പ്രവാസികള്ക്കായി നോര്ക്ക ഏര്പ്പെടുത്തുന്ന ആരോഗ്യ അപകട ഇന്ഷുറന്സ് പദ്ധതി നവംബര് ഒന്നുമുതല് പ്രാബല്യത്തില് വരും. നോര്ക്ക കെയര് എന്ന പേരില് നടപ്പിലാക്കുന്ന പദ്ധതിയില് ഇന്ത്യയിലെ 10,000-ത്തോളം ആശുപത്രികളില് ചികിത്സ നേടാനാകും. കേരളത്തില് മാത്രം 410 ആശുപത്രികള് ഇന്ഷുറന്സ് പദ്ധതിയുടെ ഭാഗമാണ്.
നോര്ക്ക കെയറിലേക്കുള്ള രജിസ്ട്രേഷന് അടുത്തമാസം 22 മുതലാണ് തുടങ്ങുക. നോര്ക്ക പ്രതിനിധികള് ദുബായിലാണ് ഇക്കാര്യം അറിയിച്ചത്. വിവിധ അസുഖങ്ങള്ക്കുള്ള ചികിത്സയ്ക്ക് അഞ്ചു ലക്ഷം രൂപയും അപകട മരണം സംഭവിച്ചാല് പത്തുലക്ഷം രൂപയും ഉറപ്പാക്കുന്നതാണ് നോര്ക്ക കെയര് ആരോഗ്യ- അപകട ഇന്ഷുറന്സ് പദ്ധതി.
ഒക്ടോബര് 21 വരെ പദ്ധതിയിൽ അംഗങ്ങളാകാം. ഇതിനായി നോര്ക്ക കെയര് എന്ന പേരില് മൊബൈല് ആപ്ലിക്കേഷനും തയ്യാറാക്കിയിട്ടുണ്ട്. രജിസ്ട്രേഷന് ആരംഭിക്കുന്ന ദിവസം മുതല് ഇത് പ്ലേ സ്റ്റേറിലും ആപ്പ് സ്റ്റോറിലും ലഭ്യമാകും. ഒക്ടോബര് 22-ന് മുഖ്യമന്ത്രി പിണറായി വിജയന് പദ്ധതി ഉദ്ഘാടനം ചെയ്യും.
ഭര്ത്താവ്, ഭാര്യ രണ്ടു കുട്ടികള് എന്നിവരുള്പ്പെടുന്ന കുടുംബത്തിന് ജിഎസ്ടി ഉള്പ്പെടെ 13,275 രൂപയാണ് വാര്ഷിക പ്രീമിയം. അധികമായി ചേര്ക്കുന്ന ഒരോ കൂട്ടിക്കും 4,130 രൂപ വീതം നല്കണം. വ്യക്തിഗത ഇന്ഷുറന്സ് മാത്രമാണെങ്കില് 7,965 രൂപ നൽകിയാല് മതിയാകും. നിലവിലുളള രോഗങ്ങള്ക്കും ഇന്ഷുറന്സ് പരിരക്ഷ ലഭിക്കും.
Content Highlights: Norka's health accident insurance scheme for expatriates will come into effect from November 1