അന്തരീക്ഷത്തിൽ ഈർപ്പം വർദ്ധിക്കുന്നു, വേനൽ മഴ ശക്തമാകും; മുന്നറിയിപ്പുമായി കുവൈത്ത് കാലാവസ്ഥ കേന്ദ്രം

ഏറ്റവും പുതിയ കാലാവസ്ഥാ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്

കുവൈത്തില്‍ വരും വര്‍ഷങ്ങളില്‍ വേനല്‍മഴ ശക്തമാകുമെന്ന് മുന്നറിയിപ്പ്. ഏറ്റവും പുതിയ കാലാവസ്ഥാ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കാലാവസ്ഥയുമായി ബന്ധപ്പെട്ട് കൂടുതല്‍ പഠനങ്ങള്‍ തുടരുകയാണ്. കുവൈത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സയന്റിഫിക് റിസര്‍ച്ച് നടത്തിയ പഠനത്തിലാണ് വരും വര്‍ഷങ്ങളില്‍ രാജ്യത്ത് വേനല്‍ മഴ ശക്തമാകുമെന്ന് കണ്ടെത്തിയിരിക്കുന്നത്. അന്തരീക്ഷത്തില്‍ ഈര്‍പ്പം വര്‍ദ്ധിക്കുന്നതാണ് മഴയുടെ തോത് കൂടാന്‍ കാരണം.

അറേബ്യന്‍ ഉപദ്വീപിലെ കാലാവസ്ഥ വരും വര്‍ഷങ്ങളില്‍ മാറുമെന്നും എല്ലാ വര്‍ഷവും ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ ‌കൂടുതല്‍ വേനല്‍ മഴ ഉണ്ടാകുമെന്നും ഇന്‍സ്റ്റിറ്റ്യൂട്ടിലെ ക്വാളിറ്റി, ഹെല്‍ത്ത്, സേഫ്റ്റി, വര്‍ക്ക് എന്‍വയോണ്‍മെന്റ് വിഭാഗം ഡയറക്ടര്‍ ഡോ. മുഫ്റെ അല്‍ റഷീദി വ്യക്തമാക്കി.

ഇക്കാലയളവില്‍ അന്തരീക്ഷ ഈര്‍പ്പത്തിലും വലിയ വര്‍ദ്ധനവ് ഉണ്ടാകും. അടുത്ത 20 വര്‍ഷത്തേക്കുള്ള കാലാവസ്ഥാ പഠനമാണ് ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തിയിരിക്കുന്നത്. അതിനിടെ അടുത്ത 70 മുതല്‍ 80 വര്‍ഷത്തേക്കുള്ള കാലാവസ്ഥയെക്കുറിച്ച് വിദേശ രാജ്യങ്ങളും പഠനം നടത്തുന്നുണ്ട്. വേനല്‍ക്കാലം എത്തിയതിന് പിന്നാലെ കടുത്ത ചൂടാണ് കുവൈറ്റില്‍ ഇപ്പോള്‍ അനുഭവപ്പെടുന്നത്.

എല്ലാ വേനല്‍ക്കാലത്തും രാജ്യത്തെ താപനില 50 ഡിഗ്രി സെല്‍ഷ്യസിന് മുകളിലേക്ക് വരെ ഉയരാറുണ്ട്. ഇതിനിടയില്‍ ഇടക്കിടെ പെയ്യുന്ന വേനല്‍ മഴ താമസക്കാര്‍ക്ക് വലിയ ആശ്വാസമാണ് പകര്‍ന്നു നല്‍കുന്നത്. എന്നാല്‍ വരും വര്‍ഷങ്ങളില്‍ കൂടുതല്‍ വേനല്‍ മഴ ആസ്വദിക്കാനുള്ള അവസരം താമസക്കാര്‍ക്ക് ലഭിക്കുമെന്നാണ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സയന്റിഫിക് റിസര്‍ച്ചിന്റെ പഠനം വ്യക്തമാക്കുന്നത്.

Content Highlights: Kuwait braces for rains after scorching summer

To advertise here,contact us