മലയാളികളുടെ പ്രിയപ്പെട്ട കോമ്പോയാണ് ബേസില്‍ ജോസഫും ടൊവിനോ തോമസും. ഇരുവരും ഒരുമിച്ചെത്തുമ്പോഴൊക്കെ മലയാള സിനിമയ്ക്ക് ലഭിച്ചിട്ടുള്ളത് മറക്കാനാകാത്ത നിമിഷങ്ങളാണ്. ടൊവിനോയുടെ കരിയറിലെ നിര്‍ണായ വിജയങ്ങളായ ഗോദയും മിന്നല്‍ മുരളിയും ഒരുക്കിയത് ബേസിലാണ്. നിരവധി സിനിമകളില്‍ ഒരുമിച്ച് അഭിയനയിക്കുകയും ചെയ്തിട്ടുണ്ട്.
ഓഫ് സ്ക്രീനിലും മലയാളി ആഘോഷിക്കുന്ന സൗഹൃദമാണ് ബേസിലിന്റേയും ടൊവിനോയുടേയും. ആ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ വന്‍ ഹിറ്റായിരുന്നു മിന്നല്‍ മുരളി. കൊവിഡ് കാലത്തായിരുന്നു മിന്നല്‍ മുരളിയുടെ ചിത്രീകരണവും റിലീസും. മിന്നല്‍ മുരളിയുടെ ചിത്രീകരണത്തിനിടെ ഉണ്ടായ രസകരമായ അനുഭവം പങ്കിടുകയാണ് ബേസില്‍. ജിഞ്ചര്‍ മീഡിയയ്ക്ക് നല്കിയ അഭിമുഖത്തിലാണ് ബേസില്‍ മനസ് തുറന്നത്.
'മിന്നല്‍ മുരളിയുടെ ഷൂട്ട് കൊവിഡ് സമയത്തായിരുന്നു. ടൊവിനോ പൊലീസ് സ്റ്റേഷനില്‍ എത്തുന്ന ഒരു സീന്‍ ഷൂട്ട് ചെയ്യാനുണ്ടായിരുന്നു. മുണ്ട് തലയിലൂടെയിട്ട് മുഖം മറച്ച് വരുന്ന സീനായിരുന്നു. പൊലീസ് സ്റ്റേഷന്റെ സൈഡിലൂടെ ചാടി വീണ് പൊലീസുകാരെ ഇടിച്ചിട്ട് സാധനം എടുത്തു കൊണ്ട് പോകുന്നതാണ് ഷോട്ട്. കൊവിഡ് നിയന്ത്രണങ്ങള്‍ കാരണം കുറച്ച് പേര്‍ക്ക് മാത്രമേ അനുമതിയുണ്ടായിരുന്നുള്ളൂ. ടെസ്റ്റൊക്കെ നടത്തിയാണ് അനുമതി വാങ്ങിയത്.
ഷൂട്ട് ചെയ്യുന്നതിനിടെ പുറത്തൊരു പ്രശ്നമുണ്ടായി. ഷൂട്ടിങ് നടത്തുന്നുവെന്ന് പറഞ്ഞ് ആളുകള്‍ വന്നു. ഷട്ടറില്‍ അടിച്ച് പ്രതിഷേധിച്ചു. ആ സമയം സൂപ്പര്‍ ഹീറോ ലാന്‍ഡ് ചെയ്യുന്ന സീനെടുക്കുകയായിരുന്നു. ഷൂട്ട് വേഗത്തില്‍ പൂര്‍ത്തിയാക്കി. മുന്നിലൂടെ പോകാന്‍ കഴിയാത്തതിനാല്‍ പിന്നിലൂടെയാണ് പോയത്. ടൊവിനോ ലുങ്കി തലയിലിട്ടാണ് പോയത്. ഈ സംഭവം വിഡിയോയില്‍ പതിഞ്ഞു. പിന്നെ വരുന്ന ക്യാപ്ഷന്‍ കൊവിഡിനിടെ അനധികൃതമായി ഷൂട്ട്, ടൊവിനോ തോമസ് തലയില്‍ മുണ്ടിട്ട് ഓടി എന്നായിരുന്നു'-ബേസില്‍ പറയുന്നു.
Content Highlights: Basil joseph about minnal murali shooting set