'വൈറല് പൂച്ച'യെ കണ്ടെത്തി; അപകടകാരിയെ കൈവശം വെച്ചതിന് ഉടമയ്ക്ക് പിഴ

യുഎഇ പൗരനാണ് മൃഗത്തിൻ്റെ ഉടമയെന്ന് തിരിച്ചറിഞ്ഞതായി ഫുജൈറ എൻവയോൺമെൻ്റ് ഏജൻസി ഡയറക്ടർ അസീല മൊഅല്ല പറഞ്ഞു

ഫുജൈറ: എമിറേറ്റിൽ കണ്ട കാട്ടുപൂച്ചയെ പർവതനിരകൾക്ക് സമീപമുള്ള ജനവാസ പ്രദേശത്ത് നിന്ന് അധികൃതർ പിടികൂടി. തിങ്കളാഴ്ച കാട്ടുപൂച്ചയുടെ ഒരു വീഡിയോ സമൂഹമാധ്യമത്തിൽ വൈറലായിരുന്നു. തുടർന്ന് ഫുജൈറ എൻവയോൺമെൻ്റ് അതോറിറ്റിയിൽ നിന്നുള്ള പ്രത്യേക സംഘങ്ങൾ കാട്ടുപൂച്ചയെ കണ്ടെത്താൻ അന്വേഷണം ആരംഭിച്ചിരുന്നു.

യുഎഇ പൗരനാണ് മൃഗത്തിൻ്റെ ഉടമയെന്ന് തിരിച്ചറിഞ്ഞതായി ഫുജൈറ എൻവയോൺമെൻ്റ് ഏജൻസി ഡയറക്ടർ അസീല മൊഅല്ല പറഞ്ഞു. പൗരൻ അധികാരികളുമായി സഹകരിച്ചിട്ടുണ്ട്. അത്തരമൊരു മൃഗത്തെ കൈവശം വെക്കുന്നത് നിയമവിരുദ്ധമാണെന്ന് അറിയില്ലായിരുന്നുവെന്ന് കാട്ടുപൂച്ചയെ കൈമാറിക്കൊണ്ട് ഇയാള് പറഞ്ഞു. നിയമപ്രശ്നം അറിയാത്തതിനാല് സംഭവിച്ച കാര്യമായതിനാല് അയാളോട് ക്ഷമിച്ചതായും അധികൃതർ അറിയിച്ചു.

അപകടകരമായ മൃഗത്തെ കൈവശം വെച്ചതിന് ഉടമയിൽ നിന്ന് വൻ തുക പിഴ ഈടാക്കിയിട്ടുണ്ട്. അതോറിറ്റി കൃത്യമായ തുക വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, യുഎഇ നിയമം അനുസരിച്ച് അപകടകരമായ മൃഗത്തെ കൈവശം വെക്കുന്നതിന് 10,000 ദിർഹം മുതൽ 500,000 ദിർഹം വരെയാണ് പിഴയായി ഈടാക്കുക. കാരക്കലിനെ ഇപ്പോൾ മൃഗശാലയ്ക്ക് കൈമാറി, അത് മൃഗത്തിന് ഉചിതമായ പരിചരണം നൽകുമെന്നും അധികൃതർ വ്യക്തമാക്കി.

ഇത്തരം കാട്ടുപൂച്ചകളെ ഹജർ പർവതനിരകളിലാണ് പൊതുവേ കാണാറുള്ളത്. വേട്ടയാടാൻ പ്രത്യേക കഴിവുകൾ ഈ ജീവിക്കുണ്ട്. കൂടാതെ 10 അടി ഉയരത്തിൽ ചാടാനും സാധിക്കും. വേട്ടമൃഗമായതിനാൽ അക്രമ സ്വഭാവം കൂടുതലാണ്.

To advertise here,contact us