ദുബായ് ഗ്ലോബൽ വില്ലേജ് പുതിയ സീസണിനുള്ള വിഐപി ടിക്കറ്റ് നിരക്കിൽ കുറവ് ലഭിക്കുമെന്ന രീതിയിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വ്യാജ ലിങ്കുകൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുമായി ദുബായ് പൊലീസ്. പണം, വ്യക്തിഗത വിവരങ്ങൾ എന്നിവ മോഷ്ടിക്കുന്നതിനായി തട്ടിപ്പുകാർ ഔദ്യോഗിക വെബ്സൈറ്റുകളുടേതിന് സമാനമായ തോന്നിക്കുന്ന വ്യാജ വെബ്സൈറ്റുകൾ ഉണ്ടാക്കിയാണ് തട്ടിപ്പുകൾ നടത്തുന്നതെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി.
എല്ലാ വർഷവും ഗ്ലോബൽ വില്ലേജ് ടിക്കറ്റുകൾക്ക് വലിയ ഡിമാൻഡ് ഉണ്ടാകുന്ന സമയത്ത് ഇത്തരം തട്ടിപ്പുകൾ വീണ്ടും പ്രത്യക്ഷപ്പെടാറുണ്ടെന്നാണ് പൊലീസ് പറയുന്നത്. ഗ്ലോബൽ വില്ലേജിനുള്ള വിഐപി ടിക്കറ്റുകൾ ഔദ്യോഗിക വെബ്സൈറ്റ്, മൊബൈൽ ആപ്ലിക്കേഷൻ, അംഗീകൃത ഔട്ട്ലെറ്റുകൾ എന്നിവ വഴി മാത്രമേ വാങ്ങാവൂവെന്ന് അധികൃതർ പറഞ്ഞു. പുതിയ സീസണിൽ വിഐപി പാക്കുകൾ വിൽക്കുന്നതിനുള്ള ഏക പ്ലാറ്റ്ഫോം കോക്കകോള അരീനയുടെ വെബ്സൈറ്റ് മാത്രമായിരിക്കുമെന്ന് ഗ്ലോബൽ വില്ലേജ് സ്ഥിരീകരിച്ചു.
ഈയാഴ്ചയുടെ തുടക്കത്തിൽ ഗ്ലോബൽ വില്ലേജിലേക്കുള്ള വിഐപി ടിക്കറ്റ് നിരക്കുകൾ പ്രഖ്യാപിച്ചിരുന്നു. 800 ദിര്ഹം മുതല് 7550 ദിര്ഹം വരെയുള്ള വിവിധ പാക്കേജുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. വിഐപി ടിക്കറ്റുകള് മുന്കൂട്ടി ബുക്ക് ചെയ്യാനും സൗകര്യമുണ്ട്.
ഡയമണ്ട് വിഭാഗത്തിന് 7,550 ദിര്ഹവും പ്ലാറ്റിനം പാക്കിന് 3400 ദിര്ഹവുമാണ് നിരക്ക്. ഗോള്ഡ് വിഭാഗത്തിന് 2450 ദിര്ഹവും സില്വര് പാക്കിന് 1,800 ദിര്ഹവും നല്കണം. മെഗാ ഗോള്ഡ് വിഐപി പായ്ക്ക് 4,900 ദിർഹം, മെഗാ സില്വര്' വിഐപി പായ്ക്ക് 3,350 ദിര്ഹം എന്നിങ്ങനെയാണ് മറ്റ് നിരക്കുകള്.
ഈ മാസം 20 മുതല് 26 വരെ കൊക്കക്കോള അരീന വെബസൈറ്റ് വഴി ടിക്കറ്റുകള് മുന്കൂട്ടി ബുക്ക് ചെയ്യാം. 27 ന് രാവിലെ 10 മണി മുതല് പൊതു വില്പ്പന ആരംഭിക്കും. സ്റ്റോക്ക് തീരുന്നത് വരെ വില്പ്പന തുടരുമെന്ന് സംഘാടകര് അറിയിച്ചു. വിഐപി ടിക്കറ്റുകള് സ്വന്തമാക്കുന്നവരില് നിന്ന് തെരഞ്ഞെടുക്കുന്ന ഒരു ഭാഗ്യശാലിക്ക് 30,000 ദിര്ഹം സമ്മാനം നല്കുമെന്നും അധികൃതര് അറിയിച്ചു. മറ്റ് വിഭാഗത്തിലുള്ള ടിക്കറ്റ് നിരക്കുകളും വൈകാതെ പ്രഖ്യാപിക്കും.
Content Highlights: Dubai Police warn of fake Global Village ticket sites offering 'discounted prices'