'അജയന്റെ രണ്ടാം മോഷണം' ടൊവിനോയുടെ കരിയറിലെ നാഴികക്കല്ലാകും ;തിരക്കഥാകൃത്ത് സുജിത്ത് നമ്പ്യാർഅഭിമുഖം

2015 മുതൽ ഇങ്ങുവരെ ടൊവിനോ എന്ന നടന് ഒരു വളർച്ച ഉണ്ടായിട്ടുണ്ട്, ആ വളർച്ചയോടൊപ്പം ഈ സിനിമയും വളർന്നിട്ടുണ്ട്.

4 min read|29 Aug 2024, 07:04 pm

ടൊവിനോ തോമസിനെ നായകനാക്കി നവാഗതനായ ജിതിൻ ലാൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'അജയന്റെ രണ്ടാം മോഷണം'. ഒരു ബിഗ് ബജറ്റ് 3D ആക്ഷൻ ചിത്രമായി ഒരുങ്ങുന്ന എആർഎം ഓണം റിലീസ് ആയി തിയേറ്ററിലെത്തും. കുഞ്ഞിക്കേളു, മണിയൻ, അജയൻ എന്നിങ്ങനെ ട്രിപ്പിൾ റോളിൽ ആണ് ടൊവിനോ തോമസ് ചിത്രത്തിലെത്തുന്നത്. ടൊവിനോയുടെ കരിയറിലെ ഒരു നാഴികക്കല്ലായിരിക്കും 'അജയന്റെ രണ്ടാം മോഷണ'മെന്ന് ചിത്രത്തിന്റെ തിരക്കഥാകൃത്ത് സുജിത്ത് നമ്പ്യാർ. തിരക്കഥയുടെ 21ാം ഡ്രാഫ്റ്റ് ആണ് ഷൂട്ട് ചെയ്തത്. ടൊവിനോയിലെ താരത്തിന്റെ അടുത്ത ഘട്ടം എന്നതിനോടൊപ്പം അയാളിലെ നടനെ പ്രേക്ഷകർ ഏറ്റെടുക്കണമെന്നും തങ്ങൾക്ക് ആഗ്രഹമുണ്ടെന്ന് സുജിത്ത് നമ്പ്യാർ റിപ്പോർട്ടറിനോട് പറഞ്ഞു.

എന്താണ് അജയന്റെ രണ്ടാം മോഷണം ?

ഓണക്കാലത്ത് ഒരു ഫെസ്റ്റിവൽ മൂഡിൽ എല്ലാ തരം പ്രേക്ഷകർക്കും കാണാൻ പറ്റുന്നൊരു സിനിമയുണ്ടാക്കുക എന്നതായിരുന്നു ഞങ്ങളുടെ ലക്ഷ്യം. ഇമോഷൻസ്, ആക്ഷൻസ്, അഡ്വെഞ്ചർ, ഫാന്റസി, ചെറിയ തോതിൽ മാജിക്കൽ റിയലിസം തുടങ്ങിയ എലെമെന്റ്റുകൾ ഈ സിനിമയില് പറഞ്ഞ് പോകുന്നുണ്ട്. ചിയോതിക്കാവ് എന്ന ഗ്രാമത്തെ, സോഷ്യോ പൊളിറ്റിക്കൽ ഘടകങ്ങള് കൂടി ഉൾപ്പെടുത്തി, മൂന്ന് കാലഘട്ടങ്ങളിലൂടെ അവതരിപ്പിക്കുന്ന ഒരു കഥ പറയാനാണ് ഞങ്ങള് ശ്രമിച്ചിട്ടുള്ളത്.

ശക്തമായ സ്ത്രീ കഥാപാത്രങ്ങൾ ഈ സിനിമയിലുണ്ട്. മൂന്ന് സ്ത്രീ കഥാപാത്രങ്ങളുടെ കാഴ്ചപ്പാടുകളിലൂടെ കൂടിയാണ് സിനിമ സഞ്ചരിക്കുന്നത്. പ്രണയം വളരെ നല്ല രീതിയിൽ പറഞ്ഞു പോകുന്നൊരു സിനിമയാണിത്, ഈ ചിത്രത്തിന്റെ ഒരു ബേസിക്ക് എലമെന്റ് തന്നെ പ്രണയമാണ്.

കുഞ്ഞിക്കേളു എന്ന യോദ്ധാവിന്റെ പെയർ ആയി എത്തുന്നത് ഐശ്വര്യ രാജേഷ് ആണ്. രണ്ടാമത്തെ കഥാപാത്രമായ മണിയന്റെ നായിക സുരഭി ലക്ഷ്മി ആണ്. മൂന്നാമത്തെ ടൊവിനോയുടെ കഥാപാത്രമായ അജയന്റെ നായികയാകുന്നത് കൃതി ഷെട്ടി ആണ്. ഒപ്പം ഇതുവരെ കാണാത്ത രീതിയിലായിരിക്കും ബേസിൽ ജോസഫ് സിനിമയിലെത്തുന്നത്. വളരെ ഭംഗിയായി ബേസിൽ അത് ചെയ്തിട്ടുണ്ട്.

വടക്കൻ പാട്ടിന്റെ ശൈലി ഈ പടത്തിൽ ഉപയോഗിക്കാൻ ഞങ്ങൾ ശ്രമിച്ചിട്ടുണ്ട്. മദർ ഓഫ് മാർഷ്യൽ ആർട്സ് എന്ന് വിശേഷിപ്പിക്കുന്ന കളരിയും ഒരു പ്രധാന ഭാഗമാണ്. ഉത്സവാന്തരീക്ഷത്തിൽ ജനങ്ങൾക്ക് കാണാവുന്ന സിനിമയായിരിക്കും അജയന്റെ രണ്ടാം മോഷണം എന്ന വിശ്വാസം ഞങ്ങൾക്കുണ്ട്.

സിനിമയുടെ തുടക്കം ?

കാസർഗോഡ് ജില്ലയിലെ നീലേശ്വരം ആണ് എന്റെ നാട്. കാവുകളും, തെയ്യവും, നിറയെ മിത്തുകളും ഉള്ള സ്ഥലത്ത് നിന്നാണ് ഞാൻ വരുന്നത്. ഈ സിനിമയിലെ ആദ്യത്തെ രണ്ട് കഥാപാത്രങ്ങളെയും അവിടെ പല കാലഘട്ടങ്ങളിൽ നടന്ന സംഭവങ്ങളിൽ നിന്നെല്ലാം പ്രചോദനം ഉൾക്കൊണ്ട് രൂപപ്പെടുത്തിയതാണ്. അജയൻ ഒരു ഫിക്ഷണൽ കഥാപാത്രമാണ്.

2015 ലാണ് ഈ സിനിമയുടെ ആദ്യത്തെ ഡ്രാഫ്റ്റ് എഴുതുന്നത്. 'എന്ന് നിന്റെ മൊയ്തീ'നിലെ അസിസ്റ്റന്റ് ഡയറക്ടേഴ്സ് ആയിരുന്നു ജിതിൻ ലാലും, ശ്രീജിത്തും. ആ സമയത്താണ് ജിതിൻ സ്വന്തമായി ഒരു സിനിമ ചെയ്യാനായി ഒരു കഥ അന്വേഷിക്കുന്നുണ്ട് എന്ന് ശ്രീജിത്ത് പറയുന്നത്. അങ്ങനെ ജിതിൻ എന്നെ കാണാൻ വരുകയും സിനിമ ചെയ്യാൻ തീരുമാനിക്കുകയും ചെയ്യുന്നു.

'കൂതറ' എന്ന സിനിമ മുതൽ ജിതിനുമായി അടുപ്പമുള്ള ആളാണ് ടൊവിനോ. അങ്ങനെ ഈ കഥ ടോവിനോയോട് പറയുന്നു. ഇതൊരു വലിയ സിനിമയാണ് അപ്പോൾ ഒരു മൾട്ടിസ്റ്റാറർ ആയി ചെയ്താൽ പോരേയെന്നാണ് ടൊവിനോ ഞങ്ങളോട് ചോദിച്ചത്. ഞങ്ങൾക്ക് ഈ 3 കഥാപാത്രങ്ങളും ടൊവിനോ തന്നെ ചെയ്താൽ മതിയെന്ന ക്ലാരിറ്റി ഉണ്ടായിരുന്നു. ഈ സിനിമ ഒരിക്കലും ഒരു ഹാഫ് ബേക്ക്ഡ് ആകാതെ കരിയറിൽ ഒരു ലാൻഡ്മാർക്ക് ആകണമെന്ന തരത്തിൽ ചെയ്യണമെന്ന ആഗ്രഹം ടൊവിനോക്കും ഉണ്ടായിരുന്നു. 2015 മുതൽ ഇങ്ങുവരെ ടൊവിനോ എന്ന നടന് ഒരു വളർച്ച ഉണ്ടായിട്ടുണ്ട്, ആ വളർച്ചയോടൊപ്പം ഈ സിനിമയും വളർന്നിട്ടുണ്ട്. ഈ സിനിമയെ ഇത്ര വലുതാക്കിയത് കാലത്തിനനുസരിച്ച് തിരക്കഥയിൽ വരുത്തിയ മാറ്റങ്ങളാണ്.

പാൻ ഇന്ത്യൻ ചിത്രം

ഇപ്പോൾ സിനിമകൾക്ക് ഒരു ഗ്ലോബൽ അംഗീകാരം കിട്ടുന്ന സമയമാണ്. അങ്ങനെ ചിന്തിച്ചപ്പോഴാണ് എന്തുകൊണ്ട് 'അജയന്റെ രണ്ടാം മോഷണം' എന്ന സിനിമ കേരളത്തിന് പുറത്തു അവതരിപ്പിച്ചുകൂടാ എന്ന ചിന്തയുണ്ടാകുന്നത്. ഇത് വിഷ്വലുകൾക്ക് ഒരുപാട് പ്രാധാന്യമുള്ള സിനിമയാണ്. അതുകൊണ്ട് ജനം തിയറ്ററിൽ തന്നെ കാണണം. കോവിഡ് സമയത്ത് ഞങ്ങൾക്ക് ഒരുപാട് സമയം ലഭിച്ചിരുന്നു അന്ന് നിരന്തരം തിരുത്തലുകളും നടന്നിരുന്നു. തിരക്കഥയുടെ 21ാം ഡ്രാഫ്റ്റ് ആണ് ഞങ്ങൾ ഷൂട്ട് ചെയ്യുന്നത്. കാലത്തിന്റേതായ മാറ്റങ്ങൾ ഈ സിനിമക്ക് ഉണ്ടായിട്ടുണ്ട്. അതുകൊണ്ടാണ് ഇത്രയും ഡ്രാഫ്റ്റ് വേണ്ടിവന്നത്.

പ്രീ പ്രൊഡക്ഷൻ വർക്ക്

ഇതിന്റെ വിഷ്വലൈസേഷൻ എങ്ങനെ ആയിരിക്കണമെന്ന സംശയം ഞങ്ങൾക്ക് ഉണ്ടായിരുന്നു. അങ്ങനെ ഞങ്ങൾ ഈ സിനിമക്ക് ഒരു പ്രീ വിഷ്വലൈസേഷൻ നടത്തി. സിനിമയിൽ ഏറ്റവും ടെക്നിക്കലി ഡിമാന്റിങ്ങായ രംഗങ്ങളെ 40 മിനിറ്റോളം നീണ്ടു നിൽക്കുന്ന പ്രീ വിഷ്വലൈസേഷൻ ചെയ്തു. ജോമോൻ ടി ജോണിനെ ഞങ്ങൾ പോയി കാണുമ്പോൾ ഈ വിഷ്വലൈസേഷൻ ആണ് ഞങ്ങൾ മുമ്പിൽ വച്ചത്. ഒരുപാട് നാളത്തെ പ്ലാനിങ്ങിന് ശേഷമാണ് ടെക്നീഷ്യന്സിനെ ഇതിലേക്ക് കൊണ്ടുവരുന്നത്. 'ഗുരുവായൂരമ്പല നടയിൽ', 'കുഞ്ഞിരാമായണം' തുടങ്ങിയ സിനിമകൾ എഴുതിയ ദീപു പ്രദീപും ഈ സിനിമയിലൊരു ഭാഗമായിരുന്നു. കളരി ഒക്കെ വെറുതെ പേരിന് മാത്രം കാണിച്ച് പോകാതെ നന്നായി സിനിമയിൽ കാണിക്കണമെന്ന് ഉണ്ടായിരുന്നു. ടൊവിനോ ഇതിനായി കളരി പഠിച്ചിരുന്നു. ഇത് പിന്നീട് ടൊവിനോയുടെ അഭിനയത്തിൽ പോലും മാറ്റങ്ങളുണ്ടാക്കി. ഒരു നടനാണ് ഈ മൂന്ന് കഥാപാത്രങ്ങൾ ചെയ്യുന്നതെങ്കിലും അത് വ്യത്യസ്തമായി അനുഭവപ്പെടണം എന്ന നിർബന്ധം ഞങ്ങൾക്ക് ഉണ്ടായിരുന്നു.

കലണ്ടറിൽ കുറിച്ചിട്ടോളൂ, പോരാട്ടത്തിന്റെ പുതിയ അധ്യായത്തിന് സമയമാകുന്നു; 'വിടുതലൈ 2' റിലീസ് ഉടൻ

രണ്ടാമത്തെ കഥാപാത്രമായ കള്ളൻ മണിയനെ അസുരനായും യോദ്ധാവായ കുഞ്ഞിക്കേളുവിനെ ദേവനായും ആണ് നമ്മൾ അവതരിപ്പിക്കുന്നത്. അജയന്റെ കഥാപാത്രമെത്തുന്നത് 90 കളുടെ തുടക്കത്തിലാണ്. ഒരുപാട് പ്രശ്നങ്ങളിലൂടെ കടന്നുപോകുന്ന ഒരു സാധാരണക്കാരനാണ് അയാൾ. ഈ മൂന്ന് കഥാപാത്രങ്ങളുടെയും ശരീരഭാഷ വ്യത്യസ്തമായിരിക്കുക എന്നത് വളരെ ബുദ്ധിമുട്ടായിരുന്നു.

അജയന് തടി കുറവാണ് കുഞ്ഞിക്കേളുവിന് ഒരു യോദ്ധാവിന്റെ ശരീരഭാഷയാണ്. ഇത് കൃത്യമായി പഠിക്കാനായി ഒരു വർക്ക് ഷോപ്പിൽ ടൊവിനോ ജോയിൻ ചെയ്യുകയും പഠിക്കുകയും ചെയ്തു. അത് പെർഫെക്റ്റ് ആയി എന്ന് ഞങ്ങൾ വിശ്വാസം വന്ന ഒരിടത്താണ് ഷൂട്ട് തുടങ്ങിയത്.

വലിയ ആർട്ട് വർക്ക് ഡിമാൻഡ് ചെയ്യുന്നൊരു സിനിമ ആണ് ഇത്. ആർട്ട് വർക്ക് ചെയ്ത ഗോകുൽ ദാസിനോട് എന്താണ് വേണ്ടതെന്ന് നേരത്തെ വിളിച്ച് ഒരു ബ്രീഫ് ഞങ്ങൾക്ക് കൊടുക്കാൻ പറ്റി. അത് സിനിമക്ക് കൂടുതൽ സഹായകമായി.

ടൊവിനോയിലെ താരത്തിന്റെ അടുത്ത ഘട്ടം

ടൊവിനോയുടെ കരിയറിലെ ഒരു നാഴികക്കല്ലായിരിക്കും 'അജയന്റെ രണ്ടാം മോഷണം'. അത്രമാത്രം അർപ്പണം ടൊവിനോ ഈ കഥാപാത്രത്തിനായി നടത്തിയിട്ടുണ്ട്. ഞങ്ങൾ മനസ്സിൽ കണ്ടതിനും എത്രയോ മുകളിലാണ് ടൊവിനോ ഈ കഥാപാത്രങ്ങളെ ചെയ്തിരിക്കുന്നത്. ടൊവിനോയെ അല്ലാതെ മറ്റൊരാളെയും ഈ റോളിലേക്ക് സങ്കൽപ്പിക്കാൻ കഴിയാത്ത വിധം അദ്ദേഹം മൂന്ന് കഥാപാത്രങ്ങളെയും അവതരിപ്പിച്ചു. അയാൾക്കൊരു റീപ്ലേസ്മെന്റ് ഇല്ല. ടൊവിനോയിലെ താരത്തിന്റെ അടുത്ത ഘട്ടം എന്നതിനോടൊപ്പം അയാളിലെ നടനെ പ്രേക്ഷകർ ഏറ്റെടുക്കണമെന്നും ഞങ്ങൾക്ക് ആഗ്രഹമുണ്ട്.

3D യുടെ ലോകം

ഞങ്ങൾ ഇതിൽ സൃഷ്ടിച്ചിരിക്കുന്ന ലോകത്തേക്ക് പ്രേക്ഷകരെ കൊണ്ടിരുത്താൻ 3D യാണ് കൂടുതൽ അനുയോജ്യമെന്ന് ഒരു ഘട്ടത്തിലാണ് ഞങ്ങൾക്ക് തോന്നിയത്. ഒരു വിഷ്വൽ എക്സ്പീരിയൻസ് ഈ സിനിമ ഡിമാൻഡ് ചെയ്യുന്നത് കൊണ്ട് 3D ആണെങ്കിൽ അത് പ്രേക്ഷകർക്ക് കുറച്ചുകൂടി ആസ്വാദ്യകരമായിരിക്കും.

2D,3D രണ്ട് വേർഷനിലും ഈ സിനിമ പുറത്തിറങ്ങുന്നുണ്ട്. 2Dയിലാണ് ഈ സിനിമ ഷൂട്ട് ചെയ്തത്, പിന്നീട് 3Dയിലേക്ക് കൺവെർട്ട് ചെയ്യുകയായിരുന്നു. റിയൽ 3D എന്നൊരു കമ്പനി ലോഞ്ച് ചെയ്യപ്പെടുകയാണ് ഈ സിനിമയിലൂടെ. അവർ മലയാളത്തിൽ ചെയ്യുന്ന ആദ്യ സിനിമയാണിത്. അതുകൊണ്ട് തന്നെ അവർക്കും ഈ സിനിമ പ്രധാനപെട്ടതാണ്, അവരുടെ ഭാഗത്ത് നിന്ന് ഒരുപാട് ഇൻപുട്ട്സ് ഉണ്ടായിരുന്നു. ലിസ്റ്റിൻ സ്റ്റീഫനും യുജിഎം പ്രൊഡക്ഷൻസും പോലുള്ള നിർമാതാക്കൾ വന്നതുകൊണ്ടാണ് ഇങ്ങനെയൊരു സിനിമ നമുക്ക് സാധ്യമായത്.

To advertise here,contact us