റിയൽ എസ്റ്റേറ്റ് ഇടപാടുകളിൽ തെറ്റായ വിവരങ്ങൾ നൽകിയാൽ കനത്ത പിഴ; പുതിയ നിയമവുമായി സൗദി

പരിശോധനയ്‌ക്കെത്തുന്ന അതോറിറ്റി ഉദ്യോഗസ്ഥരുടെ ജോലി തടസ്സപ്പെടുത്തുന്നതും കനത്ത ശിക്ഷാർഹമാണ്

സൗദി അറേബ്യയിലെ റിയൽ എസ്റ്റേറ്റ് ഇടപാടുകളിൽ തെറ്റായ വിവരങ്ങൾ നൽകിയാൽ 50,000 റിയാൽ വരെ പിഴ ചുമത്താൻ ശുപാർശ ചെയ്യുന്ന പുതിയ കരട് നിയമം പുറത്തിറക്കി അധികൃതർ. വ്യവസ്ഥകൾ ലംഘിക്കുന്നവരിൽ നിന്ന് അടയ്‌ക്കേണ്ട നികുതി തുകയോ അല്ലെങ്കിൽ 50,000 റിയാലോ ആകും പിഴ തുക. ഇതിൽ ഏതാണോ കൂടുതൽ അത്രയും തുക പിഴയായി ഈടാക്കാനാണ് നിർദ്ദേശത്തിലുള്ളത്. നികുതി നടപ്പാക്കൽ കൂടുതൽ കാര്യക്ഷമമാക്കാനും നടപടിക്രമങ്ങളിൽ സുതാര്യത ഉറപ്പാക്കാനുമാണ് ഈ നീക്കം.

പുതിയ കരട് നിയമപ്രകാരം, റിയൽ എസ്റ്റേറ്റ് ഇടപാടുകൾ കൃത്യമായി രജിസ്റ്റർ ചെയ്യുന്നതിൽ വീഴ്ച വരുത്തിയാൽ 5,000 മുതൽ 50,000 റിയാൽ വരെ പിഴ ലഭിക്കും. നിയമപരമായ സമയപരിധിക്കുള്ളിൽ ആവശ്യമായ നികുതി രേഖകളും അക്കൗണ്ടുകളും സൂക്ഷിക്കാത്തവർക്കും സമാന തുക പിഴ ഈടാക്കും. തർക്കങ്ങളോ മറ്റ് നടപടികളോ പരിശോധിക്കുമ്പോൾ അതോറിറ്റിയുമായി സഹകരിക്കാതിരിക്കുകയോ വിവരങ്ങൾ നൽകാതിരിക്കുകയോ ചെയ്താൽ 1,000 മുതൽ 50,000 റിയാൽ വരെയാകും പിഴ തുക.

പരിശോധനയ്‌ക്കെത്തുന്ന അതോറിറ്റി ഉദ്യോഗസ്ഥരുടെ ജോലി തടസ്സപ്പെടുത്തുന്നതും കനത്ത ശിക്ഷാർഹമാണ്. ഉദ്യോഗസ്ഥരുമായി സഹകരിക്കാതിരിക്കുക, കണക്കു പുസ്തകങ്ങളോ ഇൻവോയ്‌സുകളോ രേഖകളോ പരിശോധിക്കാൻ അനുവദിക്കാതിരിക്കുക, അവയുടെ പകർപ്പുകൾ എടുക്കുന്നതിൽ നിന്ന് വിലക്കുക തുടങ്ങിയ ലംഘനങ്ങൾ നടത്തിയാൽ 1,000 മുതൽ 50,000 റിയാൽ വരെ പിഴ ചുമത്തും. കൂടാതെ നികുതി ചട്ടങ്ങളിലെ മറ്റ് ലംഘനങ്ങൾക്കും ഇതേ തുക തന്നെയായിരിക്കും പിഴയെന്നും നിർദ്ദേശത്തിൽ പറയുന്നു.

റിയൽ എസ്റ്റേറ്റ് നികുതി ലംഘനങ്ങളും പിഴകളും സംബന്ധിച്ച ഈ കരട് നിർദ്ദേശത്തിൽ പൊതുജനങ്ങൾക്കും ബന്ധപ്പെട്ട കക്ഷികൾക്കും തങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും അറിയിക്കാം. ഇതിനായി 'ഇസ്തിലാ' (Istitlaa) എന്ന സർവേ പ്ലാറ്റ്‌ഫോം വഴി ഒക്ടോബർ മൂന്ന് വരെ അവസരമൊരുക്കിയിട്ടുണ്ടെന്ന് അധികൃതർ അതോറിറ്റി വ്യക്തമാക്കി.

Content Highlights: Saudi Arabia has introduced new rules for real estate transactions, with heavy fines for providing false or misleading information. The measure aims to strengthen compliance and improve transparency in the Kingdom’s property market.

To advertise here,contact us