'മാരി സെൽവരാജ് തമിഴ് സിനിമയിലെ ഏറ്റവും ഉറച്ച ശബ്ദങ്ങളിൽ ഒന്ന്' ; അഭിനന്ദിച്ച് മണിരത്നം

മാരി സെല്വരാജിന്റെ പുതിയ ചിത്രമായ വാഴൈയുടെ പശ്ചാത്തലത്തിലാണ് മണിരത്നത്തിന്റെ വാക്കുകള്. "ആ വില്ലേജിലെ എല്ലാവരെയും ഇത്ര നന്നായി എങ്ങനെയാണ് മാരി സെൽവരാജ് അഭിനയിപ്പിച്ചതെന്ന് എനിക്കറിയില്ല, ശരിക്കും അസൂയ തോന്നുന്നു," മണിരത്നം പറഞ്ഞു

മാരി സെൽവരാജിനെയും അദ്ദേഹം സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമായ വാഴൈയെയും അഭിനന്ദിച്ച് മണിരത്നം. മാരി സെൽവരാജ് ഒരു സ്പെഷ്യൽ ഫിലിം മേക്കർ ആണ്. തമിഴ് ഇൻഡസ്ട്രിയിലെ ഏറ്റവും ഉറച്ച ശബ്ദങ്ങളിൽ ഒന്നാണ് മാരി എന്ന് മണിരത്നം പറഞ്ഞു.

അദ്ദേഹത്തിന്റെ മറ്റു സിനിമകളിൽ ഉള്ള പക്വതയും അവതരണത്തിലെ മികവും വാഴയിലും ഉണ്ട്. മാരി സെൽവരാജിനെ ഓർത്ത് അഭിമാനിക്കുന്നുവെന്നും വാഴൈയുടെ പ്രിവ്യുവിന് ശേഷം മണിരത്നം പറഞ്ഞു.

'ആ വില്ലേജിലെ എല്ലാവരെയും ഇത്ര നന്നായി എങ്ങനെയാണ് മാരി സെൽവരാജ് അഭിനയിപ്പിച്ചതെന്ന് എനിക്കറിയില്ല, ശരിക്കും അസൂയ തോന്നുന്നു. എല്ലാ അഭിനേതാക്കളും അത്രയും മികച്ച പെര്ഫോമന്സാണ് നടത്തിയിരിക്കുന്നത്," മണിരത്നം പറഞ്ഞു.

നിഖില വിമൽ, കലൈയരസൻ എന്നിവർക്കൊപ്പം രാഗുൽ, പൊൻവെൽ എന്നീ കുട്ടികളും വാഴൈയില് പ്രധാന വേഷമിടുന്നു. സന്തോഷ് നാരായണനാണ് സംഗീതം നല്കിയിരിക്കുന്നത്. ഛായാഗ്രഹണം തേനി ഈശ്വർ. കർണ്ണൻ, മാമന്നൻ എന്നീ സിനിമകൾക്ക് ശേഷം മാരി സെൽവരാജ് - തേനി ഈശ്വർ കോംബോയിലെത്തിയ ചിത്രമാണിത്. ഓഗസ്റ്റ് 23നാണ് വാഴൈ തിയേറ്ററുകളിലെത്തുക.

To advertise here,contact us