'കരിയറിലെ ഏറ്റവും ബുദ്ധിമുട്ടേറിയ യാത്രയായിരുന്നു 'ഓ ബേബി'യുടേത്' ; ഫെമിന ജബ്ബാർ

'ഓ ബേബി'യിലെ രാഷ്ട്രീയം വേഷവിധാനത്തിലൂടെ സട്ടിലായി അവതരിപ്പിക്കാനായിരുന്നു സംവിധായകൻ രഞ്ജൻ പ്രമോദ് നൽകിയ നിർദേശം.

തന്റെ കരിയറിലെ ഏറ്റവും ബുദ്ധിമുട്ടേറിയ യാത്രയായിരുന്നു ഓ ബേബിയുടേതെന്ന് മികച്ച വസ്ത്രാലങ്കാരത്തിനുള്ള സംസ്ഥാന പുരസ്കാരം ലഭിച്ച കോസ്റ്റ്യൂം ഡിസൈനർ ഫെമിന ജബ്ബാർ. രഞ്ജൻ പ്രമോദ് സംവിധാനം ചെയ്ത് 2023 ൽ പുറത്തിറങ്ങിയ 'ഓ ബേബി' എന്ന സിനിമയ്ക്കാണ് ഫെമിന ജബ്ബാറിന് ഇത്തവണ സംസ്ഥാന പുരസ്കാരം ലഭിച്ചത്. 'ഓ ബേബി'യിൽ ഒരു ശക്തമായ രാഷ്ട്രീയം പറയുന്നുണ്ട്. അത് വേഷവിധാനത്തിലൂടെ വളരെ സട്ടിൽ ആയി അവതരിപ്പിക്കണമെന്നായിരുന്നു 'ഓ ബേബി'യുമായി സമീപിക്കുമ്പോൾ രഞ്ജൻ പ്രമോദ് സാർ തനിക്ക് നൽകിയ നിർദേശം.' ഫെമിന റിപ്പോർട്ടറിനോട് പറഞ്ഞു.

'ഓ ബേബി'യ്ക്കൊപ്പമുള്ള യാത്രയെക്കുറിച്ച് ഫെമിന പറയുന്നതിങ്ങനെ :

'വളരെ അൺ പ്രെഡിക്റ്റബിൾ ആയ ടെറൈനിൽ ആയിരുന്നു 'ഓ ബേബി' സെറ്റ് ചെയ്തിരുന്നത്. കോവിഡ് കാലത്താണ് ഈ സിനിമ ഷൂട്ട് ചെയ്തത്. അത്രയും വലിയൊരു സിനിമക്ക് റിസോഴ്സസ് എത്തിക്കുന്നതിൽ ക്രൂവിന് ചില ലിമിറ്റേഷൻസ് ഉണ്ടായിരുന്നു. ആ പരിമിതിക്കുള്ളിൽ വച്ച് ചെയ്ത സിനിമയാണ് 'ഓ ബേബി'. കാലാവസ്ഥയും നമുക്ക് ഒട്ടും അനുകൂലമല്ലായിരുന്നു അതുകൊണ്ട് കണ്ടിന്യുവിറ്റി ഒക്കെ ഒരു പ്രശ്നമായിരുന്നു. എന്റെ കരിയറിലെ ഏറ്റവും പ്രയാസമേറിയ യാത്രയായിരുന്നു 'ഓ ബേബി.'

2019 ൽ ഗിരീഷ് എ ഡി സംവിധാനം ചെയ്ത് വിനീത് ശ്രീനിവാസൻ, മാത്യു തോമസ്, അനശ്വര രാജൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങൾ അവതരിപ്പിച്ച തണ്ണീർ മത്തൻ ദിനങ്ങൾ എന്ന സിനിമയിലൂടെയായിരുന്നു ഫെമിന ജബ്ബാർ സിനിമയിലേക്ക് എത്തുന്നത്. തുടർന്ന് സൂപ്പർ ശരണ്യ, കുടുക്ക് 2025, തീപ്പൊരി ബെന്നി, ആനന്ദപുരം ഡയറീസ് എന്നീ സിനിമകൾക്കും ഫെമിന വസ്ത്രാലങ്കാരം കൈകാര്യം ചെയ്തിരുന്നു. അതിനൊപ്പം സൂപ്പർ ശരണ്യ, ഓ ബേബി എന്നീ സിനിമകളിൽ അഭിനയിക്കുകയും ചെയ്തിരുന്നു.

'ഉര്വശി ചേച്ചിക്കൊപ്പമുള്ള അവാര്ഡ് ഇരട്ടി മധുരം': ബീന ആർ ചന്ദ്രൻ

'ഞാൻ ആദ്യമായി കോസ്റ്റ്യൂം ഡിസൈൻ ചെയ്ത സിനിമ തണ്ണീർമത്തൻ ദിനങ്ങൾ ആണ്. അതിന് മുൻപ് സിനിമ മേഖലയുമായി എനിക്ക് യാതൊരു ബന്ധവും ഇല്ലായിരുന്നു. എന്നാൽ സിനിമയിലേക്ക് വരണമെന്ന് ആഗ്രഹമുണ്ടായിരുന്നു. ഞാൻ ആദ്യായിട്ട് കാണുന്ന സിനിമ സെറ്റ് പോലും തണ്ണീർ മത്തൻ ദിനങ്ങളുടേതാണ്.' ഫെമിന ജബ്ബാർ പറഞ്ഞു.

തനിക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന സ്നേഹത്തിലും അഭിനന്ദനങ്ങളിലും അത്യധികം ആഹ്ളാദിക്കുന്നെന്നും ഫെമിന തന്റെ സോഷ്യൽ മീഡിയയിൽ കുറിച്ചിരുന്നു. അടുത്തതായി കമ്മിറ്റ് ചെയ്ത സിനിമകളൊന്നും തന്നെ ഇപ്പോൾ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. റിലീസ് ആകാനായി കുറച്ച് സിനിമകളുണ്ടെന്നും ഫെമിന റിപ്പോർട്ടറിന് നൽകിയ അഭിമുഖത്തിൽ പറയുകയുണ്ടായി.

To advertise here,contact us