ഇതെന്താ തല വെട്ടി ഒട്ടിച്ചതാണോ?; ഒടിടി റിലീസിന് പിന്നാലെ കറുപ്പിലെ ഫൈറ്റ് സീനിന് ട്രോൾപ്പൂരം

സിനിമയുടെ ക്ലൈമാക്സിൽ സിങ്കം ഗെറ്റപ്പിൽ സൂര്യ എത്തുന്നുണ്ട്. ഈ ഫൈറ്റ് സീനിനെ ചൂണ്ടിക്കാണിച്ചാണ് ട്രോളുകൾ ഉയരുന്നത്

സൂര്യയുടെ കരിയറിലെ ഏറ്റവും വലിയ ബ്ലോക്ക് ബസ്റ്ററായി മാറിയിരിക്കുകയാണ് കറുപ്പ്. 300 കോടിയ്ക്കും മുകളിൽ ബോക്‌സ് ഓഫീസിൽ നേടിക്കഴിഞ്ഞു. ആർ ജെ ബാലാജി സംവിധാനം ചെയ്ത ചിത്രം ഇപ്പോൾ ഒടിടിയിൽ സ്ട്രീമിങ് ആരംഭിച്ചിരിക്കുകയാണ്. ആമസോൺ പ്രൈം വീഡിയോയിലൂടെയാണ് ചിത്രം പുറത്തുവന്നിരിക്കുന്നത്. എന്നാൽ ഒടിടി റിലീസിന് പിന്നാലെ ചിത്രത്തിലെ ഒരു ഫൈറ്റ് സീനിലെ വിഎഫ്എക്സിനെ ചൂണ്ടിക്കാണിച്ച് ട്രോളുകൾ ഉയരുകയാണ്.

സിനിമയുടെ ക്ലൈമാക്സിൽ സിങ്കം ഗെറ്റപ്പിൽ സൂര്യ എത്തുന്നുണ്ട്. ഈ ഫൈറ്റ് സീനിനെ ചൂണ്ടിക്കാണിച്ചാണ് ട്രോളുകൾ ഉയരുന്നത്. ഫൈറ്റിൽ സൂര്യയുടെ തല വെട്ടിയൊട്ടിച്ചത് പോലെയാണ് ഉള്ളതെന്നും ഡ്യൂപ്പിനെ ഉപയോഗിച്ചത് കൃത്യമായി മനസിലാകുന്നു എന്നും ആരാധകർ കുറിക്കുന്നുണ്ട്. തിയേറ്ററിലും ഇത് ശ്രദ്ധിച്ചിരുന്നു എന്നും ഒടിടിയിൽ ഇത് കൂടുതൽ വ്യക്തമായി കാണാമെന്നാണ് ആരാധകർ പറയുന്നത്. വൻ തുകയ്ക്കാണ് ചിത്രം ആമസോൺ പ്രൈം സ്വന്തമാക്കിയിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ.

ഞാൻ Theatreൽ കണ്ട #karuppu തന്നെ OTTയിൽ വന്നേ അതോ ഇനീ പടമെങ്ങാണും മാറിപോയോ 🤔 pic.twitter.com/1IyN11A53E

അതേസമയം, മെയ് 15ന് തിയേറ്ററുകളിലെത്തിയ ചിത്രത്തിന് ഇപ്പോഴും മികച്ച ഫൂട്ട്‌ഫോൾസ് ലഭിക്കുന്നുണ്ട്. നാലാഴ്ച പിന്നിടുമ്പോഴും 340 കോടിക്ക് മുകളിലാണ് സിനിമയുടെ കളക്ഷൻ. 2026ൽ തമിഴ്‌നാട്ടിൽ ഏറ്റവും മികച്ച കളക്ഷൻ നേടിയ ചിത്രം കൂടിയാണ് ഇപ്പോൾ കറുപ്പ്. സിനിമ ഈ കുതിപ്പ് തുടർന്നാൽ റെക്കോർഡ് കളക്ഷനിലേക്ക് കുതിച്ചേക്കാം.

13 വർഷങ്ങൾക്ക് ശേഷം സൂര്യയ്ക്ക് തിയേറ്ററിൽ ബ്ലോക്ക്ബസ്റ്റർ വിജയം സമ്മാനിച്ച ചിത്രമാണ് കറുപ്പ്. ചിത്രത്തിലെ സൂര്യയുടെ പ്രകടനവും ഏറെ കയ്യടികൾ വാരിക്കൂട്ടിയിരുന്നു. തൃഷയാണ് ചിത്രത്തിൽ നായികാവേഷത്തിൽ എത്തിയത്. ഇന്ദ്രൻസ്, അനഘ രവി, സ്വാസിക, ശിവദ തുടങ്ങി മലയാളികളുടെ വലിയ നിര തന്നെ ചിത്രത്തിലുണ്ടായിരുന്നു.

Content Highlights: Following the OTT release of Karuppu, a particular fight scene has sparked widespread discussion and trolling on social media. Many viewers shared memes and reactions criticizing the visual effects and editing, with some questioning the scene’s execution. The clips have since gone viral across online platforms.

To advertise here,contact us