ബിസിനസ് മേഖലയിൽ മുന്നേറ്റവുമായി ബഹ്റൈൻ; മൂന്ന് വർഷത്തിൽ 55,000ത്തിലധികം രജിസ്ട്രേഷനുകൾ

മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്‍സി മേഖലയിലാണ് ഏറ്റവും കൂടുതല്‍ പുതിയ രജിസ്‌ട്രേഷനുകള്‍.

ബഹ്‌റൈനില്‍ മൂന്ന് വര്‍ഷത്തിനിടെ 55,000ത്തിലധികം പുതിയ ബിസിനസ് രജിസ്‌ട്രേഷനുകള്‍ നല്‍കിയതായി വ്യവസായ വാണിജ്യ മന്ത്രാലയം. പ്രവാസി ഉടമസ്ഥതയിലുള്ള 19,000ത്തിലധികം സ്ഥാപനങ്ങള്‍ക്ക് അനുമതിനല്‍കിയതായി മന്ത്രാലയം അറിയിച്ചു. മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്‍സി മേഖലയിലാണ് ഏറ്റവും കൂടുതല്‍ പുതിയ രജിസ്‌ട്രേഷനുകള്‍.

ബഹ്റൈനില്‍ കഴിഞ്ഞ മൂന്ന് വര്‍ഷക്കാലയളവില്‍ 55,004 പുതിയ വാണിജ്യ രജിസ്‌ട്രേഷനുകള്‍ അനുവദിച്ചതായി വ്യവസായ വാണിജ്യ മന്ത്രാലയം അറിയിച്ചു. ഇതില്‍ 22,568 രജിസ്‌ട്രേഷനുകള്‍ ബഹ്‌റൈന്‍ സ്വദേശികളുടെ ഉടമസ്ഥതയിലുള്ളവയാണ്. പൂര്‍ണ്ണമായും പ്രവാസികളുടെ ഉടമസ്ഥതയിലുള്ള 19,057 ബിസിനസുകളും ഈ കാലയളവില്‍ രജിസ്റ്റര്‍ ചെയ്തതായി മന്ത്രാലയം വ്യക്തമാക്കി. എംപി ബാസിം മുബാറക്കിന് പാര്‍ലമെന്റില്‍ നല്‍കിയ രേഖാമൂലമുള്ള റുപടിയിലാണ് ഈ വിവരങ്ങള്‍ പുറത്തുവിട്ടത്.

2023 ജനുവരി മുതല്‍ 2025 ഡിസംബര്‍ വരെയുള്ള കാലയളവിലെ പുതിയ രജിസ്‌ട്രേഷനുകളില്‍ 1,843 എണ്ണം ജിസിസി പൗരന്മാരുടേയും 11,536 എണ്ണം പങ്കാളിത്ത ബിസിനസുകളുടേതാണ്. അതേസമയം, ഈ കാലയളവില്‍ 26,227 രജിസ്‌ട്രേഷനുകള്‍ റദ്ദാക്കപ്പെട്ടതായും മന്ത്രാലയം അറിയിച്ചു. റദ്ദാക്കപ്പെട്ടവയില്‍ 77 ശതമാനവും സ്വദേശി ബിസിനസുകളാണ്. പ്രവാസി ഉടമസ്ഥതയിലുള്ളവ 9 ശതമാനവും ജിസിസി പൗരന്മാരുടേത് 3 ശതമാനവും പങ്കാളിത്ത ബിസിനസുകള്‍ 11 ശതമാനവുമാണ്.

ഉടമകളുടെ അഭ്യര്‍ത്ഥനപ്രകാരമുള്ള ലിക്വിഡേഷന്‍, ബിസിനസ് ലയനം, സാമ്പത്തിക പ്രതിസന്ധി, വിപണിയിലെ മാറ്റങ്ങള്‍, പുതിയ ജോലിയില്‍ പ്രവേശിക്കല്‍, ഉടമസ്ഥരുടെ മരണം എന്നിവയാണ് പ്രധാനമായും ലൈസന്‍സുകള്‍ റദ്ദാക്കാന്‍ കാരണമായത്. മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്‍സി മേഖലയിലാണ് ഏറ്റവും കൂടുതല്‍ പുതിയ രജിസ്‌ട്രേഷനുകള്‍ നടന്നത്. ജനറല്‍ ട്രേഡിങ്, ഫുഡ് ആന്‍ഡ് ബിവറേജ്, ഇന്റീരിയര്‍ ഡെക്കറേഷന്‍, കാര്‍ഗോ ഹാന്‍ഡ്‌ലിങ്, മാര്‍ക്കറ്റിങ്, അഡ്വര്‍ടൈസിങ്, റിയല്‍ എസ്റ്റേറ്റ്, കണ്‍സ്ട്രക്ഷന്‍ തുടങ്ങിയ മേഖലകളും പുതിയ നിക്ഷേപകര്‍ കൂടുതല്‍ തിരഞ്ഞെടുത്ത പ്രധാന ബിസിനസ് മേഖലകളായി മാറിയിട്ടുണ്ട്.

Content Highlights: Bahrain has witnessed significant growth in its business sector, registering over 55,000 new businesses in the last three years. The figures highlight the country’s improving economic environment and increasing investment opportunities.

To advertise here,contact us