'ഡിറ്റക്ടീവും 12th മാനും പോലെ ഒരു പടം ഒരുക്കുന്നു'; നായകനെ വെളിപ്പെടുത്തി ജീത്തു ജോസഫ്

തെലുങ്കില്‍ സംവിധാനം ചെയ്യാനൊരുങ്ങുന്ന ചിത്രത്തെ കുറിച്ചും റിപ്പോര്‍ട്ടര്‍ ഫിലിംസിന് നല്‍കിയ അഭിമുഖത്തില്‍ ജീത്തു ജോസഫ് പറഞ്ഞു

ദൃശ്യം 3യുടെ വലിയ വിജയത്തിന്റെ ആവേശത്തിലാണ് സംവിധായകൻ ജീത്തു ജോസഫ്. സമ്മിശ്ര പ്രതികരണങ്ങൾ ലഭിച്ചെങ്കിലും ദൃശ്യം 3യുടെ ബോക്‌സ് ഓഫീസ് കളക്ഷനെ അതൊന്നും ബാധിച്ചിട്ടില്ല. വലിയ കുതിപ്പാണ് ചിത്രം നടത്തുന്നത്. ദൃശ്യം 3യ്ക്ക് ശേഷം താൻ ചെയ്യാനൊരുങ്ങുന്ന ചിത്രങ്ങളെ കുറിച്ച് റിപ്പോർട്ടർ ഫിലിംസിന് നൽകിയ അഭിമുഖത്തിൽ ജീത്തു ജോസഫ് വെളിപ്പെടുത്തിയിരുന്നു.

തെലുങ്ക് സിനിമ, കോർട്ട് റൂം ഡ്രാമ, ഹുഡൺഇറ്റ് രീതിയിലുള്ള മറ്റൊരു ചിത്രം എന്നിവയാണ് ജീത്തു ജോസഫ് സംവിധാനം ചെയ്യാനൊരുങ്ങുന്നത്. 'ഒരുപാട് പ്രോജക്ടുകൾ അണിയറയിലുണ്ട്. പെട്ടെന്ന് ചെയ്യാനൊരുങ്ങുന്നത് നേരിന്റെ കഥാകൃത്തായ ശാന്തി മായാദേവി കൊണ്ടുവന്ന ഒരു തെലുങ്ക് പ്രോജക്ടാണ്. ശാന്തിയുടേതാണ് അതിന്‍റെ കഥ.

ശാന്തിയുടെ തന്നെ മറ്റൊരു ലീഗൽ ഡ്രാമയുണ്ട്. മറ്റൊന്ന് whodunnit ഴോണറിലുള്ള ചിത്രമാണ്. രാജുവാകും ചെയ്യുന്നത്. ഡിറ്റക്ടീവും 12th മാനും പോലുള്ള ചിത്രമായിരിക്കും ഇത്. വ്യത്യസ്തമായ ഴോണറിലുള്ള മറ്റ് ചിത്രങ്ങളും മനസിലുണ്ട്. ഹൊറർ, മ്യൂസിക്കൽ, കുട്ടികളുടെ സിനിമ തുടങ്ങിയവയെല്ലാം എനിക്ക് ചെയ്യണമെന്നുണ്ട്. അതിന്റെയൊക്കെ പ്രോസസുകൾ നടക്കുന്നുണ്ട്,' ജീത്തു ജോസഫ് പറഞ്ഞു.

പൃഥ്വിരാജിനെ നായകനാക്കി ചെയ്യാനാഗ്രഹിക്കുന്ന മറ്റൊരു ചിത്രത്തെ കുറിച്ചും അഭിമുഖത്തിൽ ജീത്തു ജോസഫ് മനസ് തുറന്നിരുന്നു. എപ്പോൾ തിരക്കഥ എഴുതി തീരുന്നോ അപ്പോ ഡേറ്റ് തരാം എന്നാണ് തന്നോട് പൃഥ്വിരാജ് പറഞ്ഞിരിക്കുന്നതെന്ന് ജീത്തു ജോസഫ് പറഞ്ഞു.

'പണ്ട് പൃഥ്വിരാജിനോട് പറഞ്ഞ ഒരു കഥയുണ്ട്, പക്ഷേ അത് വളരെ സീരിയസ് ആയ സിനിമയാണ്. രാജു എന്നോട് പറഞ്ഞത് 'ജീത്തു അത് എപ്പോൾ എഴുതി തീരുന്നോ അപ്പോ ഡേറ്റ് തരാം എന്നാണ്'. ഞാൻ മെമ്മറീസിന്റെ സമയത്ത് പറഞ്ഞ കഥയാണത്. ഒരു ഫാമിലി ഡ്രാമയാണ്, ഫെസ്റ്റിവലുകളിൽ അയക്കേണ്ട തരം സിനിമയാകും അത്. കോമ്മേഴ്‌സ്യലി തിയേറ്ററിലേക്ക് അത് റിലീസ് ചെയ്താൽ എങ്ങനെയുണ്ടാകും എന്നെനിക്ക് അറിയില്ല. അത് എനിക്ക് എഴുതണം എന്നുണ്ട് പക്ഷേ ഇരിക്കാൻ പറ്റുന്നില്ല. കഥ ഇഷ്ടപ്പെട്ടതുകൊണ്ട് രാജുവിനെ വെച്ചു തന്നെ ചെയ്യണമെന്നുണ്ട്,' എന്നാണ് ജീത്തുവിന്റെ വാക്കുകൾ

Content Highlights : Jeethu Joseph to do a whodunnit movie like his Detective and 12th Man, he reveals who will lead the movie

To advertise here,contact us