ഷോലെയിലെ വീരു, ബോളിവുഡിന്റെ 'ഹീ മാൻ'; ധർമേന്ദ്രയുടെ അഞ്ച് മികച്ച സിനിമകൾ

1960 ൽ സിനിമാജീവിതം ആരംഭിച്ച ധർമേന്ദ്ര 70 കളിലും 80 കളിലും തുടരെത്തുടരെയുള്ള ഹിറ്റുകൾ കൊണ്ട് ബോളിവുഡ് ഭരിച്ചു

1 min read|24 Nov 2025, 04:46 pm

ബോളിവുഡിന്റെ ചരിത്രത്തിൽ തന്നെ ഏറ്റവും കൂടുതൽ ഹിറ്റ് സിനിമകളുടെ ഭാഗമായ നടനായിരുന്നു ധർമേന്ദ്ര. ബോളിവുഡിന്റെ 'ഹീ മാൻ' എന്നായിരുന്നു സ്നേഹത്തോടെ അദ്ദേഹത്തിനെ ആരാധകർ വിശേഷിപ്പിച്ചിരുന്നത്. 1960 ൽ സിനിമാജീവിതം ആരംഭിച്ച ധർമേന്ദ്ര 70 കളിലും 80 കളിലും തുടരെത്തുടരെയുള്ള ഹിറ്റുകൾ കൊണ്ട് ബോളിവുഡ് ഭരിച്ചു. ഒരു വർഷം തന്നെ ധർമേന്ദ്രയുടെ ഏഴും ഒൻപതും സിനിമകൾ വരെ തുടർച്ചയായി ബോക്സ് ഓഫീസിനെ വിറപ്പിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ മികച്ച ചില ചിത്രങ്ങൾ ഇതാ:

ഷോലെ -

ഇന്ത്യൻ സിനിമാചരിത്രത്തിൽ ഏറ്റവും കൂടുതൽ ചർച്ചചെയ്യപ്പെട്ട ചിത്രമാണ് ഷോലെ. രമേശ് സിപ്പി ഒരുക്കിയ ചിത്രത്തിൽ ധർമേന്ദ്രയും അമിതാഭ് ബച്ചനുമായിരുന്നു പ്രധാന വേഷങ്ങളിൽ എത്തിയത്. ധർമേന്ദ്ര അവതരിപ്പിച്ച വീരു എന്ന കഥാപാത്രം ഇന്നും ധൈര്യത്തിന്റെയും സൗഹൃദത്തിന്റെയും പ്രതീകമായി തുടരുന്നു. ഇരുവരുടെയും കോമ്പോ ഇന്ത്യൻ സിനിമയിലെ തന്നെ എക്കലത്തെയും ആഘോഷിക്കപ്പെട്ട കൂട്ടുകെട്ടാണ്. 'യേ ദോസ്തി ഹം നഹി തോഡേംഗേ' എന്ന ഗാനവും ചിത്രത്തിലെ ഗബ്ബർ സിംഗ് എന്ന വില്ലനെയുമെല്ലാം ഇന്ത്യൻ സിനിമാപ്രേമികൾ ഒരിക്കലും മറക്കില്ല. ധർമേന്ദ്രയുടെ കരിയറിലെ ഐക്കോണിക് സിനിമകളിൽ ഒന്നാണ് ഷോലെ.

ചുപ്കെ ചുപ്കെ

ഹൃഷികേശ് മുഖർജി ഒരുക്കിയ ചുപ്‌കേ ചുപ്‌കേയിൽ അമിതാഭ് ബച്ചനും ജയാ ബച്ചനുമൊപ്പം ഒരു മികച്ച വേഷമായിരുന്നു ധർമേന്ദ്ര ചെയ്തത്. പ്രൊഫ. പരിമൾ ത്രിപാഠി എന്ന കഥാപാത്രമായി ഒരു ഐകോണിക് പ്രകടനമായിരുന്നു ധർമേന്ദ്ര കാഴ്ചവെച്ചത്.

ഹഖീഖത്ത്

ചേതൻ ആനന്ദ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ഹഖീഖത്തിൽ ക്യാപ്റ്റൻ ബഹാദൂർ സിംഗ് എന്ന കഥാപാത്രമായിട്ടാണ് ധർമേന്ദ്ര എത്തിയത്. 1962-ലെ ഇന്ത്യ-ചൈന യുദ്ധത്തിന്റെ സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. മികച്ച പ്രതികരണമായിരുന്നു സിനിമ നേടിയത്.

അനുപമ

ഹൃഷികേശ് മുഖർജിയുടെ സംവിധാനത്തിൽ 1966 ൽ പുറത്തിറങ്ങിയ അനുപമ ധർമേന്ദ്രയുടെ കരിയറിലെ പ്രധാനപ്പെട്ട സിനിമകളിൽ ഒന്നാണ്. ആ വർഷത്തെ നാഷണൽ അവാർഡിൽ മികച്ച സിനിമയ്ക്കുള്ള പുരസ്‌കാരം അനുപമയ്‌ക്ക് ലഭിച്ചിരുന്നു. ശർമിള ടാഗോർ ആയിരുന്നു സിനിമയിലെ നായികയായി എത്തിയത്.

ഫൂൽ ഔർ പത്തർ

ഒ പി റാൽഹാൻ ഒരുക്കിയ ഈ റൊമാന്റിക് ഡ്രാമ ചിത്രം ധർമേന്ദ്രയുടെ കരിയറിൽ വലിയ വഴിത്തിരിവുണ്ടാക്കിയ സിനിമ ആയിരുന്നു. സിനിമയിലെ ധർമ്മേന്ദ്രയുടെയും മീനാകുമാരിയുടെയും ഓൺസ്‌ക്രീൻ കെമിസ്ട്രി വളരെയധികം ചർച്ചചെയ്യപ്പെടുകയും ചെയ്തിരുന്നു. 1966 ൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ സിനിമ കൂടിയാണ് ഫൂൽ ഔർ പത്തർ.

Content Highlights: Dharmendra best five movie lists

To advertise here,contact us