ജനനായകന് ഉണ്ടാകാവുന്ന പ്രശ്നങ്ങൾ വിജയ് മുൻകൂട്ടി കണ്ടിരുന്നു, നിർമാതാക്കളോടും പറഞ്ഞിരുന്നു: എസ് എ ചന്ദ്രശേഖർ

നേരത്തെ സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനെ തുടർന്നാണ് സിനിമയുടെ റിലീസ് നടക്കാതിരുന്നത്

അപ്രതീക്ഷിത തിരിച്ചടികളാണ് വിജയ് ചിത്രം ‘ജനനായകന്’ സംഭവിക്കുന്നത്. ദളപതി വിജയ്‌യുടെ 33 വർഷം നീണ്ട ഐതിഹാസിക സിനിമാ ജീവിതത്തിന് വിരാമമിടുന്ന അവസാന ചിത്രമെന്ന നിലയിൽ ആഗോളതലത്തിൽ വലിയ കാത്തിരിപ്പിലായിരുന്നു ‘ജനനായകൻ’. സിനിമയുടെ സുപ്രധാന ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം ഓൺലൈനിൽ പ്രചരിച്ചിരുന്നു. സിനിമയുടെ റിലീസിന് തടസങ്ങളുണ്ടാകുമെന്ന് വിജയ് മുൻകൂട്ടിക്കണ്ടിരുന്നുവെന്ന് വെളിപ്പെടുത്തുകയാണ് വിജയ്‌യുടെ അച്ഛനും സംവിധായകനുമായ എസ് എ ചന്ദ്രശേഖർ. ഇക്കാര്യം വിജയ് മലേഷ്യയിൽ നടന്ന ഓഡിയോ ലോഞ്ചിനിടെ നിർമാതാവിനോട് പറഞ്ഞിരുന്നതായും എസ്എ ചന്ദ്രശേഖർ ഒരു അഭിമുഖത്തിൽ മനസുതുറന്നു.

'പ്രശ്നങ്ങൾ പ്രതീക്ഷിച്ചില്ല എന്ന് പറയരുത്. നോക്കൂ, ഞാൻ രാഷ്ട്രീയത്തിലേക്ക് പോകുമ്പോൾ നിങ്ങൾ ഒരു സിനിമ ചെയ്യുന്നു. ചിത്രത്തിന് നേരിടേണ്ടി വരുന്ന തടസ്സങ്ങളെക്കുറിച്ച് നിങ്ങൾക്ക് ബോധമുണ്ടെന്ന് ഞാൻ കരുതുന്നു. നിങ്ങൾക്ക് അതിൽ കുഴപ്പമില്ലേ?' എന്നാണ് വിജയ് ജനനായകന്റെ നിർമാതാവിനോട് ചോദിച്ചത്. തടസ്സങ്ങൾ നേരിടേണ്ടി വരുമെന്ന് അറിഞ്ഞുകൊണ്ടാണ് അദ്ദേഹം അങ്ങനെ പറഞ്ഞത്. ഇത് നന്നായി പ്രതീക്ഷിച്ചിരുന്നു. ഞങ്ങൾ അത്ഭുതപ്പെടുന്നില്ല. യാതൊരു തടസ്സവുമില്ലാതെ ചിത്രം പുറത്തിറങ്ങിയിരുന്നെങ്കിൽ ഞങ്ങൾ അത്ഭുതപ്പെട്ടേനെ', ചന്ദ്രശേഖറിന്റെ വാക്കുകൾ.

നേരത്തെ സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനെ തുടർന്നാണ് സിനിമയുടെ റിലീസ് നടക്കാതിരുന്നത്. ഇതിനിടെ സിനിമ ചോർന്നതും വലിയ പ്രശ്ങ്ങൾക്ക് വഴിവച്ചു. മൂന്ന് മണിക്കൂർ നീളമുള്ള സിനിമയുടെ പതിപ്പ് പല ഭാഗങ്ങളായി കട്ട് ചെയ്താണ് ഇന്റർനെറ്റിലൂടെ പ്രചരിക്കുന്നത്. സിനിമയുടെ ഇൻട്രോയുടെ ക്ലൈമാക്‌സും അടക്കമുള്ള രംഗങ്ങളും ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്നുണ്ട്. സിനിമയുടെ ഈ ലീക്ക് സിനിമ മേഖലയെ മുഴുവൻ ഞെട്ടിച്ചിരിക്കുകയാണ്. വിജയ്‌യുടെ വെറും ഒരു ചിത്രം മാത്രമല്ല ജനനായകൻ, രാഷ്ട്രീയ പ്രവേശത്തിലേക്ക് കടക്കുന്ന നടന്റെ അവസാന ചിത്രമാണ്. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ജനനായകൻ ആദ്യ ദിനം വലിയ കളക്ഷൻ നേടുമെന്നാണ് കണക്കുകൂട്ടൽ.

തെലുങ്കിൽ ബാലയ്യ നായകനായ ഭഗവന്ത് കേസരി എന്ന ചിത്രത്തിന്റെ റീമേക്കാണ് ജനനനായകൻ എന്നാണ് ഇതുവരെയുള്ള വിവരം. ബോബി ഡിയോൾ, പൂജാ ഹെഡ്ഗെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയാമണി, മമിതാ ബൈജു തുടങ്ങി വമ്പൻ താരനിരയാണ് ജനനായകനിൽ അണിനിരക്കുന്നത്. കെ വി എൻ പ്രൊഡക്ഷന്റെ ബാനറിൽ വെങ്കട്ട് നാരായണ നിർമിക്കുന്ന ചിത്രത്തിന് ജഗദീഷ് പളനിസ്വാമിയും ലോഹിത് എൻ കെയുമാണ് സഹനിർമാണം. സിനിമ ജനുവരി 9ന് പൊങ്കൽ റിലീസായി തിയേറ്ററുകളിലെത്തുമെന്നാണ് ആദ്യം പ്രഖ്യാപിച്ചിരുന്നത്. എന്നാൽ സെൻസർ സർട്ടിഫിക്കറ്റ് നൽകാൻ ബോർഡ് വിസമ്മതിക്കുകയും തുടർന്ന് സിനിമയുടെ റിലീസ് അനിശ്ചിതത്വത്തിലാവുകയും ചെയ്തു.

Content Highlights: Thalapathy Vijay predicted all the issues related to jananayagan release and warned the producers says sa chandrasekhar

To advertise here,contact us