നഷ്ടത്തിന് കാരണമാകുമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

Content Highlights: Authorities in the UAE have issued a warning about fake messages claiming pending toll payments. These messages are being used by fraudsters to trick people into sharing financial details or making payments. Residents have been advised to verify information through official channels and avoid clicking suspicious links.

To advertise here,contact us