ചുരുങ്ങിയ കാലം കൊണ്ട് തെന്നിന്ത്യയിലെ മുൻനിര നടിമാരുടെ പട്ടികയിലേക്ക് എത്തിയ അഭിനേത്രിയാണ് സംയുക്ത മേനോൻ. മലയാള സിനിമകളിലൂടെയാണ് കരിയർ ആരംഭിച്ചതെങ്കിലും ഇപ്പോൾ തമിഴിലും തെലുങ്കിലുമാണ് നടി സജീവം. കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ ആകെ വൈറലായ നടിയുടെ ഒരു വീഡിയോ ഉണ്ടായിരുന്നു. ഒരു ആരാധകൻ നടിയുടെ ചിത്രം വരച്ച് സമ്മാനിച്ചതായിരുന്നു ഈ വീഡിയോ.
ചിത്രം സ്നേഹത്തോടെ സ്വീകരിക്കുകയും ആരാധകന് ഒപ്പം നിന്ന് നടി ഫോട്ടോ എടുക്കുന്നതും വിഡിയോയിൽ കാണാം. എന്നാൽ ആരാധകൻ വരച്ച നടിയുടെ ചിത്രമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ചിത്രം സംയുക്തയെ പോലെയല്ലെന്നും വിരൂപമാണെന്നുമാണ് സോഷ്യല്‍ മീഡിയയുടെ വിമര്‍ശനം. പിന്നാലെ ട്രോളുകളും പരിഹാസങ്ങളുടെയും കുത്തൊഴുക്കും. ഇപ്പോഴിതാ ഇതിൽ പ്രതികരണവുമായി എത്തുകയാണ് നടി. 'അദ്ദേഹത്തിന്റെ സന്മനസ്സിനേയും പ്രയത്നത്തേയും ഞാന്‍ വിലമതിക്കുന്നു' എന്നായിരുന്നു സംയുക്തയുടെ മറുപടി.
നടിയുടെ പ്രതികരണത്തെ നിരവധി പേരാണ് പ്രശംസിക്കുന്നത്. അടുത്തിടെ നടിയുടെ ഏറ്റവും പുതിയ ചിത്രമായ 'സ്വയംഭൂ'വിന്റെ ടീസര്‍ പുറത്തെത്തിയിരുന്നു. ഭരത് കൃഷ്ണമാചാരിയാണ് സിനിമയുടെ സംവിധാനം. പിക്സൽ സ്റ്റുഡിയോസിന്റെ ബാനറിൽ ഭുവനും ശ്രീകറും ചേർന്നാണ് നിർമ്മിക്കുന്നത്. ടാഗോർ മധുവാണ് ചിത്രം അവതരിപ്പിക്കുന്നത്.വമ്പൻ ബജറ്റും ഉയർന്ന സാങ്കേതിക നിലവാരവുമുള്ള ഒരു വലിയ ക്യാൻവാസിൽ, പീരിയോഡിക് യുദ്ധ പശ്ചാത്തലത്തിലാണ് ഈ ചിത്രം അവതരിപ്പിക്കുന്നത്.
ഭരത് കൃഷ്ണമാചാരി തന്നെയാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. സമ്മർ റിലീസായി ചിത്രം എത്തുമെന്നാണ് നിർമ്മാതാക്കൾ വെളിപ്പെടുത്തിയിരിക്കുന്നത്. ചിത്രത്തിൻ്റെ റിലീസ് തീയതിയും വൈകാതെ പുറത്തു വിടും. തെലുങ്ക്, കന്നഡ, തമിഴ്, ഹിന്ദി, മലയാളം, ചൈനീസ്, സ്പാനിഷ്, അറബിക് ഭാഷകളിൽ ചിത്രം ആഗോള റിലീസായെത്തും.
Content Highlights: Samyuktha Menon reacted to people who mocked one of her fans. The actress openly supported the fan and defended them. Her response quickly went viral on social media.