എന്തിനാണ് മാപ്പ് പറഞ്ഞത്, തെറ്റ് നിന്റേതല്ല, എന്ന് ഒരുപാട് പേര് പറഞ്ഞു; കൂടെ നിന്നവർക്ക് നന്ദി അറിയിച്ച് അന്ന

'ഈ മോശം സമയത്ത് ശരിക്കും ഒപ്പം നിൽക്കുന്നത് ആരൊക്കെയാണെന്ന് നാം തിരിച്ചറിയുന്നു'

ആറ്റുകാൽ പൊങ്കാലയ്ക്കിടെ തന്റെ വീഡിയോകളെടുത്ത് മോശം ഉദ്ദേശത്തോടെ പ്രചരിപ്പിച്ച സംഭവത്തിൽ കഴിഞ്ഞദിവസം അന്ന രാജൻ പ്രതികരിച്ചിരുന്നു. നടിയുടെ വസ്ത്രധാരണം അടക്കം വലിയ വിമർശനം നേരിട്ടിരുന്നു. ബോഡി ഷെയിം ചെയ്യുന്ന തരത്തിൽ വിവിധ ആങ്കിളുകളിൽ നിന്നുള്ള നടിയുടെ ചിത്രങ്ങളും വീഡിയോകളുമാണ് യൂട്യൂബേഴ്സ് പകർത്തിയത്. ഇതിൽ പരാതിയുമായി നടി ഒരു സോഷ്യൽ മീഡിയ പോസ്റ്റ് പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ ഈ വിഷയത്തിൽ തന്നെ പിന്തുണച്ചവർക്ക് നന്ദി അറിയിച്ചിരിക്കുകയാണ് നടി.

'ഞാൻ എന്തിനാണ് മാപ്പുപറഞ്ഞതെന്ന് ചോദിച്ചും അത് എന്റെ തെറ്റല്ലെന്ന് പറഞ്ഞും ഒരുപാട് പ്രതികരണങ്ങൾ ലഭിക്കുന്നു. എന്നെ മനസിലാക്കിയതിനും ആ കോളുകൾക്കും സന്ദേശങ്ങൾക്കും നന്ദി. ഇത് എന്നെ സംബന്ധിച്ച് വലിയ കാര്യമാണ്. ഈ മോശം സമയത്ത് ശരിക്കും ഒപ്പം നിൽക്കുന്നത് ആരൊക്കെയാണെന്ന് നാം തിരിച്ചറിയുന്നു. ചില വലിയ, ബഹുമാന്യരായ ആളുകൾ എന്നെ പിന്തുണയ്ക്കാൻ സമയം കണ്ടെത്തി. അതിന് ഞാൻ അങ്ങേയറ്റം നന്ദിയുള്ളവളാണ്. ഈ സമയത്ത് ലഭിച്ച സ്‌നേഹവും കരുതലും പ്രോത്സാഹനവും ഞാൻ എപ്പോഴും ഓർക്കും. എന്നെ പിന്തുണച്ച എല്ലാവർക്കും ഒരിക്കൽ കൂടി നന്ദി', നടിയുടെ വാക്കുകൾ.

ശുദ്ധമായ ഭക്തിയോടെയാണ് ആറ്റുകാൽ എത്തി പൊങ്കാല അർപ്പിച്ചതെന്നും തന്റെ വസ്ത്രങ്ങളോ ഭാവങ്ങളോ ഏതെങ്കിലും ഭക്തരെ വേദനപ്പിച്ചിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നുവെന്ന് അന്ന പറഞ്ഞു.പൊങ്കാലയ്ക്കിടെ മോശമായ രീതിയിൽ വീഡിയോ പ്രചരിപ്പിച്ചതിലും അന്ന പരാതി ഉന്നയിച്ചിരുന്നു. സ്വന്തം ബ്രാന്റിൽ നിന്നുള്ള സാരി ധരിച്ചാണ് അന്ന എത്തിയത്. നടി മനഃപൂർവം യൂട്യൂബേഴ്സിനെ ക്ഷണിച്ചു വരുത്തിയതാണെന്നും പൊങ്കാല അർപ്പിക്കാനായല്ല നഷ്ടപ്പെട്ട റീച്ച് തിരികെ പിടിക്കാൻ വേണ്ടിയാണ് അന്ന ആറ്റുകാൽ എത്തിയത് എന്ന തരത്തിൽ വരെ വിമർശനം ഉയർന്നിരുന്നു.

'കൈകൂപ്പി, കണ്ണുനീരോടെ,

ആറ്റുകാൽ അമ്മയുടെ തൃപ്പാദങ്ങളിൽ ഞാൻ ആദ്യമായി പൊങ്കാല അർപ്പിച്ച ദിനമായിരുന്നു അത്. ശുദ്ധമായ ഭക്തിയോടെയാണ് ഞാൻ അവിടെ എത്തിയിരുന്നത്. അതികഠിനമായ ചൂടിൽ നിന്നുകൊണ്ട്, വിറകടുപ്പിൽ പൊങ്കാല ഒരുക്കി അമ്മയുടെ നാമം ജപിച്ച് വിശ്വാസത്തോടെ ആ നിമിഷം അനുഭവിക്കുകയായിരുന്നു.

ആ പരിശുദ്ധമായ നിമിഷത്തിനിടെ ചില അനാവശ്യമായ വീഡിയോകളും ക്ലിപ്പുകളും പകർത്തി പങ്കുവെയ്ക്കപ്പെട്ടുവെന്ന് കണ്ടപ്പോൾ വളരെ വേദനയായി. ചുറ്റുമുണ്ടായിരുന്ന എല്ലാവരെയും മീഡിയയെയും ഉൾപ്പെടെ ഞാൻ വിശ്വസിക്കുകയും ബഹുമാനിക്കുകയും ചെയ്തിരുന്നു. എന്റെ ഭക്തിയെ ദുർബലപ്പെടുത്തുന്ന രീതിയിൽ ചില നിമിഷങ്ങൾ അവതരിപ്പിച്ചത് എന്നെ വല്ലാതെ വേദനിപ്പിച്ചു. എന്റെ സാരിയോ ഭാവങ്ങളോ അല്ലെങ്കിൽ എന്റെ ഏതെങ്കിലും പ്രവൃത്തികളോ കാരണം ഏതെങ്കിലും ഭക്തരുടെ മനസിൽ അനാവശ്യമായി വേദനയുണ്ടായിട്ടുണ്ടെങ്കിൽ ഞാൻ ഹൃദയപൂർവം ക്ഷമ ചോദിക്കുന്നു. ഒരിക്കലും അതായിരുന്നില്ല എന്റെ ലക്ഷ്യം. എന്റെ മനസ്സ് അമ്മയ്ക്ക് അറിയാം. ആ ചൂടും ആ പരിശ്രമവും ആ പ്രാർത്ഥനകളും എന്റെ ചിരിയുടെ പിന്നിലുള്ള സത്യസന്ധതയും അമ്മയ്ക്ക് അറിയാം. ആ സത്യം മതി എനിക്ക്. എപ്പോഴും ഞാൻ ആറ്റുകാൽ അമ്മയുടെ വിനയമുള്ള ഒരു ഭക്തയായി തുടരും' എന്നായിരുന്നു അന്നയുടെ വാക്കുകൾ.

Content Highlights: Anna Rajan thanks everyone who supports her during attukal pongala issue

To advertise here,contact us