നെഗറ്റീവ് റോൾ കരിയറിലെ മറ്റ് സിനിമകളെ ബാധിക്കുമോ എന്ന് ഭയപ്പെട്ടു; രുക്മിണി വസന്ത്

നടിമാർ ഒരു പ്രത്യേക തരം വേഷങ്ങൾ മാത്രമേ ചെയ്യാവൂ എന്ന തരത്തിലുള്ള മുൻവിധികൾ സിനിമാ മേഖലയിൽ നിലനിൽക്കുന്നതിനാൽ ആദ്യം ചെറിയ സമ്മർദ്ദം ഉണ്ടായിരുന്നു

മദ്രാസി, സപ്ത സാഗരദാച്ചേ എല്ലോ എന്നീ സിനിമകളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ നടിയാണ് രുക്മിണി വസന്ത്. കഴിഞ്ഞ വർഷത്തെ ബ്ലോക്ക് ബസ്റ്റർ ചത്രമായ കാന്താര ചാപ്റ്റർ 1 ൽ രുക്മിണി ആയിരുന്നു നായിക. സിനിമയിൽ നെഗറ്റീവ് കഥാപാത്രത്തെയാണ് രുക്മിണി അവതരിപ്പിച്ചത്. ഇപ്പോഴിതാ സിനിമയിലെ നെഗറ്റീവ് റോൾ കരിയറിലെ മറ്റ് സിനിമകളെ ബാധിക്കുമോ എന്ന് ഭയപ്പെട്ടിരുന്നുവെന്ന് തുറന്ന് പറയുകയാണ് രുക്മിണി. നടിമാർ ഒരു പ്രത്യേക തരം വേഷങ്ങൾ മാത്രമേ ചെയ്യാവൂ എന്ന തരത്തിലുള്ള മുൻവിധികൾ സിനിമാ മേഖലയിൽ നിലനിൽക്കുന്നതിനാൽ ആദ്യം ചെറിയ സമ്മർദ്ദം ഉണ്ടായിരുന്നതായും രുക്മിണി പറഞ്ഞു.

'സിനിമയുടെ റിലീസ് അടുക്കുന്ന സമയം വരെ വലിയ ആശങ്കകൾ ഉണ്ടായിരുന്നു. ഒരു വില്ലൻ വേഷം ചെയ്യുന്നത് കരിയറിലെ മറ്റ് സിനിമകളെ ബാധിക്കുമോ എന്ന് ഭയപ്പെട്ടിരുന്നു. എന്നാൽ ചിത്രം റിലീസ് ചെയ്തതോടെ പ്രേക്ഷകർ തന്റെ പ്രകടനത്തെയും അഭിനയത്തിലെ വൈവിധ്യത്തെയും പ്രശംസിക്കുകയാണുണ്ടായത്. സ്ത്രീ അഭിനേതാക്കൾക്ക് വ്യത്യസ്ത തലങ്ങളുള്ള വേഷങ്ങൾ ചെയ്യാൻ സാധിക്കുമെന്ന് ആളുകൾ തിരിച്ചറിഞ്ഞത് എനിക്ക് വലിയ പ്രചോദനമായി,' രുക്മിണി

യഷ് നായകനാകുന്ന ടോക്സിക് എന്ന ചിത്രത്തിലും രുക്മിണി വസന്ത് അഭിനയിക്കുന്നുണ്ട്. മാസങ്ങൾ നീണ്ട അഭ്യൂഹങ്ങൾക്കൊടുവിലാണ് താരം ഈ സിനിമയുടെ ഭാഗമാകുന്ന കാര്യം ഔദ്യോഗികമായി അറിയിച്ചത്. കാന്താരയിലെ വില്ലൻ വേഷത്തിന് ശേഷം വലിയ സ്വീകാര്യതയാണ് താരത്തിന് ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്നത്.

അതേസമയം, 1000 കോടിയ്ക്ക് അടുത്താണ് കാന്താര ചാപ്റ്റർ 1 ബോക്സ് ഓഫീസിൽ നിന്ന് നേടിയത്. മലയാളത്തിന്റെ ജയറാമും സിനിമയിൽ പ്രധാന വേഷത്തിൽ എത്തിയിരുന്നു. 2024-ല്‍ 'കാന്താര'യിലെ അഭിനയത്തിന് റിഷഭ് ഷെട്ടിക്ക് മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചിരുന്നു. മികച്ച ജനപ്രിയ ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരവും ഈ ചിത്രം നേടി.

Content Highlights:  Actress Rukmini Vasanth revealed that she was initially afraid a negative role in the film Kantara could impact her future career. She said the concern was about how audiences and filmmakers might perceive her after the role. However, the film’s reception later helped ease those fears.

To advertise here,contact us