അടുത്ത വൈറൽ ഗാനവുമായി സായ് അഭ്യങ്കർ; 24 മണിക്കൂറിൽ ലഭിച്ചത് റെക്കോർഡ് വ്യൂസ്; ട്രെൻഡായി 'പവഴ മല്ലി'

ഗാനത്തിലെ കയാദുവിന്റെ ഡാൻസിനും വിഷ്വൽസിനും വലിയ കയ്യടികൾ ലഭിക്കുന്നുണ്ട്

നോക്കിനിൽക്കെ പ്രശസ്തിയിലേക്ക് കുതിച്ചുയർന്ന, തമിഴകത്തെ സെൻസേഷണൽ സംഗീത സംവിധായകനായി മാറിയ വ്യക്തിയാണ് സായ് അഭ്യങ്കർ അഭ്യങ്കരുടെ കട്ചി സേര, ആസ കൂട, സിത്തിര പുത്തിരി തുടങ്ങിയ തമിഴ് ആൽബങ്ങൾ ഇൻസ്റ്റഗ്രാം റീലുകളിൽ തരംഗമായി മാറിയിരുന്നു. ഇപ്പോഴിതാ ഈ ഹിറ്റ് ആൽബങ്ങൾക്ക് ശേഷം വീണ്ടുമൊരു അടിപൊളി ഗാനവുമായി എത്തിയിരിക്കുകയാണ് സായ് അഭ്യങ്കർ.

പവഴ മല്ലി എന്ന ഗാനം ഒരു കല്യാണത്തിന്റെ പശ്ചാത്തലത്തിൽ ഒരു കളർഫുൾ അടിച്ചുപൊളി പാട്ടായിട്ടാണ് ഒരുക്കിയിരിക്കുന്നത്. ഡ്രാഗൺ, പള്ളിച്ചട്ടമ്പി തുടങ്ങിയ സിനിമകളിലെ നായികയായ കയാദു ലോഹർ ആണ് ഗാനത്തിൽ സായ്‌ക്കൊപ്പം പ്രത്യക്ഷപ്പെടുന്നത്.

നിമിഷനേരംകൊണ്ടാണ് ഈ ഗാനം വൈറലാകുന്നത്. ഗാനത്തിലെ കയാദുവിന്റെ ഡാൻസിനും വിഷ്വൽസിനും വലിയ കയ്യടികൾ ലഭിക്കുന്നുണ്ട്. പാട്ടു പാടുന്നതിനോടൊപ്പം ഗംഭീര ഡാൻസ് ആണ് സായിയുടേതെന്നും കമന്റുകളുണ്ട്. 24 മണിക്കൂർ കഴിയുമ്പോൾ ഏഴര മില്യൺ വ്യൂസ് ആണ് ഗാനം യൂട്യൂബിൽ നേടിയിരിക്കുന്നത്. കട്ചി സേര, ആസ കൂടയ്ക്ക് ശേഷം സായിയുടെ അടുത്ത വൈറൽ ഗാനമാണ് പവഴ മല്ലി എന്നാണ് ആരാധകർ പറയുന്നത്.

അല്ലു അർജുന്റെ AA22xA6 , സൂര്യയുടെ കറുപ്പ്, ബെൻസ് എന്നിവയാണ് സായിയുടെ സംഗീതത്തിൽ ഇനി പുറത്തിറങ്ങാനുള്ള സിനിമകൾ. എല്‍ കെ ജി, മൂക്കുത്തി അമ്മന്‍ തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം ആര്‍ജെ ബാലാജി സംവിധാനം ചെയ്യുന്ന ചിത്രമാണ് കറുപ്പ്. സൂര്യയാണ് സിനിമയിൽ നായകനായി എത്തുന്നത്. എആർ റഹ്മാൻ ആയിരുന്നു ആദ്യം സിനിമയിൽ സംഗീത സംവിധാനം നിർവഹിക്കാനിരുന്നത് എന്നാൽ ചില കാരണങ്ങളാൽ അദ്ദേഹം പിന്മാറുകയായിരുന്നു. തുടർന്നാണ് സായ് ഈ സിനിമയിലേക്ക് എത്തുന്നത്. അല്ലു അർജുൻ-അറ്റ്ലീ ചിത്രവും വളരെ പ്രതീക്ഷയിൽ ആരാധകർ കാത്തിരിക്കുന്ന സിനിമയാണ്.

'അല്ലു അർജുൻ സാറിന്റെ AA22xA6 സിനിമയുടെ സംഗീത സംവിധാനത്തിന്റെ ജോലികൾ പുരോഗമിക്കുന്നു. അറ്റ്ലീ അണ്ണനെക്കുറിച്ച് ഞാൻ പറയട്ടെ, അദ്ദേഹം എന്നെ ആദ്യമായി കണ്ടപ്പോൾ, ഞാൻ ഒരു സിനിമയുടെയും പോലും കരാറിൽ ഒപ്പിട്ടിരുന്നില്ല. ഞാൻ അദ്ദേഹത്തിന് ഒരു ഗാനം പ്ലേ ചെയ്തു കൊടുത്തിരുന്നു, അത് കേട്ട് അടുത്ത നിമിഷം അറ്റ്ലീ എന്നോട് 'എന്റെ അടുത്ത സിനിമ ചെയ്യാൻ കഴിയുമോ' എന്ന് ചോദിച്ചു. അദ്ദേഹത്തിൽ നിന്ന് അത് കേട്ടപ്പോൾ ഞാൻ ഞെട്ടിപ്പോയി. അറ്റ്ലീ എനിക്ക് നൽകിയ ആ ആത്മവിശ്വാസം എന്റെ കരിയറിനെ ശക്തിപ്പെടുത്തി, എല്ലാക്കാലവും അദ്ദേഹത്തിനോട് കടപ്പെട്ടിരിക്കും,' എന്നാണ് സായ് സിനിമയെക്കുറിച്ച് പറഞ്ഞത്.

Content Highlights: Sai Abhyangar next viral song pavazha malli gets record views after 24 hours of release

To advertise here,contact us