'കേരള സർക്കാരിന്റെ വയോജന വകുപ്പ് രാജ്യത്തിന് കേരളത്തിന്റെ കൈനീട്ടം': ബിഷപ്പ് റെമിജിയോസ് ഇഞ്ചിനാനിയിൽ

കേവലം 3000 രൂപ വാർദ്ധക്യ പെൻഷൻ നൽകുന്നതിലും അപേക്ഷകൾ കൈകാര്യം ചെയ്യുന്നതിലും മാത്രമായി ഒതുങ്ങാതെ, ഈ വകുപ്പിനെ രാജ്യത്തിന് തന്നെ മാതൃകയാക്കാവുന്ന രീതിയിൽ വളർത്തിയെടുക്കാൻ സർക്കാർ തയ്യാറാകണമെന്നും ബിഷപ്പ് അഭ്യർത്ഥിച്ചു.

കേരള സർക്കാരിന്റെ പുതിയ വയോജന വകുപ്പ് രൂപീകരണം ആരോഗ്യപൂർണ്ണമായ ഭാവി ഭാരതത്തിന് കേരളം നൽകുന്ന വലിയൊരു കൈനീട്ടമാണെന്ന് താമരശ്ശേരി രൂപതാ മെത്രാൻ ബിഷപ്പ് മാർ റെമിജിയോസ് ഇഞ്ചിനാനിയിൽ പ്രസ്താവിച്ചു. ബഹ്റൈൻ എകെസിസി സംഘടിപ്പിച്ച 'വാർദ്ധക്യം ബാധ്യതയോ? സാധ്യതയോ?' എന്ന വിഷയത്തിലുള്ള ചർച്ചാ സദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആധുനിക മനുഷ്യസമൂഹത്തിന്റെ വളർച്ചയുടെയും പുരോഗതിയുടെയും അടിസ്ഥാനശിലയായി വയോജന വകുപ്പ് മാറണം. കേവലം 3000 രൂപ വാർദ്ധക്യ പെൻഷൻ നൽകുന്നതിലും അപേക്ഷകൾ കൈകാര്യം ചെയ്യുന്നതിലും മാത്രമായി ഒതുങ്ങാതെ, ഈ വകുപ്പിനെ രാജ്യത്തിന് തന്നെ മാതൃകയാക്കാവുന്ന രീതിയിൽ വളർത്തിയെടുക്കാൻ സർക്കാർ തയ്യാറാകണമെന്നും ബിഷപ്പ് അഭ്യർത്ഥിച്ചു.

ബഹ്റൈൻ എകെസിസി പ്രസിഡന്റ് ചാൾസ് ആലുക്ക ചടങ്ങിൽ അധ്യക്ഷത വഹിച്ചു. മാതാപിതാക്കളുടെ സംരക്ഷണം ഒരു വിശുദ്ധ ദൗത്യമാണെന്ന് സമൂഹം തിരിച്ചറിയണമെന്നും എങ്കിൽ മാത്രമേ വൃദ്ധജനങ്ങൾ നേരിടുന്ന അടിയന്തര വെല്ലുവിളികൾക്ക് പരിഹാരം കാണാൻ സാധിക്കൂ എന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

എകെസിസി ഭാരവാഹികളായ ജസ്റ്റിൻ ജോർജ്, ജെൻസൺ ദേവസി, മോൻസി മാത്യു, റോബിൻ കെ. സെബാസ്റ്റ്യൻ, ഷിനോയി പുളിക്കൻ, ലിവിൻ ജിബി, മേയ്മോൾ ചാൾസ്, ജോളി ജോജി, സുനിൽ തോമസ് റാന്നി, വിഎം ജോസഫ്, ജയ്സൺ, സോണി, പ്രീജി, ഐസക്, ലാലു മണിമലയിൽ എന്നിവർ ചടങ്ങിൽ സംസാരിച്ചു.

റിജു മൂഞ്ഞേലി സ്വാഗതവും ജിബി അലക്സ് നന്ദിയും രേഖപ്പെടുത്തി. ചർച്ചാ സദസ്സിൽ ഉയർന്നുവന്ന പ്രധാന ആശയങ്ങളും നിർദ്ദേശങ്ങളും അടങ്ങിയ നിവേദനം കേരള സർക്കാരിന് സമർപ്പിക്കുമെന്ന് എകെസിസി ഭാരവാഹികൾ അറിയിച്ചു.

Content Highlights: Bishop Remigius Inchananiyil has lauded Kerala’s Department of Social Justice and its initiatives for elderly welfare. He noted that the state’s programs for senior citizens serve as a positive example for the rest of the country.

To advertise here,contact us