700 കോടി പോര, 1000 കോടിയെങ്കിലും വേണം; രാമായണത്തിന് ലഭിച്ച റെക്കോർഡ് OTT ഡീൽ നിരസിച്ച് നിർമാതാക്കൾ

4000 കോടി ബജറ്റിലാണ് രാമായണ ഒരുങ്ങുന്നത്

ഇന്ത്യൻ ഇതിഹാസം രാമായണത്തിന് നിതീഷ് തിവാരി ഒരുക്കുന്ന ദൃശ്യാവിഷ്കാരമാണ് ഇന്ത്യന്‍ സിനിമ ലോകത്തെ ഏറെ നാളായുള്ള ഒരു പ്രധാന ചര്‍ച്ചാവിഷയം. വമ്പൻ താരനിരയും ബഡ്‌ജറ്റുമായി ഇന്ത്യയിലെ ഏറ്റവും വലിയ സിനിമയായിട്ടാണ് 'രാമായണ' ഒരുങ്ങുന്നത്. രൺബീർ കപൂർ, സായ് പല്ലവി, യഷ് എന്നിവരാണ് സിനിമയിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. ചിത്രത്തിന്റെ ആദ്യ ടീസർ ഇന്നലെ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ സിനിമയുടെ ഒടിടി ഡീലിനെക്കുറിച്ചുള്ള അപ്ഡേറ്റ് ആണ് സോഷ്യൽ മീഡിയയിലെ ചർച്ചാവിഷയം.

ചിത്രത്തിന്റെ ഒടിടി റൈറ്റ്സിനായി നിർമാതാവ് നമിത് മൽഹോത്രയ്ക്ക് 700 കോടിയുടെ ഓഫർ ലഭിച്ചെന്നാണ് പുതിയ റിപ്പോർട്ട്. എന്നാൽ ഈ ഡീൽ നിർമാതാക്കൾ നിരസിച്ചെന്നും 1000 കോടിയെങ്കിലും ഒടിടി റൈറ്റ്സ് വഴി ലഭിക്കണമെന്നാണ് നമിത് മൽഹോത്ര പറയുന്നത്. 4000 കോടി ബജറ്റിലാണ് രാമായണ ഒരുങ്ങുന്നത്. സിനിമയുടെ മറ്റു റൈറ്റ്സുകൾ വഴി ചിത്രത്തിന്റെ ബജറ്റ് തിരിച്ചുപിടിക്കാൻ ആണ് നിർമാതാക്കളുടെ ഉദ്ദേശം എന്നാണ് ബോളിവുഡ് ഹങ്കാമ റിപ്പോർട്ട് ചെയ്യുന്നത്.

രൺബീർ കപൂർ അവതരിപ്പിക്കുന്ന രാമനെ അവതരിപ്പിക്കുന്ന ടീസർ ആണ് പുറത്തുവന്നത്. വമ്പൻ കാൻവാസിൽ ഒരു വിഷ്വൽ ട്രീറ്റ് ആണ് സിനിമയെന്ന സൂചനയാണ് ടീസർ നൽകുന്നത്. രാമനായി രൺബീറിന്റെ അത്യുഗ്രൻ ട്രാൻസ്ഫോർമേഷൻ ആണ് നടത്തിയിരിക്കുന്നത്. ടീസറിന്റെ അവസാനം യഷ് അവതരിപ്പിക്കുന്ന രാവണനെയും കാണിക്കുന്നുണ്ട്. എന്നാൽ ടീസർ പുറത്തുവന്നതിന് പിന്നാലെ സിനിമയുടെ വിഷ്വൽ എഫക്ട്സിന് സോഷ്യൽ മീഡിയയിൽ വിമർശനങ്ങൾ ഉയരുന്നുണ്ട്. ടീസറിലെ ചില ഷോട്ടുകൾ എഐ പോലെയുണ്ടെന്നും 4000 കോടിക്ക് മുകളിൽ ബജറ്റുള്ള ഒരു സിനിമയുടെ വിഷ്വലുകൾ പോലെ തോന്നുന്നില്ല എന്നാണ് കമന്റുകൾ. ചില ഷോട്ടുകൾ ഗംഭീരമായി അനുഭവപ്പെടുന്നുണ്ടെങ്കിലും മേക്കേഴ്‌സ് ഇനിയും വിഎഫ്എക്സ് മെച്ചപ്പെടുത്തണം എന്നാണ് മറ്റുചില അഭിപ്രായങ്ങൾ.

ചിത്രത്തിന് സംഗീതം നല്‍കുന്നത് എ ആര്‍ റഹ്‌മാനും ഹാന്‍സ് സിമ്മറുമാണ്. ചിത്രത്തിന്റെ രണ്ട് ഭാഗങ്ങളും ചേർന്നുള്ള ബജറ്റ് 4000 കോടിയാണെന്ന് സിനിമയുടെ നിർമാതാവായ നമിത് മൽഹോത്ര വെളിപ്പെടുത്തിയിരിരുന്നു. ഹാൻസ് സിമ്മറും എ ആർ റഹ്മാനും ഒന്നിച്ച് എത്തുന്നു എന്നതാണ് നേരത്തെ പുറത്തുവന്ന അനൗൺസ്‌മെന്റ് ടീസറിന് പിന്നാലെ ആരാധകരെ ഏറെ ആവേശത്തിലാഴ്ത്തിയിരിക്കുന്നത്. രാമ രാവണയുദ്ധം തന്നെയാണ് സിനിമയുടെ പ്രമേയം. അതേസമയം, രണ്ടു ഭാഗങ്ങളിൽ ഒരുങ്ങുന്ന രാമായണയുടെ ആദ്യഭാഗം 2026 ദീപാവലി റിലീസായും രണ്ടാം ഭാഗം 2027 ദീപാവലിക്കുമാണ് റിലീസ് ചെയ്യുന്നത്. ഇവർക്ക് പുറമെ സണ്ണി ഡിയോൾ ഹനുമാനായും, ലാറ ദത്തയും രാകുൽ പ്രീത് സിങ്ങും യഥാക്രമം കൈകേയിയും ശൂർപണഖയുമായി അഭിനയിക്കും. നമിത് മല്‍ഹോത്രയും യഷും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

Content Highlights: Namit Malhotra rejects historic Rs. 700 crore OTT bid for Ranbir Kapoor-Yash’s Ramayana

To advertise here,contact us