മമ്മൂട്ടി ചിത്രം പരാജയമായിരുന്നു എന്ന് നിർമാതാവ്, പിന്നാലെ വൈറലായി ആരാധകന്റെ കമന്റ്; ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഈ കമന്‍റിന്‍റെയും നിര്‍മാതാവിന്‍റെ പ്രതികരണത്തിന്‍റെയും സ്ക്രീന്‍ ഷോട്ട് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്

മമ്മൂട്ടിയെ നായകനാക്കി ടി എസ് സുരേഷ് ബാബു സംവിധാനം ചെയ്ത് 1999 ല്‍ പുറത്തെത്തിയ ചിത്രമാണ് സ്റ്റാലിന്‍ ശിവദാസ്. ഒരു പൊളിറ്റിക്കൽ ക്രൈം ചിത്രമായി പുറത്തിറങ്ങിയ സിനിമയ്ക്ക് തിയേറ്ററിൽ വിജയിക്കാനായില്ല. നടൻ കൂടിയായ ദിനേശ് പണിക്കർ ആയിരുന്നു ഈ ചിത്രം നിർമിച്ചത്. ഇപ്പോഴിതാ ഈ സിനിമയെക്കുറിച്ച് ദിനേശ് പണിക്കർ പറഞ്ഞ വാക്കുകളും അതിന് ലഭിച്ച കമന്റുകളുമാണ് ചിരിപടർത്തുന്നത്.

'1999 ൽ ഏറെ പ്രതീക്ഷയോടെ ഞാൻ നിർമ്മിച്ച, ഒരു രാഷ്ട്രീയ പശ്ചാത്തലം ഉള്ള ആദ്യം ചെങ്കൊടി എന്ന് പേരിട്ട ടി എസ് സുരേഷ് ബാബു സംവിധാനം ചെയ്ത, പിന്നീട് സ്റ്റാലിൻ ശിവദാസ് എന്ന പേരിൽ റിലീസ് ചെയ്ത മമ്മൂട്ടി ചിത്രം. വിജയിച്ചിത്രമായില്ലെങ്കിലും സ്റ്റാലിൻ ശിവദാസ് എനിക്ക് തൻകുഞ്ഞ് പൊൻകുഞ്ഞ് തന്നെയാണ്. ഖുശ്ബു, നെടുമുടി വേണു, ക്യാപ്റ്റൻ രാജു, ശങ്കർ, മധുപാൽ, മധു സാര്‍, മണിയൻ പിള്ള രാജു എന്ന വലിയൊരു താരനിര തന്നെ സിനിമയിൽ ഉണ്ടായിരുന്നു', എന്നായിരുന്നു പി ദിനേശ് പണിക്കരുടെ ഫേസ്ബുക്ക് പോസ്റ്റ്. എന്നാല്‍ പടം ഫ്ലോപ്പ് ആയിരുന്നില്ലെന്നും നിര്‍മാതാവിന് മുടക്കിയ പണം തിരികെ കിട്ടിയിരുന്നു എന്നുമായിരുന്നു ഈ പോസ്റ്റിന് താഴെ വന്ന ഒരു കമന്‍റ്.

ഇത് നിര്‍മാതാവ് തന്നെ ഇട്ട പോസ്റ്റ് ആണെന്ന് പലരും പ്രതികരണവുമായി എത്തിയതിന് പിന്നാലെ ദിനേശ് പണിക്കര്‍ തന്നെ ഇതിന് മറുപടിയുമായി എത്തി. 'താങ്കളോട് ഇത് ആര് പറഞ്ഞു? ഈ സിനിമയുടെ നിര്‍മാതാവ് ഞാന്‍ തന്നെയാണ്. നഷ്ടം സഹിച്ചത് ഞാനാണ്', എന്നായിരുന്നു അദ്ദേഹത്തിന്‍റെ മറുപടി. പിന്നാലെ ക്ഷമ ചോദിച്ചുകൊണ്ട് കമന്‍റ് ഇട്ടയാളും എത്തി. ഈ കമന്‍റിന്‍റെയും നിര്‍മാതാവിന്‍റെ പ്രതികരണത്തിന്‍റെയും സ്ക്രീന്‍ ഷോട്ട് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. താങ്കള്‍ക്ക് 60 ലക്ഷം രൂപ നഷ്ടപ്പെട്ടു എന്ന മറ്റൊരു കമന്‍റിന് ‘അതെ’ എന്ന് ദിനേശ് പണിക്കര്‍ പ്രതികരിച്ചിട്ടുണ്ട്.

ടി ദാമോദരൻ തിരക്കഥ എഴുതിയ സിനിമയിൽ മധു, ജഗദീഷ്, ക്യാപ്റ്റൻ രാജു, ഖുശ്‌ബു, സായി കുമാർ തുടങ്ങി വലിയ താരനിര തന്നെയുണ്ടായിരുന്നു. സിനിമയുടെ ഛായാഗ്രഹണം സഞ്ജീവ് ശങ്കർ നിർവഹിച്ചപ്പോൾ എഡിറ്റിംഗ് എ ശ്രീകർ പ്രസാദ് കൈകാര്യം ചെയ്തു.

Content Highlights: Producer dinesh paniker comment about Mammootty film goes viral

To advertise here,contact us