'ഗോട്ടിന്റെ ഫസ്റ്റ് ഷെഡ്യൂൾ കഴിഞ്ഞ ശേഷമാണ് വിജയ്‌യോട് ഫസ്റ്റ് ഹാഫ്‌ കഥ മുഴുവൻ പറയുന്നത്', വെങ്കട്ട് പ്രഭു

'മലേഷ്യയിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ഇന്ത്യൻ സിനിമയാണ് ഗോട്ട്'

വിജയ്‌യെ നായകനാക്കി വെങ്കട്ട് പ്രഭു സംവിധാനം ചെയ്ത ആക്ഷൻ ചിത്രമായിരുന്നു ദി ഗോട്ട്. സമ്മിശ്ര പ്രതികരണം നേടിയ സിനിമ ബോക്സ് ഓഫീസിൽ നിന്ന് വലിയ കളക്ഷനാണ് നേടിയത്. മലേഷ്യയിൽ റീലീസ് ചെയ്ത ഇന്ത്യൻ സിനിമകളിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രം ഗോട്ട് ആയിരുന്നുവെന്നാണ് വെങ്കട് പ്രഭു പറയുന്നത്. മലേഷ്യയിൽ നടന്ന പരിപാടിയിൽ മികച്ച സംവിധായകനുള്ള പുരസ്‌കാരം വാങ്ങിക്കൊണ്ട് സംവിധായകൻ നടത്തിയ പ്രസംഗം സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്. ഗോട്ടിന്റെ ഫസ്റ്റ് ഷെഡ്യൂൾ കഴിഞ്ഞ ശേഷമാണ് വിജയ്‌യോട് സിനിമയുടെ ഫസ്റ്റ് ഹാഫ്‌ കഥ മുഴുവൻ പറയുന്നത് എന്നും വെങ്കട്ട് പ്രഭു കൂട്ടിച്ചേർത്തു.

'ഒരു കൊമേഴ്ഷ്യൽ സിനിമയ്ക്ക് മികച്ച സംവിധായകനുള്ള പുരസ്‌കാരം നൽകിയതിന് നന്ദി. അത്തരം ഒരു സിനിമ എടുക്കാൻ വലിയ പാടാണ്. എല്ലാവർക്കും ഇഷ്ടപ്പെടുന്ന സിനിമ എടുക്കുന്നത് വലിയ കഷ്ടമാണ്. കൊമേഴ്ഷ്യൽ സിനിമകൾ ചെയ്യുമ്പോൾ കാറി തുപ്പാനുള്ള സാധ്യത വളരെ കൂടുതലാണ്. ഒരു പ്രത്യേക യോണർ ആകുമ്പോൾ ആ പ്രേക്ഷകരെ സിനിമ തൃപ്തിപ്പെടുത്തും. ഈ അവാർഡ് നൽകിയതിൽ നന്ദി. വിജയിക്ക് നന്ദി.

വിജയ് ആണ് ഈ കഥയിൽ വലിയ വിശ്വാസം അർപ്പിച്ചത്. ഒരു ഐഡിയ മാത്രമാണ് പറഞ്ഞിരുന്നത്, അത് അദ്ദേഹത്തിന് ഇഷ്ടപ്പെടുകയായിരുന്നു. പ്രൊഡക്ഷൻ പരിപാടികൾ എല്ലാം തുടങ്ങി സിനിമയുടെ ഫസ്റ്റ് ഷെഡ്യൂൾ കഴിഞ്ഞ ശേഷമാണ് അദ്ദേഹത്തിനോട് സിനിമയുടെ ഫസ്റ്റ് ഹാഫ്‌ കഥ മുഴുവൻ പറയുന്നത് തന്നെ. ആ അളവിൽ അദ്ദേഹം എന്നെ വിശ്വസിച്ചു. ആ വിശ്വാസം വീണു പോയില്ല. മലേഷ്യയ്ക്ക് നന്ദി, മലേഷ്യയുടെ ഹയസ്റ്റ് കളക്ഷൻ ഇന്ത്യൻ ചിത്രം ഗോട്ട് ആണ്. ഇതുവരെ റീലീസ് ചെയ്ത എല്ലാ ഭാഷാ സിനിമകളെയും താണ്ടി സിനിമ വലിയ കളക്ഷൻ നേടി', വെങ്കട്ട് പ്രഭു പറഞ്ഞു. ഷാരൂഖ് ചിത്രം ദിൽവാലയെ മറികടന്ന് ഗോട്ട് ഒന്നാം സ്ഥാനം നേടി. സിനിമ മലേഷ്യയിൽ നിന്ന് 31 കോടിയ്ക്ക് മുകളിൽ കളക്ഷൻ നേടിയെന്നാണ് റിപ്പോർട്ടുകൾ.

അതേസമയം, തമിഴ്നാട്ടിൽ നിന്ന് മാത്രം 220 കോടിക്ക് അടുത്താണ് ചിത്രം നേടിയത്. ആ വർഷത്തെ തമിഴ് സിനിമയിലെ ഏറ്റവും കൂടുതൽ കളക്ഷൻ സ്വന്തമാക്കിയ ചിത്രമായി മാറിയിരുന്നു ഗോട്ട്. ആദ്യ ദിവസം 31 കോടി രൂപയാണ് സിനിമ നേടിയത്. വിജയ്‌യുടെ കരിയറിലെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ രണ്ടാമത്തെ ചിത്രമാണ് ഗോട്ട്. 600 കോടിയിലധികം നേടിയ ലിയോയാണ് ഒന്നാം സ്ഥാനത്തുള്ളത്. വിജയ് ഇരട്ടവേഷത്തിലെത്തിയ ഗോട്ടിൽ സ്നേഹ, മീനാക്ഷി ചൗധരി എന്നിവരാണ് നായികമാരായെത്തിയത്. ഇവർക്ക് പുറമെ പ്രശാന്ത്, പ്രഭുദേവ, ജയറാം, മോഹൻ, യോഗി ബാബു, വിടിവി ഗണേഷ്, ലൈല, വൈഭവ്, പ്രേംജി അമരൻ തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ആക്ഷൻ മൂഡിൽ ഒരുക്കിയ ഗോട്ട്, എജിഎസ് എന്റർടെയിന്മെന്റിന്റെ ബാനറിലാണ് നിർമ്മിച്ചിരിക്കുന്നത്.

Content Highlights:  Director Venkat Prabhu revealed that he narrated the complete first half of the film GOAT to actor Vijay only after finishing the first shooting schedule.

To advertise here,contact us