ജനനായകൻ അടുത്തൊന്നും എത്തില്ലേ.. റിപ്പബ്ലിക്ദിന അവധിക്കും റിലീസ് ഇല്ല; പ്രദർശനാനുമതിയിൽ വിധി 27-ന്

ജനനായകൻ റിപ്പബ്ലിക്ദിന അവധിക്കും റിലീസ് ഇല്ല, സിനിമ ഇനി എന്നെത്തും എന്ന ആശങ്കയിലാണ് വിജയ് ആരാധകർ.

മദ്രാസ് ഹൈക്കോടതിയുടെ വിധി കാത്തിരിക്കുകയാണ് വിജയ് നായകനാകുന്ന ‘ജനനായകൻ’ എന്ന ചിത്രം. പൊങ്കലിന് തിയേറ്ററുകളിലെത്തേണ്ടിയിരുന്ന ജനനായകന് സെൻസർ സർട്ടിഫിക്കറ്റ് നൽകാതിരുന്നതോടെയാണ് കോടതി കയറേണ്ടിവന്നത്. ഇപ്പോഴിതാ റിപ്പബ്ലിക്ദിന അവധിയിലും സിനിമ തിയേറ്ററുകളിലെത്തില്ല. സിനിമയ്ക്ക് പ്രദർശനാനുമതി നൽകുന്നതു സംബന്ധിച്ച അപ്പീലിൽ മദ്രാസ് ഹൈക്കോടതി 27-ന് വിധിപറയും. സിനിമ ഇനി എന്നെത്തും എന്ന ആശങ്കയിലാണ് വിജയ് ആരാധകർ.

ജനനായകന് യു/എ സർട്ടിഫിക്കറ്റ് നൽകാൻ നേരത്തേ മദ്രാസ് ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ച് വിധിച്ചിരുന്നു. പിന്നീട് ഡിവിഷൻ ബെഞ്ച് ഈ ഉത്തരവ് സ്റ്റേ ചെയ്യുകയും റിലീസ് താത്കാലികമായി തടയുകയുമായിരുന്നു. പലയിടത്തും സിനിമയുടെ ബുക്കിംഗ് ഉൾപ്പടെ ആരംഭിച്ചിരുന്നു. തുടർന്ന് ഈ ടിക്കറ്റുകൾ എല്ലാം റീഫണ്ട് ചെയ്യുകയായിരുന്നു. ഹിന്ദി, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിലെ ഡബ്ബ് ചെയ്ത പതിപ്പുകൾക്ക് അനുമതി നൽകുന്നതിനുമുമ്പ് ചിത്രത്തിന്റെ തമിഴ് പതിപ്പിന്റെ സർട്ടിഫിക്കേഷൻ ആവശ്യമാണ്. ഈ കാലതാമസം ആണ് ജനനായകൻന്റെ റിലീസ് പ്രതിസന്ധിയിലാക്കിയത്. വിജയ്‌യുടെ വെറും ഒരു ചിത്രം മാത്രമല്ല ജനനായകൻ, രാഷ്ട്രീയ പ്രവേശത്തിലേക്ക് കടക്കുന്ന നടന്റെ അവസാന ചിത്രമാണ്.

എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ജനനായകൻ ആദ്യ ദിനം വലിയ കളക്ഷൻ നേടുമെന്നാണ് കണക്കുകൂട്ടൽ. തെലുങ്കിൽ ബാലയ്യ നായകനായ ഭഗവന്ത് കേസരി എന്ന ചിത്രത്തിന്റെ റീമേക്കാണ് ജനനനായകൻ എന്നാണ് ഇതുവരെയുള്ള വിവരം. ബോബി ഡിയോൾ, പൂജാ ഹെഡ്ഗെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയാമണി, മമിതാ ബൈജു തുടങ്ങി വമ്പൻ താരനിരയാണ് ജനനായകനിൽ അണിനിരക്കുന്നത്. കെ വി എൻ പ്രൊഡക്ഷന്റെ ബാനറിൽ വെങ്കട്ട് നാരായണ നിർമിക്കുന്ന ചിത്രത്തിന് ജഗദീഷ് പളനിസ്വാമിയും ലോഹിത് എൻ കെയുമാണ് സഹനിർമാണം.

Content Highlights:  Jananayagan, starring Vijay, did not release during the Republic Day holiday. The continued delay has increased uncertainty around the film’s release date. Vijay fans are expressing concern and disappointment on social media.

To advertise here,contact us