സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന വിമര്‍ശനങ്ങള്‍ക്കും ട്രോളുകള്‍ക്കുമെതിരെ ശ്കതമായി മറുപടി പറഞ്ഞ് തെന്നിന്ത്യന്‍ താരദമ്പതികളായ രശ്മിക മന്ദാനയും വിജയ് ദേവരകൊണ്ടയും. ഇന്‍സ്റ്റഗ്രം പോസ്റ്റിലൂടെയാണ് രശ്മിക മറുപടി നല്‍കിയിരിക്കുന്നത്. തങ്ങള്‍ നല്കിയ അഭിമുഖത്തിന് ശേഷം സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നുവന്ന വിമര്‍ശനങ്ങള്‍ അഭിപ്രായപ്രകടനങ്ങളല്ല, മറിച്ച് വെറുപ്പ് തീര്‍ക്കാനുള്ള നീക്കമാണെന്ന് രശ്മിക പറഞ്ഞു. കുടുംബത്തെ വലിച്ചിഴച്ച് സംസാരിക്കുന്നത് സ്ത്രീസമത്വമല്ലെന്നും, അത് വെറും അധിക്ഷേപമാണെന്നും താരം തുറന്നടിച്ചു.
കുറിപ്പിന്റെ പൂര്‍ണരൂപം
സാധാരണയായി ഞാന്‍ ഇത്തരം കാര്യങ്ങളില്‍ വിശദീകരണം നല്‍കാറില്ല, കാരണം ഓരോരുത്തര്‍ക്കും അവരുടേതായ അഭിപ്രായങ്ങള്‍ക്ക് അവകാശമുണ്ട്. ചിലപ്പോഴൊക്കെ മറ്റുള്ളവരുടെ അഭിപ്രായങ്ങള്‍ വായിക്കുന്നതും അവയിലൂടെ വ്യത്യസ്തമായ കാഴ്ചപ്പാടുകള്‍ മനസ്സിലാക്കുന്നതും ഞാന്‍ ആസ്വദിക്കാറുമുണ്ട്. എന്നാല്‍ ഞങ്ങളുടെ അഭിമുഖത്തിന് ശേഷം ഇപ്പോള്‍ ഉണ്ടാകുന്ന പ്രക്ഷോഭം ആളുകള്‍ അഭിപ്രായം പറയുന്നതുപോലെയല്ല, മറിച്ച് ആരോടെങ്കിലും ദേഷ്യം തീര്‍ക്കാന്‍ നടക്കുന്ന ഒരു ആള്ക്കൂട്ടത്തെപ്പോലെയാണ് തോന്നുന്നത്. എവിടെയോ വെച്ച് ഈ വിഷയത്തിന്റെ യഥാര്‍ഥ അര്‍ത്ഥം എല്ലാവര്ക്കും നഷ്ടപ്പെട്ടു. അത് നിങ്ങളുടെ കാഴ്ചപ്പാടുകള്‍ക്ക് അനുയോജ്യമായിരിക്കില്ല. അല്ലെങ്കില്‍ ചിലര്‍ക്ക് അത് കാണാന്‍ തീരെ താല്പര്യമില്ലായിരിക്കാം. സ്നേഹത്തില്‍ വിശ്വസിക്കുന്നവരെ സംരക്ഷിക്കാന്‍ ആഗ്രഹിക്കുന്നതുകൊണ്ടാണ് ഞാന്‍ ഇത് എഴുതുന്നത്. എല്ലാവര്ക്കും അവരവരുടെ രീതിയിലുള്ള സ്നേഹം കണ്ടെത്താന്‍ കഴിയട്ടെ എന്ന് ഞാന്‍ ആശംസിക്കുന്നു.
ഞങ്ങളുടെയും നിങ്ങളുടെയും പ്രൊഫൈലുകളില്‍ അനാവശ്യമായി അഭിപ്രായങ്ങളും കമന്റുകളും ഉപദേശങ്ങളും കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ആളുകള്‍ ഞങ്ങളെ ആക്രമിച്ച ആ രീതി എന്നെ ശരിക്കും ഞെട്ടിച്ചു. 'ഇവിടെ എന്താണ് സംഭവിക്കുന്നത്?' എന്ന് ഞാന്‍ ചിന്തിച്ചു പോയി. അതുകൊണ്ട് ഞാന്‍ ഒരു പടി പുറകോട്ട് മാറി, ഇതിനെക്കുറിച്ച് ചിന്തിച്ചു. ഇതാ എന്റെ സ്വന്തം ജീവിതത്തെക്കുറിച്ചുള്ള എന്റെ ചെറിയ കാഴ്ചപ്പാട്.
ആദ്യമായി, ഇത് എത്ര തവണ എന്നതിനെക്കുറിച്ചോ ഒരു വര്‍ഷത്തെക്കുറിച്ചോ ആയിരുന്നില്ല. അവിടെയാണ് നിങ്ങളില്‍ ചിലര്‍ ഉടക്കി നിന്നത്. അതെ, ആ സംഭാഷണം നടന്നിരുന്നു. എന്നാല്‍ ഞങ്ങളാരും ഒരു വലിയ വിവാഹാഭ്യര്‍ഥന പ്രതീക്ഷിച്ചിരുന്നില്ല. ജീവിതത്തിലെ എല്ലാ ഉയര്‍ച്ച താഴ്ചകള്‍ക്കും, സന്തോഷങ്ങള്‍ക്കും, മാനസിക സമ്മര്‍ദ്ദങ്ങള്‍ക്കും ഇടയിലും, ഇതാണോ നമ്മള് ആഗ്രഹിക്കുന്നത് എന്നും, ഇതിന് അനുയോജ്യമായ സമയമാണോ ഇതെന്ന് ഉറപ്പുവരുത്താനും ഞങ്ങള്‍ക്ക് ഇരുവരും സമയവും ഇടവും നല്കണമെന്നതിനെക്കുറിച്ചായിരുന്നു ആ സംഭാഷണം. ഞങ്ങള്‍ അത് ചെയ്തു. ഞങ്ങള്‍ പരസ്പരം തിരഞ്ഞെടുത്തു.
എനിക്ക് എന്താണ് വേണ്ടതെന്ന് എനിക്ക് കൃത്യമായി അറിയാമായിരുന്നു എന്നത് പൂര്‍ണ്ണമായും ശരിയാണ്. അതുപോലെ തന്നെ ജീവിതത്തിലെ പ്രായോഗിക കാര്യങ്ങളെക്കുറിച്ച് ചിന്തിക്കാനും ഉറപ്പു വരുത്താനും അദ്ദേഹത്തിന് സമയം വേണമായിരുന്നു എന്നതും ശരിയാണ്. അത് ഞങ്ങളുടെ സ്നേഹത്തെ ഒരു തരത്തിലും മാറ്റിമറിച്ചില്ല. ഞാന്‍ പൂര്‍ണ്ണമായും ഹൃദയം കൊണ്ട് ചിന്തിക്കുന്നവളാണ്, അദ്ദേഹം ബുദ്ധിപൂര്‍വം ചിന്തിക്കുന്നവനാണ് - ഞങ്ങളുടെ ജീവിതത്തില്‍ ഞങ്ങള്‍ക്ക് പരസ്പരം ആവശ്യമുണ്ട്. ഞങ്ങളെ സംബന്ധിച്ചിടത്തോളം വിവാഹം എന്നത് ഒരു പ്രൊപ്പോസലോ, മുട്ടുകുത്തി നില്ക്കുന്നതോ, വിരലില്‍ മോതിരം അണിയിക്കുന്നതോ ആയിരുന്നില്ല. അതൊക്കെ ഭംഗി കൂട്ടാനുള്ള കാര്യങ്ങള്‍ മാത്രമാണ്. ഞങ്ങളെ സംബന്ധിച്ച്, ഒരുമിച്ച് ഒരു ജീവിതവും ഭാവിയും പടുത്തുയര്‍ത്തുക എന്നതായിരുന്നു പ്രധാനം. ഇതുവരെ ഞങ്ങള്‍ അത് മനോഹരമായി തന്നെ ചെയ്തു എന്ന് ഞാന്‍ കരുതുന്നു.
നിങ്ങള്‍ ആര്‍ക്കുവേണ്ടിയാണോ ഏതറ്റം വരെയും പോകാന്‍ തയാറാകുന്നത്, നിങ്ങള്‍ക്ക് വേണ്ടി അതുപോലെ ചെയ്യാന്‍ തയാറാകുന്ന ഒരാളെ കണ്ടെത്തുക.
അതെ, എനിക്ക് എന്റെ ഭര്‍ത്താവിനോട് അമിതമായ പ്രണയമുണ്ട്. അത് എപ്പോഴാണ് ഒരു മോശം കാര്യമായി മാറിയത്?. ഞാന്‍ വിവാഹം കഴിക്കാന്‍ പോകുന്ന പുരുഷനെ ഞാന്‍ ജീവനോടെ പ്രണയിക്കുന്നില്ലെങ്കില്‍, പിന്നെ എന്തിനാണ് ഞാന്‍ അയാളെ വിവാഹം കഴിക്കുന്നത്?; അവന് എന്റെ ജീവിതകാലം മുഴുവന്‍ കൂടെയുള്ള പങ്കാളിയായിരിക്കും. എന്റെ സാധാരണ ദിവസങ്ങളിലും അസാധാരണ ദിവസങ്ങളിലും എന്റെ സുഹൃത്ത്. എന്റെ കുട്ടികളുടെ പിതാവ്. എനിക്കൊപ്പം വാര്‍ധക്യത്തിലേക്ക് കടക്കുന്ന പുരുഷന്.
വിവാഹശേഷവും 'നമുക്ക് വിവാഹം കഴിക്കാം' എന്ന് പറയാന്‍ തോന്നുന്നത്ര മനോഹരമായി നിങ്ങളെ സ്നേഹിക്കുന്ന ഒരു പുരുഷനെ കണ്ടെത്തുക. നൂറല്ല, ആയിരം തവണ വേണമെങ്കിലും ഞാന്‍ അത് ചെയ്യും. അത് വളരെ ലളിതമായ കാര്യമാണ്.
സ്വന്തം ചിന്തകളില്‍ പൂര്‍ണ്ണമായും അന്ധരായിപ്പോയ ചിലരോട്…
ഞങ്ങള്‍ രണ്ടുപേരും ഞങ്ങളുടെ സ്വന്തം നിബന്ധനകളിലും, തീരുമാനങ്ങളിലും, കഠിനാധ്വാനത്തിലുമാണ് ജീവിതം പടുത്തുയര്‍ത്തിയത്. എങ്ങനെ ജീവിക്കണമെന്നും ആരുമായി ജീവിതം പങ്കിടണമെന്നും തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യവും അവകാശവുമുള്ള ബുദ്ധിയും പ്രാപ്തിയുമുള്ള മുതിര്‍ന്ന വ്യക്തികളാണ് ഞങ്ങള്‍. ഞങ്ങള്‍ 'ഞങ്ങളെ' തന്നെ തിരഞ്ഞെടുത്തു. അവസാനം വരെ ഞങ്ങള്‍ പരസ്പരം തിരഞ്ഞെടുത്തുകൊണ്ടേയിരിക്കും.
ഞങ്ങളുടെ സ്നേഹം, സ്നേഹത്തെക്കുറിച്ചുള്ള നിങ്ങളുടെ സങ്കല്പങ്ങള്ക്ക് അനുയോജ്യമല്ലെങ്കില്‍, അത് കുഴപ്പമില്ല, അല്ലേ? നിങ്ങളുടെ ആ മനോഹരമായ സങ്കല്പം നിങ്ങളുടെ സ്വന്തം ജീവിതത്തില്‍ ജീവിച്ചു കാണിക്കൂ. സന്തോഷത്തോടെ ജീവിക്കുന്ന ഓരോരുത്തര്‍ക്കും വേണ്ടി ഞാന്‍ കൈയടിക്കും. നാം എല്ലാവരും പരിശ്രമിക്കേണ്ട ഏറ്റവും കുറഞ്ഞ കാര്യം അതാണ്.
എന്റെ ചില പ്രിയപ്പെട്ട പെണ്‍കുട്ടികളോട്. മറ്റൊരു സ്ത്രീയോടുള്ള ഉത്കണ്ഠ എന്ന വ്യാജേന റീലുകള്‍ ഉണ്ടാക്കി, എന്നോട് ഓടി രക്ഷപ്പെടാന്‍ പറയുകയും എന്നെ സംരക്ഷിക്കാന്‍ സൗജന്യ ഉപദേശങ്ങള്‍ നല്‍കുകയും ചെയ്യുന്നവരോട്. നന്ദി. സത്യമായും നന്ദി. പക്ഷേ, എനിക്ക് കാര്യങ്ങള്‍ വളരെ വളരെ ബുദ്ധിമുട്ടായിരുന്ന ഒന്ന രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് നിങ്ങളില്‍ ചിലര്‍ ഇവിടെ ഉണ്ടായിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിച്ചു പോകുന്നു. അന്ന് നിങ്ങള്‍ അവിടെയുണ്ടായിരുന്നില്ല. അവന് അവിടെ ഉണ്ടായിരുന്നു, ഇപ്പോഴും അവന് ഇവിടെയുണ്ട്.
ഇപ്പോള്‍, എന്റെ ജീവിതത്തില്‍ ഞാന്‍ ഏറ്റവും സന്തോഷവതിയായ നിമിഷത്തിലാണ്. വിവാഹശേഷം എന്റെ മുഖത്തുള്ള സന്തോഷത്തിലും, എന്റെ അഭിനയത്തിലും, എന്റെ സിനിമകളിലും, ഞാന്‍ ജീവിക്കുന്ന രീതിയിലും നിങ്ങള്‍ക്ക് അത് കാണാന്‍ കഴിയുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. ഞാന്‍ സന്തോഷവതിയാണ്. ഞാന്‍ സംതൃപ്തയാണ്. ഞാന്‍ അനുഗ്രഹീതയാണ്.
എന്റെ സ്വന്തം ജീവിതത്തെക്കുറിച്ച് ഞാന്‍ പറയുന്നതിനേക്കാള്‍, ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്ന വ്യാജ പ്രചരണങ്ങളും തെറ്റിദ്ധരിപ്പിക്കുന്ന എഡിറ്റുകളും പച്ചക്കള്ളങ്ങളും വിശ്വസിക്കാന്‍ ചിലര്‍ ഇഷ്ടപ്പെടുന്നു എന്നത് ശരിക്കും അല്പം പേടിപ്പെടുത്തുന്ന കാര്യമാണ്.
എന്റെ ഒരു അസ്ഥി ഒടിയുമ്പോള്‍, നിങ്ങള്‍ അവിടെ ഉണ്ടാകാറില്ല. അവന് ഉണ്ടാകും. എല്ലാ മാസവും എനിക്ക് വയറുവേദന എടുക്കുമ്പോള്‍, നിങ്ങള്‍ അവിടെ ഉണ്ടാകാറില്ല. അവന് ഉണ്ടാകും. അര്‍ധരാത്രിയില്‍ പേടിയോടെയും ഉത്കണ്ഠയോടെയും ഞാന്‍ ഉണരുമ്പോള്‍, നിങ്ങള്‍ അവിടെ ഉണ്ടാകാറില്ല. അവന് ഉണ്ടാകും. എനിക്ക് വിഷമം തോന്നുമ്പോള്‍, ഉപദേശം വേണ്ടപ്പോള്‍, സംരക്ഷണം വേണ്ടപ്പോള്‍, ആശ്വാസം വേണ്ടപ്പോള്‍, പിന്തുണ വേണ്ടപ്പോള്‍ - നിങ്ങള്‍ അവിടെ ഉണ്ടായിരുന്നില്ല, ഉണ്ടാകാറുമില്ല. അവന് ഉണ്ടായിരുന്നു.
നിങ്ങളെ പിന്തുണയ്ക്കുകയും, സ്നേഹം ചൊരിയുകയും, സംരക്ഷിക്കുകയും, ശ്രദ്ധിക്കുകയും, നിങ്ങളുടെ ഓരോ വിജയവും ആഘോഷിക്കുകയും ചെയ്യുന്ന ഒരാള്‍ ഒപ്പമുണ്ടാവുക - അത് മാത്രമാണ് ഞാന്‍ ആഗ്രഹിക്കുന്ന സ്നേഹം - അത് എനിക്കുണ്ട്. അതുകൊണ്ട് ദയവായി എന്നെക്കുറിച്ചോ അവനെക്കുറിച്ചോ ഓര്‍ത്ത് വിഷമിക്കണ്ട. നിങ്ങള്‍ ആഴത്തില്‍ സ്നേഹിക്കുന്ന, നിങ്ങളെ അത്രത്തോളം തിരിച്ചു സ്നേഹിക്കുന്ന ഒരാളെ നിങ്ങള്‍ക്ക് ലഭിക്കട്ടെ എന്ന് ഞാന്‍ ആത്മാര്‍ത്ഥമായി ആശംസിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു. ഇനി അത് നിങ്ങള്‍ക്ക് വേണ്ട എന്നാണെങ്കില്‍, അതും പൂര്‍ണ്ണമായും ശരിയാണ്. നിങ്ങള്‍ക്ക് സന്തോഷം നല്കുന്ന ജീവിതം ജീവിക്കുക. എന്തായാലും ഞാന്‍ നിങ്ങള്‍ക്ക് വേണ്ടി സന്തോഷിക്കും.
പിന്നെ ഒരു കാര്യം കൂടി. എന്നെക്കുറിച്ച് എത്ര വേണമെങ്കിലും കുറ്റം പറഞ്ഞോളൂ. എനിക്ക് അത് സഹിക്കാന്‍ കഴിയും. പക്ഷേ എന്റെ കുടുംബത്തെക്കുറിച്ച് അവരെ അറിയാതെ സംസാരിക്കുന്നതോ? അത് സ്ത്രീസമത്വമല്ല. അത് സ്ത്രീസമത്വത്തിന്റെ പേരില്‍ നടത്തുന്ന അധിക്ഷേപമാണ്. ആണുങ്ങളായാലും പെണ്ണുങ്ങളായാലും മറ്റൊരാളെ താഴ്ത്തിക്കെട്ടാനോ മേധാവിത്വം സ്ഥാപിക്കാനോ ഉള്ളതായിരുന്നില്ല സ്ത്രീസമത്വം. സ്വന്തം ജീവിതം തിരഞ്ഞെടുക്കാനും അതിന് നേതൃത്വം നല്‍കാനുമുള്ള സ്വാതന്ത്ര്യത്തെക്കുറിച്ചായിരുന്നു അത് എപ്പോഴും.എന്റെ ജീവിതത്തിന്റെ ചുമതല ഞാന്‍ ഏറ്റെടുത്തു. അത് എനിക്ക് അളവറ്റ സ്നേഹം സമ്മാനിച്ചു.
എന്റെ ചില കന്നഡിഗ സുഹൃത്തുക്കളോട്…ആഹാ, 10 വര്‍ഷങ്ങള്‍ക്ക് ശേഷവും ഞാന്‍ നിങ്ങളുടെ ഹൃദയങ്ങളില്‍ ഇത്രയും ആഴത്തില്‍ പതിഞ്ഞുനില്ക്കുന്നു എന്നറിയുന്നത് എത്ര മനോഹരമാണ്. ഇത്രയും കാലത്തിന് ശേഷവും നിങ്ങള്‍ എന്നെ ആഘോഷിക്കുന്നു എന്നതില്‍… സത്യമായും ഞാന്‍ അനുഗ്രഹീതയാണ്! സ്നേഹവും സന്തോഷവും ആഘോഷിക്കുന്ന എല്ലാവര്ക്കും സ്നേഹം. മറ്റുള്ളവരോട്… ദയവായി നിങ്ങള്‍ക്ക് സന്തോഷം നല്കുന്ന എന്തെങ്കിലും കണ്ടെത്തുക. ഭര്‍ത്താവിനോടുള്ള പ്രണയം എങ്ങനെ മോശം കാര്യമാകുമെന്ന് രശ്മിക മന്ദാന.
Content Highlights: Rashmika Mandanna questioned how love for one's husband could be considered a bad thing. The star hit back, asserting that dragging one's family into a discussion is not gender equality, but rather nothing more than an insult.