ആദ്യം ചോദിച്ചത് എനിക്ക് ഭ്രാന്താണോയെന്ന്, തുടർച്ചയായി പുകവലിച്ചുകൊണ്ടാണ് അക്ഷയ് ഖന്ന കഥകേട്ടത്; മുകേഷ് ഛബ്ര

'നാലുമണിക്കൂർ ഓഫീസിൽ ഇരുന്നു. കഥ പറയുന്നത് അക്ഷയ് ഖന്ന നിശബ്ദമായി കേട്ടു. അതിനിടെ നിരന്തരം പുകവലിച്ചുകൊണ്ടിരുന്നു'

രൺവീർ സിങ്ങിനെ നായകനാക്കി ആദിത്യ ധർ സംവിധാനം ചെയ്ത മാസ്സ് ആക്ഷൻ ത്രില്ലർ ചിത്രമാണ് ‘ധുരന്ദർ’. മികച്ച പ്രതികരണങ്ങൾ നേടി സിനിമ ഇപ്പോൾ തിയേറ്ററിൽ മുന്നേറുകയാണ്. സിനിമയിലെ അക്ഷയ് ഖന്നയുടെ പ്രകടനത്തിന് മികച്ച അഭിപ്രായമായിരുന്നു ലഭിച്ചിരുന്നത്. എന്നാൽ അക്ഷയ് ഖന്നയെ സിനിമയിലേക്ക് കൊണ്ടുവരാൻ താൻ ഒരുപാട് കഷ്ടപ്പെട്ടുവെന്ന് പറയുകയാണ് കാസ്റ്റിങ് ഡയറക്ടർ മുകേഷ് ഛബ്ര. സിനിമ ആദ്യം ചെയ്യാൻ അക്ഷയ് വിസമ്മതിച്ചിരുന്നുവെന്നും നിർബന്ധിച്ചാണ് അദ്ദേഹത്തോട് സിനിമയുടെ കഥ കേൾക്കാൻ ആവശ്യപ്പെട്ടതെന്നും മുകേഷ് ഛബ്ര പറഞ്ഞു. സിനിമയുടെ കഥ കേട്ട് കഴിയുന്ന വരെ അക്ഷയ് ഖന്ന പുകവലിച്ചു കൊണ്ടിരിക്കുകയായിരുന്നുവെന്നും മുകേഷ് പറഞ്ഞു.

'ഞാൻ കാസ്റ്റിങ് ഡയറക്ടറായി എത്തുമ്പോഴേക്കും രൺവീർ സിങ്ങിനെ നായകനായി ഉറപ്പിച്ചിരുന്നു. ആദ്യമേ തന്നെ വലിയൊരു താരമുള്ളതുകൊണ്ട്, അത്രയും മൂല്യമുള്ള കൂടുതൽ താരങ്ങളെ കിട്ടുമോ എന്ന കാര്യത്തിൽ സംശയമുണ്ടായിരുന്നു. പക്ഷേ കാസ്റ്റിങ്ങിനെക്കുറിച്ച് എനിക്ക് വലിയ ആശയങ്ങളുണ്ടായിരുന്നു. അതുകേട്ടപ്പോൾ സംവിധായകൻ ആദിത്യ ധർ പോലും കരുതിയത് എനിക്ക് ഭ്രാന്താണെന്നാണ്. അക്ഷയ് ഖന്ന സിനിമയോട് ഓകെ പറയുമെന്ന് അണിയറപ്രവർത്തകർ ആരും കരുതിയിരുന്നില്ല. അക്ഷയ് ചെയ്യുമെന്ന് ഞാൻ ഉറപ്പിച്ചുപറഞ്ഞു.

ഒടുവിൽ ഞാൻ അദ്ദേഹത്തെ വിളിച്ചു. ഈ സിനിമയെക്കുറിച്ച് പറഞ്ഞപ്പോൾ അദ്ദേഹത്തിന്റെ ആദ്യപ്രതികരണം 'നിങ്ങൾക്ക് ഭ്രാന്താണോ'? എന്നായിരുന്നു. ഒരു തവണയെങ്കിലും കഥ കേൾക്കാൻ ഞാൻ പറഞ്ഞു. നിരന്തരമായ ശ്രമങ്ങൾക്കുശേഷം കഥ കേൾക്കാമെന്ന് അദ്ദേഹം സമ്മതിച്ചു. മുംബൈയിൽ അല്ല ഞാൻ താമസിക്കുന്നതെന്ന് അക്ഷയ് ഞങ്ങളോട് പറഞ്ഞു. എവിടെവെച്ച് കാണണമെന്ന് ചോദിക്കുകയും ചെയ്തു. ഒടുവിൽ ഞങ്ങളുടെ ഓഫീസിലേക്ക് വരാമെന്ന് അദ്ദേഹം പറഞ്ഞു.

സ്വയം കാറോടിച്ചാണ് അക്ഷയ് വരുന്നത്. നാലുമണിക്കൂർ ഓഫീസിൽ ഇരുന്നു. കഥ പറയുന്നത് നിശബ്ദമായി കേട്ടു. അതിനിടെ നിരന്തരം പുകവലിച്ചുകൊണ്ടിരുന്നു. കഥ കേട്ടുകഴിഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞു, 'ഇത് വളരെ നന്നായിട്ടുണ്ട്. നല്ല രസമായിരിക്കും ബ്രോ' എന്ന്. അതിനുശേഷവും രണ്ടുദിവസത്തേക്ക് അനിശ്ചിതാവസ്ഥയായിരുന്നു. അതുകഴിഞ്ഞ് അദ്ദേഹം എന്നെ വിളിച്ചു, നമുക്കിത് ചെയ്യാമെന്ന് പറഞ്ഞപ്പോഴാണ് സമാധാനമായത്,' മുകേഷ് പറഞ്ഞു.

അതേസമയം, ആഗോളതലത്തിൽ സിനിമ 1000 കോടി ക്ലബ്ബിൽ ഇടം നേടി കഴിഞ്ഞു. സിനിമയ്ക്ക് വമ്പൻ ഒടിടി ഡീൽ ലഭിച്ചതായി റിപ്പോട്ടുകൾ ഉണ്ട്. 285 കോടി രൂപയ്ക്ക് സിനിമയുടെ ഒ ടി ടി റൈറ്റ്സ് നെറ്ഫ്ലിക്സ് സ്വന്തമാക്കിയെന്നാണ് റിപ്പോർട്ടുകൾ. അങ്ങനെയെങ്കിൽ ഒരു ബോളിവുഡ് സിനിമയ്ക്ക് ലഭിക്കുന്ന ഏറ്റവും വലിയ ഡീൽ ആണിത്. സിനിമയുടെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. ഹിന്ദി, തെലുങ്ക്, കന്നഡ, മലയാളം, തമിഴ് എന്നീ ഭാഷകളിലായി 2026 മാർച്ച് 19 ന് ചിത്രം തിയേറ്ററുകളിൽ എത്തും. കേരളത്തിലും വലിയ വരവേൽപ്പാണ് സിനിമയ്ക്ക് ലഭിച്ചത്.

Content Highlights: Mukesh Chhabra reveals Akshaye Khanna was initially hesitant to take up ‘Durandar’

To advertise here,contact us