മലയാള സിനിമയിലെ നീണ്ട ഷൂട്ടിങ് സമയങ്ങളെക്കുറിച്ച് നടി കൃതി ഷെട്ടി. മലയാള സിനിമയിലെ ഷൂട്ടിങ് സമയങ്ങൾ താൻ മറ്റു ഇൻഡസ്ട്രികളിൽ വർക്ക് ചെയ്തതിൽ നിന്നേറെ വ്യത്യസ്തമായിരുന്നു. എല്ലാ ദിവസവും ഷൂട്ട് ഒരുപാട് സമയം നീളുമായിരുന്നെന്ന് കൃതി ഷെട്ടി പറഞ്ഞു.
കൺപീലികളിൽ ഫോക്കസ് ചെയ്യേണ്ട ഒരു സീൻ ചിത്രത്തിലുണ്ടായിരുന്നു എന്നാൽ ഉറക്കം ലഭിക്കാത്തതിനാൽ എനിക്ക് കൺപീലികൾ അനക്കാന് സാധിച്ചിരുന്നില്ല. ഒരുപക്ഷെ സിനിമയുടെ സെറ്റ് അത്രയധികം ഇഷ്ടപ്പെട്ടതുകൊണ്ട് ആ ക്ഷീണം ആദ്യം തനിക്ക് അറിയാന് കഴിഞ്ഞില്ലെന്നും ഗലാട്ട പ്ലസിന് നൽകിയ അഭിമുഖത്തിൽ കൃതി ഷെട്ടി പറഞ്ഞു.
'അജയന്റെ രണ്ടാം മോഷണം' എന്ന ബിഗ് ബഡ്ജറ്റ് ചിത്രത്തിലൂടെ ടൊവിനോയുടെ നായികയായിട്ടാണ് കൃതി ഷെട്ടി മലയാളത്തിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. ചിത്രം ഓണത്തിന് തിയറ്ററുകളിലെത്തും.
കൃതി ഷെട്ടിയുടെ വാക്കുകൾ :
"മലയാളം സിനിമയിലെ ഷൂട്ടിങ് സമയങ്ങൾ ഞാൻ വര്ക്ക് ചെയ്ത മറ്റ് ഇന്ഡസ്ട്രികളില് നിന്നേറെ വ്യത്യസ്തമായിരുന്നു. എല്ലാ ദിവസവും ഷൂട്ട് ഒരുപാട് സമയം നീളുമായിരുന്നു. ഷൂട്ടിന്റെ നാലാമത്തെയോ അഞ്ചാമത്തെയോ ദിവസം ചിത്രത്തിലെ ഒരു സീനിനായി എന്റെ കൺപീലികളിൽ ഫോക്കസ് ചെയ്യേണ്ട കാര്യമുണ്ടായിരുന്നു.
അതുവരെ എല്ലാരും എന്നെ സൺഷൈൻ ഗേൾ എന്നായിരുന്നു വിളിച്ചിരുന്നത്. എന്നാൽ കൃത്യമായി ഉറങ്ങാത്തതുകൊണ്ട് ഷൂട്ടിനിടയില് അന്ന് ഞാൻ കുറച്ച് ക്ഷീണിതയായിരുന്നു ആ ദിവസം ഞാൻ സെറ്റിൽ എത്തിയപ്പോൾ എല്ലാവരും എന്നോട് ഞാൻ ഓക്കെ ആണോയെന്ന് ചോദിച്ചു. ഞാൻ അപ്പോൾ ഓക്കെ ആണെന്ന് പറഞ്ഞു.
സിനിമയുടെ സെറ്റ് അത്രയധികം ഇഷ്ടപ്പെട്ടതുകൊണ്ട് ആ ക്ഷീണം ആദ്യം അറിയാന് കഴിഞ്ഞില്ല. എനിക്ക് അപ്പോൾ കൺപീലികൾ അനക്കാൻ പോലും പറ്റുന്നുണ്ടായിരുന്നില്ല. ഞാൻ അത് സംവിധായകൻ ജിതിൻ ലാലിനോടും തിരക്കഥാകൃത്ത് സുജിത്ത് നമ്പ്യാരോടും പറഞ്ഞു.അവർ രണ്ട് മണിക്കൂർ ഉറങ്ങാനുള്ള സമയം എനിക്ക് അനുവദിച്ചു തന്നു അതിന് ശേഷമാണ് ആ സീൻ പൂർത്തിയാക്കിയത്."
മലയാള സിനിമയിൽ നീണ്ട ജോലി സമയങ്ങളെപ്പറ്റി കഴിഞ്ഞ ദിവസം സാങ്കേതിക പ്രവര്ത്തകനായ ലെനിന് വലപ്പാട് ഫേസ്ബുക്കില് കുറിച്ചിരുന്നു. സൗത്ത് ഇന്ത്യന് സിനിമയിലോ നോര്ത്ത് ഇന്ത്യന് സിനിമയിലോ ഇത്രയും പ്രാകൃതമായ, തൊഴിലാളികള്ക്ക് കൃത്യമായ വിശ്രമം അനുവദിക്കാത്ത ഷിഫ്റ്റ് സമ്പ്രദായം നിലനില്ക്കുന്നില്ലെന്നും രാവിലെ 6 മണി മുതല് രാത്രി 9 വരെയാണ് മലയാള സിനിമാ ഷൂട്ടിങ്ങുകളിലെ സാധാരണ ഷിഫ്റ്റെന്നും ഇത് തൊഴിലാളിവിരുദ്ധവും അടിസ്ഥാന അവകാശങ്ങള് ഹനിക്കുന്നതാണെന്നും ലെനിൻ ഫേസ്ബുക്കിലൂടെ കുറിച്ചു.
15 മണിക്കൂറുള്ള 'നോര്മല്' ഷിഫ്റ്റ്; പരാതിപ്പെട്ടാല് ഒഴിവാക്കല്; കൂടുതല് വെളിപ്പെടുത്തലുകള്
ലെനിന്റെ വെളിപ്പെടുത്തലുകള് ശരിവെച്ചുകൊണ്ട് പ്രശ്സത സൗണ്ട് ഡിസൈനറും സൗണ്ട് എഡിറ്ററുമായ രംഗനാഥ് രവിയടക്കമുള്ളവര് രംഗത്തുവന്നിട്ടുണ്ട്. ഇത്തരം പ്രവർത്തികളെ ചോദ്യം ചെയ്തതിന് ഒരുപാട് (sync sound) പ്രോജക്ടസില് നിന്ന് ഒഴിവാക്കപ്പെട്ടിട്ടുണ്ടെന്ന് രംഗനാഥ് രവി പറഞ്ഞു. ഇത്തരം തൊഴിലാളിവിരുദ്ധമായ നടപടികള്ക്ക് പരിഹാരം കാണാനുള്ള ശ്രമങ്ങള് കൂടി സര്ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകണമെന്നാണ് ലെനിന് വലപ്പാടും മറ്റുള്ളവരും ആവശ്യപ്പെടുന്നത്.
മലയാള സിനിമാമേഖലയില് സ്ത്രീകള് നേരിടുന്ന അതിക്രമങ്ങളെയും ചൂഷണങ്ങളെയും കുറിച്ച് അന്വേഷിച്ച ഹേമ കമ്മിറ്റിയുടെ റിപ്പോര്ട്ടിന് പിന്നാലെ സിനിമയിലെ വിവിധ മേഖലകളിലെ പ്രശ്നങ്ങള് മറനീക്കി പുറത്തുവരികയാണ്. 15 മണിക്കൂര് ഷിഫ്റ്റിനെ കുറിച്ച് അഭിനേതാക്കളടക്കമുള്ളവര് പലപ്പോഴും പറഞ്ഞിട്ടുണ്ട്. കുറഞ്ഞ ദിവസങ്ങള്ക്കുള്ളില് ഷൂട്ട് പൂര്ത്തിയാക്കുന്നുവെന്ന ഖ്യാതി മലയാള സിനിമയ്ക്ക് ലഭിച്ചതിന് പിന്നില് ഇത്തരം അടിസ്ഥാന അവകാശങ്ങളുടെ ലംഘനം കൂടിയുണ്ടെന്നതും ചര്ച്ചാവിഷയമായിട്ടുണ്ട്.
ഈ പശ്ചാത്തലത്തില് കൃതി ഷെട്ടിയുടെ വാക്കുകളും സിനിമാഗ്രൂപ്പുകളില് കൂടുതല് ചര്ച്ചകള്ക്ക് വഴിവെച്ചിട്ടുണ്ട്.