മരിച്ചു പോകുമെന്ന് വരെ കരുതി, വൃക്ക മാറ്റിവെച്ചു, ചികിത്സയ്ക്ക് ശേഷം രൂപം തന്നെ മാറി; റാണ ദഗ്ഗുബാട്ടി

'ചികിത്സയ്ക്ക് ശേഷം എന്റെ രൂപം തന്നെ മാറി, കരാർ ഒപ്പിട്ട സിനിമകളുടെ അഡ്വാൻസ് തിരിച്ചു നൽകി'

തെന്നിന്ത്യയിൽ ആരാധകർ ഏറെയുള്ള നടനാണ് റാണ ദഗ്ഗുബാട്ടി. തന്റെ ജീവിതത്തെ പൂർണ്ണമായും മാറ്റിമറിച്ച വെല്ലുവിളി നിറഞ്ഞ ഒരു കാലഘട്ടത്തെ മറികടന്നതിനെ കുറിച്ച് നടൻ പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ശ്രദ്ധ നേടുന്നത്. ബാഹുബലി സിനിമയുടെ വൻ വിജയത്തിന് പിന്നാലെ നടന്റെ വൃക്ക തകരാറിലാകുകയും ഹൃദയസംബന്ധമായ സങ്കീർണ്ണതകൾ ഉണ്ടാവുകയും ചെയ്തിരുന്നു. അമേരിക്കയിൽ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയനായ സാമ്യത്തെക്കുറിച്ചും കരാർ ഒപ്പിട്ട സിനിമകളുടെ അഡ്വാൻസ് തിരിച്ചു നൽകിയതിനെ കുറിച്ചുമാണ് നടൻ പറയുന്നത്. റിയ ചക്രവർത്തിയുടെ 'ചാപ്റ്റർ 2' എന്ന പോഡ്‌കാസ്റ്റിൽ സംസാരിക്കവെയാണ് റാണ തന്റെ അനുഭവങ്ങൾ പങ്കുവെച്ചത്.

'ആദ്യമായി രോഗവിവരം അറിഞ്ഞപ്പോൾ അത് വലിയൊരു ആഘാതമായിരുന്നു. ഇങ്ങനെയൊന്ന് സംഭവിക്കുമെന്ന് നമ്മൾ ഒരിക്കലും പ്രതീക്ഷിക്കില്ലല്ലോ. ഞാൻ ഇല്ലാതായേക്കാം എന്ന യാഥാർത്ഥ്യം ആദ്യമായി തിരിച്ചറിഞ്ഞ നിമിഷമായിരുന്നു അത്. ഒരു സുഹൃത്തോ ബന്ധുവോ സുഖമില്ലാതെ ഇരിക്കുമ്പോൾ എങ്ങനെ പ്രതികരിക്കണമെന്ന് നമുക്കറിയാം, എന്നാൽ അത് നമുക്ക് തന്നെ സംഭവിക്കുമ്പോൾ എങ്ങനെ പ്രതികരിക്കണമെന്ന് അറിയില്ല.

കരിയറിൽ ഒരു സിനിമ ചെയ്ത് വലിയ ഹിറ്റായി നിൽക്കുന്ന സമയത്താണ് ആരോഗ്യം വഷളായത്. ചികിത്സയ്ക്ക് വേണ്ടി സിനിമയിൽ നിന്ന് ഇടവേളയെടുത്തു. അമേരിക്കയിൽ ചികിത്സയിലായിരിക്കുമ്പോൾ ശ്രദ്ധ മുഴുവൻ ശരീരത്തിൽ ആയിരുന്നു, തിരിച്ചു വരണമായിരുന്നു. ഒരുവർഷത്തെ ചികിത്സയ്ക്കുശേഷം ഇന്ത്യയിലേക്ക് തിരിച്ചെത്തിയപ്പോൾ, രോഗവും ചികിത്സയും മരുന്നുമെല്ലാം എന്റെ രൂപത്തിൽ നല്ല മാറ്റം വരുത്തിയിരുന്നു. ഇതുമായി പൊരുത്തപ്പെടാൻ ഏറെ ബുദ്ധിമുട്ടേണ്ടി വന്നു.

രൂപ മാറ്റത്തോടെ അസുഖത്തിന് മുമ്പ് ഒപ്പുവെച്ച നിരവധി സിനിമകളുടെ അഡ്വാൻസ് തുക തിരികെ നൽകിയിരുന്നു. ഒരു ഗുസ്തിക്കാരന്റെ കഥ പറയുന്ന സിനിമ ഉണ്ടായിരുന്നു, പക്ഷെ ആ വേഷത്തിന് ആവശ്യമായ ശാരീരിക രൂപം ചികിത്സ കഴിഞ്ഞെത്തിയപ്പോൾ ഉണ്ടായിരുന്നില്ല. ആ സിനിമയ്ക്കായി വാങ്ങിയ അഡ്വാൻസ് തുക എല്ലാം തിരിക്കെ നൽകിയ; റാണ പറഞ്ഞു.

Content Highlights: Rana says his appearance changed after undergoing a kidney transplant. He opens up about the health challenges he faced during that time.

To advertise here,contact us