അനിരുദ്ധ് എങ്ങനാ ഇത്ര ടോപ്പ് ആയത്? തിരൈ തീപ്പിടിപ്പിക്കും അനിരുദ്ധ് മാജിക്

അപാര കൺസിസ്റ്റൻസിയാണ് അനിരുദ്ധിന്. തുടർച്ചയായി ഹിറ്റ് ആൽബങ്ങൾ അതും ബിഗ് സ്റ്റാർ കൊമേർഷ്യൽ സിനിമകളിൽ.

1 min read|10 Oct 2024, 11:46 pm

ഒരേ ഒരു ട്വീറ്റ്, ഒരു റിവ്യൂ, ഒരു സിനിമയുടെ ഭാവി തന്നെ മാറ്റിമറിക്കുന്നു. അതുവരെ സിനിമയിൽ പ്രതീക്ഷയില്ലാതിരുന്നവർ വരെ ആ നിമിഷം മുതൽ സിനിമയ്ക്കായി കാത്തിരിക്കാൻ ആരംഭിക്കുന്നു. റിവ്യൂ ഇടുന്നത് ഒരു സംഗീത സംവിധായകനാണ്, അനിരുദ്ധ് രവിചന്ദർ. അതും ഇമോജികളിലൂടെ. അനിരുദ്ധിന്റെ സംഗീതം പോലെ തന്നെ ആ ട്വീറ്റുകൾക്കും ഇന്ന് പ്രേക്ഷകർക്കിടയിൽ വിശ്വാസ്യത ഏറിയിരിക്കുകയാണ്.

ഓഡിയോ ലോഞ്ചുകളിൽ തിങ്ങിനിറഞ്ഞ പ്രേക്ഷകരെ ഇളക്കിമറിക്കാൻ അയാളുടെ സംഗീതത്തിന് സാധിക്കുന്നു. തിയേറ്ററിൽ കൈയ്യടി നിറക്കാനും നിമിഷ നേരം മതി അനിരുദ്ധിന്. ഒരു ബിലോ ആവറേജ് സിനിമയെപ്പോലും ബോക്സ് ഓഫീസിൽ കോടി ക്ലബ് കടത്താൻ പാകത്തിൽ അയാളുടെ മ്യൂസിക്കിന് ഇന്ന് പവറുണ്ട്. റീലുകൾ ഇന്ന് ഭരിക്കുന്നത് അനിരുദ്ധ് സോങ്ങുകളാണ്. അതിൽ പുതിയ എൻട്രിയാണ് വേട്ടയ്യനിലെ മനസ്സിലായോ.

How did Anirudh Ravichander became a Sensation ?

എആർ റഹ്മാനും യുവൻ ശങ്കർ രാജയും ഹാരിസ് ജയരാജുമെല്ലാം തമിഴിൽ അവരുടെ പീക്കിൽ നിൽക്കുന്ന സമയത്താണ് അനിരുദ്ധ് തന്റെ എൻട്രി നടത്തുന്നത്. വൈ ദിസ് കൊലവെറി അങ്ങനെ 100 മില്യൺ കാഴ്ചക്കാരുണ്ടാക്കിയ യൂട്യൂബിലെ ആദ്യ ഇന്ത്യൻ ഗാനമായി. അനിരുദ്ധ് ഒരു വൺ ടൈം വണ്ടർ ആണ് എന്ന് അന്ന് പലരും വിധിയെഴുതിയിരുന്നു. ഹാരിസ് ജയരാജ് പോലുള്ള മെലഡി കിംഗ് വാഴുന്നിടത്ത് ഈ പയ്യൻ എങ്ങനെ സർവൈവ് ചെയ്യുമെന്ന് വരെ വിമർശനമുണ്ടായി. എന്നാൽ കുത്ത് പാട്ടുകൾ മാത്രമല്ല, നല്ല അടിപൊളി ഫീൽ ഗുഡ് റൊമാന്റിക് പാട്ടുകളുണ്ടാക്കാനും തനിക്കറിയാമെന്ന് അനിരുദ്ധ് തെളിയിച്ചു. 3 യിലെ ഇതഴിൻ ഓരം, ഡേവിഡിലെ കനവെ കനവെ, വണക്കം ചെന്നൈയിലെ പെണ്ണെ പെണ്ണെ തുടങ്ങി ബാക്ക് ടു ബാക്ക് ഹിറ്റ്സ്.

പ്രേക്ഷകരുടെ പൾസ് അറിഞ്ഞും കാലത്തിന്റെ ട്രെൻഡ് മനസ്സിലാക്കിയുമാണ് അനിരുദ്ധ് ഗാനങ്ങൾ കംമ്പോസ് ചെയ്യുന്നത്. മ്യൂസിക്കിനായി സംവിധായകർ തന്റെ പക്കലെത്തുമ്പോൾ സിനിമയുടെ മുഴുവൻ സ്ക്രിപ്റ്റും വായിച്ചതിന് ശേഷമേ അതിൽ കമ്മിറ്റഡ് ആകുകയുള്ളു എന്ന് അനിരുദ്ധ് പറഞ്ഞിട്ടുണ്ട്. ഒരു കഥയെയും ആ പശ്ചാത്തലത്തെയും മനസ്സിലാക്കി അതിലെ നായകന് ചേരുന്ന തരത്തിൽ അയാളെ സ്‌ക്രീനിൽ ഏറ്റവും മികച്ചതായി പ്രെസന്റ് ചെയ്യുന്ന തരത്തിലായിരിക്കും അനിരുദ്ധിന്റെ മ്യൂസിക്.

പാട്ടുകൾ റിലേറ്റ് ചെയ്യിപ്പിക്കുക, ആ താളത്തിനൊത്ത് പ്രേക്ഷകരെ ചുവടുവെപ്പിക്കുക. പ്രണയമായാലും വിരഹമായാലും ഇനി ആടിത്തിമിർക്കാനായാലും അനിരുദ്ധിന്റെ പക്കൽ സ്റ്റോക്ക് ഉണ്ട്. ബീറ്റുകൾക്ക് പ്രാധാന്യമുള്ള, വളരെ എളുപ്പം ആർക്കും പാടാവുന്ന, പാടിയാൽ ആടാൻ തോന്നിപ്പിക്കുന്ന പാട്ടുകളാണ് അനിരുദ്ധിന്റേത്.

തിയേറ്ററിലെത്തുന്ന പ്രേക്ഷകർക്ക് തങ്ങളുടെ ഇഷ്ടതാരത്തിനെ വേണ്ടുവോളം ആഘോഷിക്കാൻ തക്കവണ്ണമുള്ള ഗാനങ്ങളുണ്ടാക്കാനും അനിരുദ്ധ് തന്നെയാണ് മുന്നിൽ. ഉലകനായകന് നായകൻ മീണ്ടും വരാർ, സൂപ്പർസ്റ്റാറിന് ഹുക്കും, ദളപതിക്ക് വാത്തി കമ്മിങ്, തലക്ക് ആളുമ ഡോളുമാ. സൂപ്പർതാരങ്ങളുടെ സൂപ്പർ ഇമേജിന് ചേരുംവിധമുള്ള ഗാനങ്ങൾ ഉണ്ടാക്കി തിയേറ്ററിൽ ആളെ കയറ്റാൻ അനിരുദ്ധിന് ഒരു പ്രത്യേക കഴിവാണ്.

പാട്ടുകളെ പോലെ ആഘോഷിക്കപ്പെടുന്ന ഒന്നാണ് അനിരുദ്ധിന്റെ ബിജിഎമ്മുകൾ. അന്നൗൺസ്‌മെന്റ് വീഡിയോയിലും ടീസറിലും ആരംഭിക്കുന്ന അനിരുദ്ധ് മാജിക് സിനിമ അവസാനിക്കും വരെയും തുടരുന്നു. കത്തിയുടെ മോഷൻ പോസ്റ്റർ ഓർമ്മയുണ്ടോ? അനിരുദ്ധിന്റെ ബിജിഎമ്മിൽ പുറത്തിറങ്ങി ഇന്നും ദി ബെസ്റ്റ് എന്ന് വിശേഷിപ്പിക്കാവുന്ന ഒന്ന്. അന്ന് മുതൽ ഇന്നുവരെയും അയാളുടെ പശ്ചാത്തലസംഗീതത്തിന് ഒരു ഫാൻ ബേസ് ഉണ്ട്.

അനിരുദ്ധിന്റെ ബിജിഎമ്മിന്റെ അകമ്പടിയോടെ നായകന്മാർ സ്‌ക്രീനിലെത്തുമ്പോൾ കസേരകളിൽ ഇരിപ്പുറക്കാതെ പ്രേക്ഷകർ ആവേശഭരിതരാകുന്നു. ഇമോഷണൽ സീനുകളിൽ അയാളുടെ സംഗീതം കഥാപാത്രത്തിനൊപ്പം പ്രേക്ഷകരുടെയും കണ്ണ് നനയിക്കുന്നു. അപാര കൺസിസ്റ്റൻസിയാണ് അനിരുദ്ധിന്റേത്. തുടർച്ചയായി ഹിറ്റ് ആൽബങ്ങൾ അതും ബിഗ് സ്റ്റാർ കൊമേർഷ്യൽ സിനിമകളിൽ. ക്വാളിറ്റിയിൽ ഒട്ടും വിട്ടുവീഴ്ചചെയ്യാത്ത ഗാനങ്ങൾ.

തമിഴ് മണ്ണ് കീഴടക്കിയ അനിരുദ്ധ് തെലുങ്കിലും ഹിന്ദിയിലുമെത്തിയപ്പോഴും അതേ വിജയകുതിപ്പ് തുടർന്നു. അനിരുദ്ധിന്റെ ഏറ്റവും മികച്ച ആൽബങ്ങളിൽ ഒന്നാണ് ജേഴ്സി. അർജുൻ എന്ന തോറ്റുപോയ നായകന്റെ തിരിച്ചുവരവും, അയാളുടെ സംഘർഷങ്ങളും സംഗീതത്തിലൂടെ അനിരുദ്ധ് പ്രേക്ഷകരിലേക്ക് എത്തിച്ചു. ആർക്കാണ് ആ റെയിൽവേ സ്റ്റേഷൻ സീൻ മറക്കാനാവുക.

ബോളിവുഡ് ബാദ്ഷ ഷാരൂഖ് ഖാൻ തിരിച്ചവരവിനൊരുങ്ങിയപ്പോഴും അവിടെ നറുക്ക് വീണത് അനിരുദ്ധിനായിരുന്നു. ജവാനിലെ ഓരോ സീനിലും പ്രേക്ഷകർ ആഘോഷിച്ചതിൽ ഒരു പങ്ക് ആറ്റ്ലീക്കൊപ്പം അനിരുദ്ധിനും അവകാശപ്പെട്ടതാണ്. ഷാരൂഖ് ഖാന്റെ കരിയറിൽ അദ്ദേഹത്തെ ഇത്രയും മാസ്സായി അവതരിപ്പിച്ച ബിജിഎം വേറെ ഉണ്ടായിട്ടുണ്ടാകില്ല. അടുത്ത എസ്ആർകെ ചിത്രത്തിലും അനിരുദ്ധ് തന്നെയാണ് മ്യൂസിക് എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.

പാട്ടുകളെല്ലാം ഒരു പോലെയിരിക്കുന്നു, ബീറ്റുകളടക്കം വ്യത്യാസമില്ല, കോപ്പിയടികളാണ് അനിരുദ്ധിന്റെ പല പാട്ടുകളും എന്ന തുടരെയുള്ള വിമർശനങ്ങൾക്കിടയിലും, അനിരുദ്ധ് തന്നെ എല്ലാ പാട്ടുകളും പാടുന്നു മറ്റു ഗായകർക്ക് അവസരം നൽകുന്നില്ലെന്ന പരാതികൾ നിലനിൽക്കുമ്പോഴും, അയാളുടെ അടുത്ത ഗാനത്തിനായി പ്രേക്ഷകർ കാത്തിരിക്കുന്നുണ്ട്. പുറത്തിറങ്ങി നിമിഷ നേരത്തിനുള്ളിൽ അവ ഹിറ്റ് ചാർട്ടിൽ ഇടം പിടിക്കുകയും ചെയ്യും.

സൂപ്പർസ്റ്റാർ ചിത്രം വേട്ടയ്യൻ ഇറങ്ങാനിരിക്കെ ജയിലറിന് ശേഷം എങ്ങനെയാണ് അനിരുദ്ധ് രജനികാന്തിനെ സ്ക്രീനിൽ അവതരിപ്പിക്കുന്നതെന്ന് കാണാനുള്ള ആകാംക്ഷ കൂടിയാണ് വേട്ടയ്യനെ കുറിച്ചുള്ള ഹെെപ്പ് കൂട്ടിയത്. മനസ്സിലായോ എന്ന ഒറ്റ പാട്ടുകൊണ്ട് വേട്ടയ്യനെ ഹൈപ്പിൽ മുന്നിലെത്തിച്ച അനിരുദ്ധ് മാജിക് സിനിമയിലും ആവർത്തിക്കുന്നുവെന്നാണ് ഇപ്പോള്‍ വരുന്ന അഭിപ്രായങ്ങള്‍. ഇനിയും അനിരുദ്ധ് മാജിക്കിനായി കാത്തിരിക്കാന്‍ പ്രേരിപ്പിക്കുന്ന അടുത്തൊരു വിജയം കൂടി...

Content Highlights : How did Anirudh became a sensation ?

To advertise here,contact us