കെജിഎഫ് എന്ന ബ്രഹ്മാണ്ഡ സിനിമയ്ക്ക് ശേഷം യഷ് നായകനായി എത്തുന്ന ചിത്രമാണ് 'ടോക്സിക്'. ഗീതു മോഹൻദാസ് ആണ് സിനിമ സംവിധാനം ചെയ്യുന്നത്. ഇപ്പോഴിതാ സിനിമയുടെ ടീസർ പുറത്തുവന്നിരിക്കുകയാണ്. സിനിമയുടെ ടീസറിന് പിന്നാലെ ചൂടുപിടിച്ച ചർച്ചകളാണ് സോഷ്യൽ മീഡിയയിൽ നടക്കുന്നത്. അതിന് കാരണം ടോക്സിക്കിനൊപ്പം ഇറങ്ങുന്ന മറ്റൊരു പാൻ ഇന്ത്യൻ സിനിമയാണ്.
മാർച്ച് 19 നാണ് ടോക്സിക് നിലവിൽ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ ഇതേ ഡേറ്റിൽ തന്നെയാണ് രൺവീർ സിംഗ് ചിത്രം ധുരന്ദറും റിലീസിനെത്തുന്നത്. വലിയ പ്രതീക്ഷയിൽ വമ്പൻ ബജറ്റിൽ എത്തുന്ന ഇരുസിനിമകൾക്കും കാത്തിരിക്കുന്നവർ ഏറെയാണ്. മാർച്ച് 19 ന് ബോക്സ് ഓഫീസിൽ തീപാറും എന്നാണ് പ്രേക്ഷകർ എക്സിൽ കുറിക്കുന്നത്. ഈ ക്ലാഷിൽ യഷ് ആണോ രൺവീർ ആണോ ജയിക്കുന്നതെന്ന് കാണാൻ ആകാംഷയുണ്ടെന്നാണ് മറ്റൊരു കമന്റ്. രൺവീർ സിങ്ങിനെ നായകനാക്കി ആദിത്യ ധർ സംവിധാനം ചെയ്ത മാസ്സ് ആക്ഷൻ ത്രില്ലർ ചിത്രമാണ് ‘ധുരന്ദർ’. മികച്ച പ്രതികരണങ്ങൾ നേടി സിനിമ ഇപ്പോൾ തിയേറ്ററിൽ മുന്നേറുകയാണ്. റീലീസ് ചെയ്ത് ചിത്രം ഒരു മാസത്തിനോട് അടുക്കുമ്പോൾ ഞെട്ടിക്കുന്ന കളക്ഷൻ ആണ് ചിത്രം നേടുന്നത്. ആഗോളതലത്തിൽ സിനിമ 1000 കോടി ക്ലബ്ബിൽ ഇടം നേടി കഴിഞ്ഞു.
ആദ്യം പതിയെ തുടങ്ങിയ സിനിമ പിന്നീട് വലിയ മുന്നേറ്റമാണ് നടത്തിയത്. ഹിന്ദി സിനിമയിലെ നിലവിലെ റെക്കോർഡുകൾ എല്ലാം ധുരന്ദർ തകർത്തെറിഞ്ഞ് കഴിഞ്ഞു. ഇന്ത്യയിൽ നിന്ന് ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ഹിന്ദി ചിത്രമായി മാറിയിരിക്കുകയാണ് ധുരന്ദർ. ചിത്രത്തിന്റെ നിർമാതാക്കൾ തന്നെയാണ് വിവരം പങ്കുവെച്ചിരിക്കുന്നത്. ജിയോ സ്റ്റുഡിയോസ് , ബി62 സ്റ്റുഡിയോസ് എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രത്തിൽ സഞ്ജയ് ദത്ത്, അക്ഷയ് ഖന്ന, ആർ മാധവൻ, അർജുൻ രാംപാൽ എന്നിവരും നിർണ്ണായക വേഷങ്ങളിലെത്തുന്നു. അതേസമയം, കെജിഎഫ് എന്ന ബ്രഹ്മാണ്ഡ വിജയത്തിന് ശേഷമെത്തുന്ന യഷ് ചിത്രമായതിനാൽ ടോക്സിക്കിനും പ്രതീക്ഷകൾ ഏറെയാണ്.
പക്കാ ഹോളിവുഡ് സിനിമയെന്ന് തോന്നിപ്പിക്കുന്ന തരം വിഷ്വലുകൾ ആണ് സിനിമയിൽ ഉള്ളതെന്ന സൂചനയാണ് ടീസർ നൽകുന്നത്.
The Next biggest Pan Indian clash 🤜🤛#Dhurandhar2 Vs #Toxic🔥 pic.twitter.com/8b9gIb4y6o
പ്രേക്ഷകരെ ഒന്നടങ്കം ഞെട്ടിക്കുന്ന തരത്തിലാണ് യഷിന്റെ ഇൻട്രോ ഒരുക്കിയിരിക്കുന്നത്. സിനിമ ഒരേസമയം കന്നഡയിലും ഇംഗ്ലീഷിലുമാണ് ഒരുങ്ങുന്നത്. ടോക്സിക് പറയുന്ന കഥയ്ക്ക് ആഗോള സ്വഭാവമുളളതിനാൽ ഇതൊരു പാൻ വേൾഡ് സിനിമയായി ഒരുക്കുക എന്ന തീരുമാനത്തിലാണ് അണിയറപ്രവർത്തകർ. ഇതിനാലാണ് കന്നഡയിലും ഇംഗ്ലീഷിലും ഒരേസമയം ചിത്രീകരിക്കുന്നത് എന്നാണ് റിപ്പോർട്ട്. കെ വി എൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ വെങ്കട്ട് കെ നാരായണയും മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും ചേർന്നാണ് ടോക്സിക് നിർമ്മിക്കുന്നത്. യഷിന്റെ 19-ാം സിനിമയാണിത്. 'എ ഫെയറി ടെയിൽ ഫോർ ഗ്രോൺ-അപ്സ്' എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈൻ.
Content Highlights: Ranveer singh film dhurandhar and yash film Toxic to clash on march