ബ്രഹ്മാണ്ഡ ആക്ഷൻ ചിത്രവുമായി റോയൽ സിനിമാസ്, നായകനായി ശിവജിത്ത്; ചിത്രമൊരുങ്ങുന്നത് 6 ഭാഷകളിൽ

'വീരം', 'എ.ആർ.എം' എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തനായ പി.വി. ശിവകുമാർ ഗുരുക്കളാണ് ചിത്രത്തിന്‍റെ മാർഷൽ ആർട്സ് കോർഡിനേറ്റർ

ഇന്ത്യൻ ആക്ഷൻ സിനിമയുടെ ചരിത്രം മാറ്റിയെഴുതാൻ ഒരുങ്ങുന്ന പുതിയ ബ്രഹ്മാണ്ഡ സിനിമ വരുന്നു. 'എ.ആർ.എം' (ARM), 'പെരുങ്കളിയാട്ടം' എന്നീ ശ്രദ്ധേയമായ ചിത്രങ്ങളുടെ സംവിധാന സഹായിയായിരുന്ന അഭിനവ് ശിവൻ ആദ്യമായി സ്വതന്ത്ര സംവിധായകനാകുന്ന ബിഗ് ബജറ്റ് ചിത്രമാണിത്. മലയാള സിനിമയെ ആഗോളതലത്തിൽ എത്തിക്കുന്ന രീതിയിലുള്ള ഒരു പാൻ-ഇന്ത്യൻ ആക്ഷൻ വിരുന്നായിരിക്കും ഈ ചിത്രം എന്നാണ് സൂചന. റോയൽ സിനിമാസിന്‍റെ ബാനറിൽ സി എച്ച് മുഹമ്മദാണ് സിനിമയുടെ നിർമ്മാണം. ഇംഗ്ലീഷ്, മലയാളം, ഹിന്ദി, തെലുങ്ക്, കന്നഡ, തമിഴ് ഭാഷകളിലാണ് ചിത്രമെത്തുന്നത്.

ഒട്ടേറെ സിനിമകളിൽ കഥാപാത്രങ്ങൾക്കായി ഏത് കഠിനമായ ശാരീരിക മാറ്റങ്ങൾക്കും തയ്യാറായ നടൻ ശിവജിത്താണ് ഈ ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നത്. അദ്ദേഹത്തിന്‍റെ കരിയറിലെ ഏറ്റവും വലിയ വേഷമായിരിക്കും ഇത് എന്നാണ് റിപ്പോർട്ടുകള്‍. അഭിനവ് ശിവന്‍റെ കാഴ്ചപ്പാടിൽ ഒരുങ്ങുന്ന ഈ ചിത്രം ആക്ഷനും വൈകാരികതയ്ക്കും ഒരുപോലെ പ്രാധാന്യം നൽകുന്ന ഒന്നായിരിക്കുമെന്നാണ് സൂചന.

ലോകസിനിമയിലെ തന്നെ ഇതിഹാസങ്ങളായ ദി ലോർഡ് ഓഫ് ദി റിംഗ്സ്, പൈറേറ്റ്സ് ഓഫ് ദി കരീബിയൻ, ദി മാട്രിക്സ് എന്നീ ചിത്രങ്ങളിൽ പ്രവർത്തിച്ച ഹോളിവുഡ് സ്റ്റണ്ട് ഡയറക്ടർ ആൻഡ്രൂ സ്റ്റെഹ്‌ലിൻ ആണ് ഈ ചിത്രത്തിന്‍റെ ആക്ഷൻ രംഗങ്ങൾ ഒരുക്കുന്നത്. ഇന്ത്യൻ സിനിമയിൽ മുമ്പ് കണ്ടിട്ടില്ലാത്ത വിധത്തിലുള്ള അതിശയിപ്പിക്കുന്ന സംഘട്ടന രംഗങ്ങൾ ഇതിലൂടെ പ്രേക്ഷകർക്ക് മുന്നിലെത്താനായി ഒരുങ്ങുകയാണ്.

ഹോളിവുഡ് ആക്ഷനൊപ്പം തന്നെ നമ്മുടെ തനത് ആയോധനകലയായ കളരിപ്പയറ്റും ചിത്രത്തിന്‍റെ പ്രധാന ആകർഷണമാണ്. 'വീരം', 'എ.ആർ.എം' എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തനായ പി.വി. ശിവകുമാർ ഗുരുക്കളാണ് ചിത്രത്തിന്‍റെ മാർഷൽ ആർട്സ് കോർഡിനേറ്റർ. അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്റ്റണ്ടുകളും ഇന്ത്യൻ ആയോധനകലയും ചേർന്ന ഒരു ദൃശ്യവിരുന്നായിരിക്കും ചിത്രം സമ്മാനിക്കുകയെന്നാണ് പ്രതീക്ഷ. ഇന്ത്യയിലെയും വിദേശത്തെയും പ്രഗത്ഭരായ സാങ്കേതിക പ്രവർത്തകർ അണിനിരക്കുന്ന ഈ ചിത്രം, ഒരു സിനിമ എന്നതിലുപരി ഒരു ആഗോള ആക്ഷൻ ഇവന്‍റ് തന്നെയായി മാറാനാണ് ലക്ഷ്യമിടുന്നത്. ചിത്രത്തിന്‍റെ പേരും മറ്റ് വിവരങ്ങളും ഉടൻ പുറത്തുവിടുമെന്നാണ് അണിയറപ്രവർത്തകർ അറിയിച്ചു.

രചയിതാക്കള്‍ ലുക്മാൻ ഊത്താല, മജീദ് യോർദാൻ, ഡിഒപി രൂപേഷ് ഷാജി, എഡിറ്റർ സൈജു ശ്രീധരൻ, സംഗീതം നെസർ അഹമ്മദ്, മേക്കപ്പ് രഞ്ജിത്ത് അമ്പാടി, ആക്ഷൻ കോറിയോഗ്രാഫർ പിവി ശിവകുമാർ ഗുരുക്കള്‍, സൗണ്ട് ഡിസൈനേഴ്സ് പിഎം സതീഷ്, മനോജ് എം ഗോസ്വാമി, ആക്ഷൻ ഡയറക്ടർ ആൻഡ്രൂ സ്ഥെലിൻ, പ്രൊഡക്ഷൻ ഡിസൈനർ രഞ്ജിത്ത് കോത്താരി, കോസ്റ്റ്യൂം ഡോണ മരിയൻ ജോസഫ്, കാസ്റ്റിങ് ഡയറക്ടർ ഭരത് ഗോപിനാഥൻ, പബ്ലിസിറ്റഇ ഡിസൈൻസ് ഡ്രിപ് വേവ് കളക്ടീവ്, പിആർഒ ആതിര ദിൽജിത്ത്.

Content Highlights: Royal Cinemas with an action film, Sivajith as the hero film is being made in 6 languages

To advertise here,contact us