മലയാളി സിനിമാപ്രേമികൾ ഒരുപോലെ കാത്തിരിക്കുന്ന സിനിമയാണ് അർജുൻ അശോകൻ ചിത്രമായ ചത്താ പച്ച- റിങ് ഓഫ് റൗഡിസ്. മലയാളത്തിലെ ആദ്യത്തെ മുഴുനീള WWE സ്റ്റൈൽ ആക്ഷൻ ചിത്രമായാണ് സിനിമ ഒരുങ്ങുന്നത്. മമ്മൂട്ടിയുടെ കാമിയോയും സിനിമയിൽ ഉണ്ട്. സിനിമയുടെ റിലീസ് തീയതി പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോൾ. ജനുവരി 22 ന് ചിത്രം തിയേറ്ററുകളിൽ എത്തും. നവാഗതനായ അദ്വൈത് നായർ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
പാൻ ഇന്ത്യൻ റെസ്ലിങ് ആക്ഷൻ കോമഡി എന്റർടെയ്നർ ആയി ഒരുക്കുന്ന ഈ ചിത്രം, ട്രാൻസ് വേൾഡ് ഗ്രൂപ്, ലെൻസ്മാൻ ഗ്രൂപ്പ് എന്നിവർ കൂടി ചേർന്ന് രൂപം നൽകിയ റീൽ വേൾഡ് എന്റർടെയ്ൻമെന്റ് ആണ് നിർമ്മിക്കുന്നത്. ട്രാൻസ് വേൾഡ് ഗ്രൂപ്പിന്റെ രമേഷ്, റിതേഷ് രാമകൃഷ്ണൻ, ലെൻസ്മാൻ ഗ്രൂപ്പിന്റെ ഷിഹാൻ ഷൌക്കത്ത് എന്നിവർക്കൊപ്പം ഈ ചിത്രത്തിന്റെ നിർമ്മാണ പ്രക്രിയയിൽ, മമ്മൂട്ടി കമ്പനിയുടെ നേതൃനിരയിലുള്ള എസ് ജോർജ്, സുനിൽ സിങ് എന്നിവരും പങ്കാളികളാകുന്നുണ്ട്. അർജുൻ അശോകൻ, റോഷൻ മാത്യു, ഇഷാൻ ഷൗക്കത്, വിശാഖ് നായർ എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ആഗോള തലത്തിൽ കോടികണക്കിന് ആരാധകരുള്ള റിങ് റെസ്ലിംഗ് കഥാപാത്രങ്ങളിൽ നിന്നും അതിന്റെ ആരാധകരിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് ഒരുക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് ജീത്തു ജോസഫിന്റെ സംവിധാന സഹായിയായിരുന്ന അദ്വൈത് നായർ ആണ്. സൂപ്പർ താരം മോഹൻലാലിന്റെ അനന്തരവനായ അദ്വൈതിന്റെ കന്നി സംവിധാന സംരംഭം കൂടിയാണ് 'ചത്താ പച്ച- റിങ് ഓഫ് റൗഡിസ്'. ഫോർട്ട് കൊച്ചിയിലുള്ള ഒരു അണ്ടർ ഗ്രൗണ്ട് WWE സ്റ്റൈൽ റെസ്ലിങ് ക്ലബും അവിടെയെത്തുന്ന കഥാപാത്രങ്ങളെയും അടിസ്ഥാനമാക്കിയാണ് ചിത്രത്തിന്റെ കഥ പറയുന്നത്.
പാൻ ഇന്ത്യൻ ചിത്രമായ ചത്താ പച്ചയുടെ വിതരണാവകാശം നേടിയിരിക്കുന്നത് വേഫറർ ഫിലിംസ് ആണ്. ചിത്രത്തിൻ്റെ തമിഴ് നാട്, കർണാടക റിലീസ് കൈകാര്യം ചെയ്യുന്നത് പി വി ആർ ഐനോക്സ് പിക്ചേഴ്സ് ആണ്. മലയാള സിനിമയിൽ ആദ്യമായി ശങ്കർ–എഹ്സാൻ–ലോയ് സംഗീതം ഒരുക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.
Content Highlights: Mammootty's cameo, Chatha Pacha release date out