ചില കൂടിക്കാഴ്ചകള്‍ സ്വപ്നം പോലെയാണ്, പക്ഷെ എക്‌സ്പ്രഷന്‍ അല്പം കോമഡിയായിപ്പോയി; ഷമ്മി തിലകന്‍

ബോളിവുഡ് താരം ഷമ്മി കപൂറിനെ കണ്ട അനുഭവം പങ്കുവച്ച് നടന്‍ ഷമ്മി തിലകന്‍

ബോളിവുഡ് നടന്‍ ഷമ്മി കപൂറിനെ കണ്ട ഓര്‍മ്മ പങ്കുവച്ച് നടന്‍ ഷമ്മി തിലകന്‍. ചില കൂടിക്കാഴ്ചകള്‍ ഒരു സ്വപ്നം പോലെയാണെന്നാണ് ഷമ്മി തിലകന്‍ കുറിപ്പില്‍ പറയുന്നത്. ഷമ്മി കപൂറിന് ഹസ്തദാനം ചെയ്യുന്ന ചിത്രവും ഒപ്പം പങ്കുവയ്ക്കുന്നത്. 'കുത്തിപ്പൊക്കല്‍' എന്ന ക്യാപ്ഷനൊപ്പമായിരുന്നു ഷമ്മിയുടെ കുറിപ്പ്.

കുറിപ്പിന്റെ പൂര്‍ണരൂപം

'കുത്തിപ്പൊക്കല്‍. ചില കൂടിക്കാഴ്ചകള്‍ ഒരു സ്വപ്നം പോലെയാണ്… പക്ഷേ എക്‌സ്പ്രഷന്‍ മാത്രം അല്പം കോമഡിയായിപ്പോയി!' കാലഘട്ടങ്ങളെ ത്രസിപ്പിച്ച ഇന്ത്യന്‍ സിനിമയുടെ സ്വന്തം പ്രണയനായകന്‍ ഷമ്മി കപൂറിന്റെ കരം ഗ്രഹിച്ച അപൂര്‍വ്വ നിമിഷം..എന്റെ നില്‍പ്പും ചിരിയും കണ്ടാല്‍ തോന്നും എല്‍കെജിയില്‍ വെച്ച് ടീച്ചര്‍ മിഠായി തന്നപ്പോള്‍ ഇളിച്ചു കാണിക്കുന്ന ടിന്റു മോനാണെന്ന്!

ആ വ്യക്തിപ്രഭാവം കണ്ട് അന്തംവിട്ട് കിളിപോയി ആരും അറിയാതെ ആ കയ്യില്‍ പിടിച്ചങ്ങ് ചിരിച്ചു പോയതാണ്. അദ്ദേഹം ആലോചിച്ചിണ്ടാവും: 'ഇവനാരപ്പാ കയ്യിലൊരു പേപ്പറും ചുരുട്ടിപ്പിടിച്ച് എന്നെ ഇങ്ങനെ നോക്കി ഇളിക്കുന്നത്?!' എന്ന്!

ഇതിഹാസങ്ങള്‍ക്കൊപ്പം നില്‍ക്കുമ്പോള്‍ നമ്മള്‍ എത്ര ചെറുതായിപ്പോകുന്നു എന്നതിന്റെ ഏറ്റവും മനോഹരമായ ഉള്ളില്‍ ചിരിയുണര്‍ത്തുന്ന തെളിവ്..! ഇന്ത്യന്‍ സിനിമയുടെ എവര്‍ഗ്രീന്‍ ലെജന്‍ഡ് ശ്രീ ഷമ്മി കപൂര്‍ സാറിന്റെ കൈ പിടിച്ചപ്പോള്‍ ഉള്ളില്‍ മുഴങ്ങിയത് ഒരൊറ്റ കാര്യമാണ്.

'Yahoo… ചാഹേ കോയി മുഝേ ജംഗ്ലി കഹേ…!' എന്റെ ചിരി കണ്ടിട്ട് നിങ്ങള്‍ക്ക് എന്താണ് തോന്നുന്നത്? കമന്റ് ബോക്‌സ് തുറന്നിട്ടിരിക്കുന്നു… നിങ്ങളുടെ 'ക്രൂരമായ' നിരീക്ഷണങ്ങള്‍ അറിയിക്കാം.'- ഷമ്മി തിലകന്‍ കുറിച്ചു.

Content Highlights: Actor Shammi Thilakan shares his experience of meeting Bollywood star Shammi Kapoor

To advertise here,contact us