ഒമാനിൽ ഖരീഫ് സീസണിൽ സഞ്ചാരികളുടെ ഒഴുക്ക്; സന്ദർശകരുടെ എണ്ണം ഒരു ദശലക്ഷം കവിഞ്ഞു

സഞ്ചാരികളുടെ മനം കവരുന്ന ഖരീഫ് സീസണ്‍ ഈ മാസം അവസാനം സമാപിക്കും

ഒമാനില്‍ ദോഫാര്‍ ഖരീഫ് സീസണില്‍ സഞ്ചാരികളുടെ എണ്ണം ഒരു ദശലക്ഷം കവിഞ്ഞു. വരും ദിവസങ്ങളില്‍ തിരക്ക് ഇനിയും വര്‍ദ്ധിക്കുമെന്നാണ് പ്രതീക്ഷ. സഞ്ചാരികളുടെ മനം കവരുന്ന ഖരീഫ് സീസണ്‍ ഈ മാസം അവസാനം സമാപിക്കും. നാഷണല്‍ സെന്റര്‍ ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ പുറത്തുവിട്ട പുതിയ കണക്കുകള്‍ പ്രകാരം ഒരു ദശലക്ഷത്തിലധികം സന്ദര്‍ശകരാണ് ജൂണ്‍ 21നും ഓഗസ്റ്റ് 31നും ഇടയില്‍ ഖരീഫ് സീസണ്‍ ആസ്വദിക്കാന്‍ എത്തിയത്. കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവുമായി താരതമ്യം ചെയ്യുമ്പോള്‍ രണ്ട് ശതമാനത്തിന്റെ വര്‍ദ്ധനമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ഒമാനികളായ സന്ദർശകരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ദ്ധനവാണ് ഇത്തവണ ഉണ്ടായത്. 7,34,000ത്തിലധികം സ്വദേശി സന്ദര്‍ശകര്‍ ഇതുവരെ ദോഫാറില്‍ എത്തി. മുന്‍ വര്‍ഷത്തെക്കാള്‍ 71.5 ശതമാനമാണ് വര്‍ദ്ധനവ്. 1,79,000 ത്തിലധികം സന്ദര്‍ശകര്‍ ജിസിസി രാജ്യങ്ങളില്‍ നിന്നും 1,13,000ത്തിലധികം ആളുകള്‍ മറ്റ് രാജ്യങ്ങളില്‍ നിന്നും എത്തിയതായും കണക്കുകള്‍ വ്യക്തമാക്കുന്നു. 7,76,000 ആളുകള്‍ കരമാര്‍ഗം ദോഫാറില്‍ എത്തിയപ്പോല്‍ വിമാനമാര്‍ഗം എത്തിത് രണ്ടര ലക്ഷത്തിലധികം സന്ദര്‍ശകരാണ്.

കരമാര്‍ഗം കരീഫ് സീസണ്‍ ആസ്വദിക്കാന്‍ എത്തിയവരുടെ എണ്ണത്തില്‍ 1.3 ശതമാനമാണ് വര്‍ദ്ധന. കഴിഞ്ഞ മാസമാണ് ഏറ്റവും കൂടുതല്‍ സഞ്ചാരികള്‍ ദോഫാറില്‍ എത്തിയത്. ഓഗസ്റ്റില്‍ മാത്രം 5,85,000ത്തിലധികം സന്ദര്‍കര്‍ ഖരീഫ് സീസണ്‍ ആസ്വദിക്കാന്‍ എത്തിയെന്നാണ് പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നത്. ഖരീഫ് സീസണ്‍ അവസാന ഘട്ടത്തിലേക്ക് കടന്നതോടെ ഇനിയുള്ള ദിവസങ്ങളില്‍ വലിയ തിരക്കാണ് പ്രതീക്ഷിക്കുന്നത്. സഞ്ചാരികളുടെ എണ്ണം കൂടിയതോടെ സുരക്ഷയും കൂടുതല്‍ ശക്തമാക്കിയിട്ടുണ്ട്.

Content Highlights: Oman: Khareef Dhofar attracts over 1mln visitors by August end

To advertise here,contact us