'ലോകത്തെ ദരിദ്ര കുടുംബങ്ങൾക്കായി പ്രത്യേക വാസസ്ഥലം'; പദ്ധതിയുമായി ദുബായ് കിരീടവകാശി

അടിസ്ഥാന സൗകര്യങ്ങളായ പാർപ്പിടം, വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, സാമൂഹിക സേവനങ്ങൾ എന്നിവ ലഭ്യമാക്കുക പദ്ധതിയിലൂടെ ലക്ഷ്യമിടുന്നുണ്ട്

ലോകമെമ്പാടുമുള്ള ദരിദ്ര കുടുംബങ്ങൾക്കായി പ്രത്യേക വാസസ്ഥലം ഒരുക്കാൻ ദുബായ് കിരീടവകാശി ഷെയ്ഖ് ഹംദാൻ. തൻ്റെ സഹോദരൻ ഷെയ്ഖ് റാഷിദിന്റെ വിയോഗത്തിൻ്റെ 10-ാം വാർഷികത്തോട് അനുബന്ധിച്ചാണ് പ്രത്യേക വാസസ്ഥലം ഒരുക്കാൻ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി 'റാഷിദ് വില്ലേജസ്' എന്ന പദ്ധതി അനാച്ഛാദനം ചെയ്തു.

ദരിദ്ര കുടുംബങ്ങൾക്ക് മികച്ച ജീവിതത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളായ പാർപ്പിടം, വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, സാമൂഹിക സേവനങ്ങൾ എന്നിവ ലഭ്യമാക്കുക പദ്ധതിയിലൂടെ ലക്ഷ്യമിടുന്നുണ്ട്. ഇത്തരം പ്രവർത്തനങ്ങൾ മറ്റുള്ളവരെ സഹായിക്കാനുള്ള ഷെയ്ഖ് റാഷിദിന്റെ ആ​ഗ്രഹം ജനങ്ങളെ ഓർമപ്പെടുത്താനും ദുബായ് കിരീടവകാശി ലക്ഷ്യമിടുന്നുണ്ട്.

'പ്രതീക്ഷയും നന്മയും ലോകത്തിന് നൽകുന്ന ദുബായുടെ മാനുഷിക പദ്ധതികളിലൂടെയും സംരംഭങ്ങളിലൂടെയും എൻ്റെ സഹോദരന്റെ സ്വാധീനം എന്നും നിലനിൽക്കും,' ഷെയ്ഖ് ഹംദാൻ പ്രതികരിച്ചു.

'മറ്റുള്ളവരോട് എപ്പോഴും ദയ കാണിക്കുകയും നന്മകൾ പ്രവർത്തിക്കുകയും ചെയ്തിരുന്ന ഒരു വ്യക്തിയായിരുന്നു തന്റെ സഹോദരൻ. ഇന്നും തന്റെ സഹോദരന്റെ ജീവിതം അനേകം ആളുകളെ സ്പർശിക്കുകയും ഭാവിയെക്കുറിച്ച് പ്രതീക്ഷ നൽകുകയും ചെയ്യുന്നു,' ഷെയ്ഖ് ഹംദാൻ കൂട്ടിച്ചേർത്തു.

'റാഷിദ് വില്ലേജസ്' ആളുകളിൽ പ്രത്യാശ തിരികെ കൊണ്ടുവരാനും അന്തസ്സുള്ള ജീവിതത്തിന് അടിത്തറ പാകാനും ഞങ്ങൾ ലക്ഷ്യമിടുന്നു. ദുബായിൽ ഔദാര്യം ഒരു മൂല്യം മാത്രമല്ല, ജീവിതരീതി കൂടിയാണെന്ന് ഇത്തരം പ്രവർത്തനങ്ങൾ അടിവരയിടുന്നു. ഇത് വളർച്ചയുടെയും ഭദ്രതയുടെയും അവസരങ്ങളുടെയും വാതിലുകൾ തുറക്കുന്നു,' ഷെയ്ഖ് ഹംദാൻ വ്യക്തമാക്കി.

Content Highlights: Sheikh Hamdan launches project for underprivileged to honour late brother's legacy

To advertise here,contact us