ഞാനൊരു നെപ്പോകിഡ് ആണ്, എന്നാൽ അതുകൊണ്ട് മാത്രം സിനിമയിൽ നിലനിൽക്കാൻ കഴിയില്ല: കാളിദാസ് ജയറാം

'എന്റെ അച്ഛൻ ഒരു നടൻ ആയതുകൊണ്ട് ഞാൻ ഒരു വലിയ ഹീറോ ആകുമായിരുന്നു എങ്കിൽ ഞാനത് എന്നേ ആകുമായിരുന്നു. ഇന്നും ഞാൻ സ്ട്രഗ്ലിങ് പീരിഡിൽ ആണുള്ളത്'

നെപോട്ടിസത്തിനെക്കുറിച്ച് മനസുതുറന്ന് നടൻ കാളിദാസ് ജയറാം. ഒരു നെപ്പോകിഡ് ആണ് താൻ എന്ന് സമ്മതിക്കുന്നെന്നും എന്നാൽ ഇന്നും താനൊരു സ്ട്രഗ്ലിങ് പീരിഡിൽ ആണെന്നും കാളിദാസ് പറയുന്നു. സിനിമയിൽ അവസരം ലഭിക്കാൻ നെപ്പോട്ടിസം സഹായിക്കുമെന്നും എന്നാൽ പിടിച്ചുനിൽക്കണമെങ്കിൽ സ്വയം തെളിയിക്കണം എന്നും കാളിദാസ് പറയുന്നു. ഗോപിനാഥിന് നൽകിയ അഭിമുഖത്തിലാണ് നടന്റെ പ്രതികരണം.

'ഞാനൊരു നെപ്പോകിഡ് ആണ് അത് സമ്മതിക്കുന്നു. എന്റെ അച്ഛൻ ഒരു നടൻ ആണ് അതിനാൽ ഞാനും ഒരു നടൻ ആണ്. എന്റെ അച്ഛൻ ഒരു നടൻ ആയതുകൊണ്ട് ഞാൻ ഒരു വലിയ ഹീറോ ആകുമായിരുന്നു എങ്കിൽ ഞാനത് എന്നേ ആകുമായിരുന്നു. ഇന്നും ഞാനും സ്ട്രഗ്ലിങ് പീരിഡിൽ ആണുള്ളത്. ഒരു ആക്ടർ എന്ന നിലയിൽ എന്നെ തന്നെ ഞാൻ കണ്ടെത്താൻ ശ്രമിക്കുകയാണ്. ഒരു നെപ്പോ കിഡ് എന്ന നിലയിൽ സിനിമയിലേക്ക് എൻട്രി വളരെ എളുപ്പം നടക്കും. ഒരു വലിയ സ്റ്റാറിന്റെ മകൻ ആണെങ്കിൽ മൂന്ന് സിനിമ വരെ ചിലപ്പോൾ നമുക്ക് അവസരങ്ങൾ ലഭിച്ചേക്കാം. പക്ഷെ അതിനും അപ്പുറം സിനിമയിൽ നിലനിൽക്കണമെങ്കിൽ കഴിവ് വേണം. 40 -50 വർഷവും പോയിട്ട് അഞ്ച് വർഷം പോലും സിനിമയിൽ കഴിവില്ലാതെ നിൽക്കാൻ കഴിയില്ല', കാളിദാസ് ജയറാമിന്റെ വാക്കുകൾ.

മലയാളത്തിൽ ആശകൾ ആയിരം ആണ് ഇനി പുറത്തിറങ്ങാനുള്ള കാളിദാസ് ജയറാം ചിത്രം. അബ്രഹാം ഓസ്ലർ എന്ന സിനിമയ്ക്ക് ശേഷം ജയറാം നായകനായി എത്തുന്ന പുതിയ സിനിമയാണ് 'ആശകൾ ആയിരം'. ഒരു വടക്കൻ സെൽഫി, സത്യം പറഞ്ഞാ വിശ്വസിക്കുവോ എന്നീ സിനിമകൾ ഒരുക്കിയ ജി പ്രജിത് ആണ് സിനിമ സംവിധാനം ചെയ്യുന്നത്. 2018 എന്ന ഇൻഡിസ്‌ട്രി ഹിറ്റ് സിനിമയ്ക്ക് ശേഷം ജൂഡ് ആന്തണി ജോസഫ് തിരക്കഥയൊരുക്കുന്ന സിനിമയാണിത്.

ചിത്രത്തിന്റെ ക്രിയേറ്റിവ് ഡയറക്റ്ററും ജൂഡ് ആന്തണി തന്നെയാണ്. ജൂഡിനൊപ്പം അരവിന്ദ് രാജേന്ദ്രനും സിനിമയുടെ തിരക്കഥയിൽ പങ്കാളിയാണ്. ആശ ശരത്തും നടൻ കൃഷ്ണകുമാറിന്റെ മകളുമായ ഇഷാനി കൃഷ്ണകുമാറുമാണ് സിനിമയിലെ മറ്റു താരങ്ങൾ. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ ആണ് സിനിമ നിർമിക്കുന്നത്. തുടരും എന്ന സിനിമയ്ക്കായി കാമറ ചലിപ്പിച്ച ഷാജി കുമാർ ആണ് ഈ സിനിമയുടെയും ഛായാഗ്രഹണം. ജയറാമും മകൻ കാളിദാസ് ജയറാമും ഇരുപത്തി രണ്ടു വർഷങ്ങൾക്ക് ശേഷം ഒരുമിച്ചഭിനയിക്കുന്ന സിനിമയാണിത്.

Content Highlights: Kalidas jayaram talks about nepotism and his struggles in cinema

To advertise here,contact us