14,000ത്തിലധികം പ്രവാസികളെ നാടുകടത്തി; നിയമ ലംഘകര്‍ക്കെതിരെ നടപടി ശക്തമാക്കി സൗദി

കഴിഞ്ഞ ഒരാഴ്ചക്കിടെ മാത്രം 18,200 പ്രവാസികളെയാണ് സുരക്ഷാ സേന അറസ്റ്റ് ചെയ്തത്

നിയമ ലംഘകര്‍ക്കെതിരെ നടപടി ശക്തമാക്കി സൗദി അറേബ്യ. 14,000ത്തിലധികം പ്രവാസികളെ രാജ്യത്ത് നിന്ന് നാടുകടത്തിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഒരാഴ്ചക്കിടെ 18,000ത്തിലധികം നിയമ ലംഘകരാണ് അറസ്റ്റിലായത്. നിയമ ലംഘകരെ കണ്ടെത്തുന്നതിനായി വ്യാപക പരിശോധനയാണ് സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളില്‍ നടക്കുന്നത്.

കഴിഞ്ഞ ഒരാഴ്ചക്കിടെ മാത്രം 18,200 പ്രവാസികളെയാണ് സുരക്ഷാ സേന അറസ്റ്റ് ചെയ്തത്. മതിയായ താമസ രേഖകളില്ലാതെ രാജ്യത്ത് തുടര്‍ന്ന് വന്നവരാണ് ഇതില്‍ ഏറെയും. 11,442 പേരാണ് ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്നത്. അതിര്‍ത്തി സുരക്ഷാ നിയമം ലംഘിച്ചതിന്റെ പേരില്‍ 3,858 പ്രവാസികളും അറസ്റ്റിലായി. തൊഴില്‍ നിയമങ്ങള്‍ ലംഘിച്ച 3,931 ആളുകളെയും പിടികൂടിയിട്ടുണ്ട്.

നിയമ വിരുദ്ധമായി രാജ്യത്തേക്ക് കടക്കാന്‍ ശ്രമിച്ച നിരവധി ആളുകളും അറസ്റ്റിലായി. ഗുരുതരമായ നിയമ ലംഘനം നടത്തിയ 14,451 പ്രവാസികളെ രാജ്യത്ത് നിന്ന് നാടുകടത്തിയതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. നിലവില്‍ 25,477 പ്രവാസികള്‍ നിയമ നടപടികള്‍ നേരിടുകയാണ്. ഇതില്‍ 23,443 പുരുഷന്‍മാരും 2,034 സ്ത്രീകളും ഉള്‍പ്പെടുന്നു.

നിയമ ലംഘകര്‍ക്ക് സഹായങ്ങള്‍ നല്‍കിയ നിരവധി ആളുകളെയും അറസ്റ്റ് ചെയ്തതായി അധികൃതര്‍ അറിയിച്ചു. നിയമ ലംഘര്‍ക്ക് സഹായങ്ങള്‍ നല്‍കുന്നത് ഗുരുതരമായ കുറ്റമാണെന്ന് ആഭ്യന്തര മന്ത്രാലയം പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. 15 വര്‍ഷം തടവും 10 ലക്ഷം റിയാല്‍ വരെ പിഴയുമാണ് ഇത്തരക്കാരെ കാത്തിരിക്കുന്നത്. ഇതിന് പുറമെ ഇവരുടെ വാഹനങ്ങളും കണ്ടുകെട്ടും.

നിയമ ലംഘകരെ കുറിച്ച് വിവരം ലഭിക്കുന്നര്‍ അക്കാര്യം അറിയിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു. മൊബൈല്‍ ആപ്ലിക്കേഷന്‍, വെബ്‌സൈറ്റ് എന്നിവയില്‍ ഇതിനുളള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ടോള്‍ ഫ്രീ നമ്പറിലൂടെയും വിവരങ്ങള്‍ കൈമാറാനാകും. വരും ദിവസങ്ങളിളും ശക്തമായ പരിശോധന തുടരാനാണ് തീരുമാനം.

Content Highlights: Saudi Arabia has deported more than 14,000 expatriates as part of intensified action against law violators. Authorities said the move followed large-scale inspections and enforcement campaigns targeting residency, labor, and border violations. Officials added that strict measures will continue to ensure compliance with laws and maintain public order across the kingdom.

To advertise here,contact us