സൽമാൻ ഖാനെ നായകനാക്കി അപൂർവ്വ ലാഖിയ ഒരുക്കുന്ന സിനിമയാണ് ബാറ്റിൽ ഓഫ് ഗാൽവാൻ. 2020 ജൂണിൽ ഗാൽവാൻ മേഖലയിൽ ഇന്ത്യയും ചൈനയും തമ്മിലുണ്ടായ ഏറ്റുമുട്ടലിനെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഇപ്പോഴിതാ സിനിമയുടെ ടൈറ്റിലിൽ മാറ്റം വരുത്തിയിരിക്കുകയാണ് അണിയറപ്രവർത്തകർ. 'ബാറ്റിൽ ഓഫ് ഗാൽവൻ' എന്ന ചിത്രത്തിന്റെ പേര് മാതൃഭൂമി എന്ന് മാറ്റിയിരിക്കുകയാണ് മേക്കേഴ്സ്.
പേര് മാറ്റാനുണ്ടായ കാരണത്തെക്കുറിച്ചും അണിയറപ്രവർത്തകർ വിശദീകരിച്ചു. സിനിമയുടെ പേരുമാറ്റം പെട്ടന്നാണല്ലോ എന്ന് ആരാധകർക്ക് തോന്നുമെങ്കിലും അതങ്ങനെയല്ലെന്ന് അപൂർവ ലാഖിയ പറഞ്ഞു. ഏറെ ആലോചിച്ചാണ് ഇങ്ങനെയൊരു തീരുമാനമെടുത്തത്. ബാറ്റിൽ ഓഫ് ഗാൽവൻ എന്നും മാതൃഭൂമി എന്നും രണ്ട് പേരുകൾ രജിസ്റ്റർ ചെയ്തിരുന്നു. സിനിമ നിർമിക്കുന്നതിന്റെ ഓരോ ഘട്ടത്തിലും ഇതൊരു യുദ്ധത്തെക്കുറിച്ച് മാത്രമുള്ളതല്ലെന്ന തിരിച്ചറിവുണ്ടായി. യഥാർത്ഥത്തിൽ, ഇത് മാനവികത, സഹാനുഭൂതി, നമ്മുടെ സൈനികർ നടത്തുന്ന നിശ്ശബ്ദമായ പോരാട്ടങ്ങൾ എന്നിവയെക്കുറിച്ചുള്ളതാണെന്നും അപൂർ ലാഖിയ പറഞ്ഞു. അടുത്തിടെ ഒരു അഭിമുഖത്തിലാണ് അപൂർവ ഇക്കാര്യം പറഞ്ഞത്. ചിത്രം ഏപ്രിൽ 17-ന് റിലീസ് ചെയ്യുമെന്നാണ് റിപ്പോർട്ട്. 2020-ൽ ഗാൽവൻ താഴ്വരയിലുണ്ടായ ഇന്ത്യ-ചൈന അതിർത്തി തർക്കത്തെ തുടർന്നുണ്ടായ സൈനിക ഏറ്റുമുട്ടലുകളെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ചിത്രാംഗദ സിംഗ്, അഭിലാഷ് ചൗധരി തുടങ്ങിയവരും ഈ സൽമാൻ ഖാൻ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.
നേരത്തെ പുറത്തുവന്ന സിനിമയുടെ ടീസറിന് നിറയെ ട്രോളുകൾ ലഭിച്ചിരുന്നു. പ്രധാനമായും സൽമാൻ ഖാൻ്റെ ഡയലോഗ് ഡെലിവറിക്കും ടീസറിലെ പ്രകടനത്തിനുമാണ് ട്രോളുകൾ ഉയരുന്നത്. ഇത്രയും നാളായിട്ടും നടന്റെ ഡയലോഗ് ഡെലിവറിയിൽ മാറ്റമൊന്നും ഇല്ലെന്നും അതേ പതിഞ്ഞ താളത്തിലാണ് പറയുന്നതെന്നും വിമർശനങ്ങൾ ഉണ്ട്. മഞ്ഞുമൂടിയ മലനിരകളും ഒഴുകുന്ന നദിയും ഉൾപ്പെടുന്ന താഴ്വരയുടെ ദൃശ്യത്തോടെയാണ് ടീസർ ആരംഭിക്കുന്നത്. തുടർന്ന്, ആയിരക്കണക്ക് എതിരാളികളെ മരക്കഷ്ണങ്ങളും കല്ലുകളുമായി നേരിടാൻ ഒരുങ്ങി നിൽക്കുന്ന സൈന്യത്തെയും ടീസറിൽ കാണാം. അതിനൊപ്പം ചിത്രത്തിലെ മറ്റു അഭിനേതാക്കൾക്കും ട്രോളുകൾ ലഭിക്കുന്നുണ്ട്. ടീസറിൽ സൽമാന്റെ പിന്നിലായി നിൽക്കുന്ന നടന്മാരുടെ എക്സ്പ്രഷനുകളാണ് ചിരി പടർത്തുന്നത്.
ഷൂട്ടൗട്ട് അറ്റ് ലോഖണ്ഡ്വാല, സഞ്ജീർ, ഹസീന പാർക്കർ തുടങ്ങിയ സിനിമകൾ ഒരുക്കിയ സംവിധായകൻ ആണ് അപൂർവ്വ ലാഖിയ. ലഡാക്കിലെ ഉയർന്ന പ്രദേശങ്ങളിലാണ് ചിത്രീകരണം നടക്കുന്നത് അതിനാൽ തന്നെ ശാരീരികമായി ഏറെ വെല്ലുവിളികൾ നിറഞ്ഞ കഥാപാത്രമാണ് സൽമാൻ ഖാൻ കൈകാര്യം ചെയ്യുന്നത്. കഥാപാത്രത്തിന് വേണ്ടിയുള്ള തയ്യാറെടുപ്പുകളുടെ ഭാഗമായി സൽമാൻ ഖാൻ തീവ്രമായ പരിശീലനത്തിലാണ്.
Content Highlights: Salman Khan film Battle of Galwan name changed to Maatrubhumi